വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരത്തെ വിഴുക്കം ഗ്രാമത്തിലെ സെല്ലിയമ്മന്‍ ദേവി ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം നടത്തിയ സംഭവം അനുരഞ്ജന ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ്. ഏപ്രില്‍ 30ന് ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം അശുദ്ധമായെന്ന് കാണിച്ച് പുണ്യാഹം നടത്തിയത്. എന്നാല്‍ പ്രശ്‌നം പരിഹരിച്ചെന്നും നിലവില്‍ ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശം ആവശ്യപ്പെട്ട് ദലിത് സമുദായക്കാര്‍ പരാതി നല്‍കുകയായിരുന്നു. തിണ്ടിവാനത്തെ തീവാനൂര്‍ ബ്ലോക്കില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ വിവിധ സമുദായങ്ങളിലായി ആയിരത്തോളം കുടുംബങ്ങളുണ്ട്. 2013ല്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതുവരെ ഐക്യത്തോടെയാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞിരുന്നതെന്നും എന്നാല്‍ ക്ഷേത്ര നിര്‍മ്മാണ ഫണ്ട് രൂപികരിച്ചപ്പോള്‍ ദലിതരെ ഒഴിവാക്കിയതാണ് പ്രശ്‌നത്തിന് തുടക്കമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സവര്‍ണ ജാതിക്കാര്‍ ദലിതര്‍ നല്‍കിയ ഒരു ലക്ഷം രൂപയുടെ ഫണ്ട് നിരസിക്കുകയായിരുന്നു. ‘അപ്പോഴും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ ഏപ്രില്‍ 29ന് ക്ഷേത്രം ഉദ്ഘാടനത്തിന് അവര്‍ ദലിതരെ പ്രവേശിക്കാന്‍ അനുവദിച്ചില്ല,- കോളനി നിവാസിയും ഗ്രാമത്തിന്റെ മുന്‍ യൂണിയന്‍ പ്രസിഡന്റുമായ എം ചന്ദ്രകാന്തന്‍ പറഞ്ഞു. ദലിതരുടെ ദേവിയാണ് സെല്ലിയമ്മ. ആചാര പ്രകാരം ഉത്സവങ്ങളിലടക്കം ദേവിക്കുള്ള ആദ്യ വഴിപാട് ദലിത്‌സമുദായത്തിലെ അംഗങ്ങള്‍ നല്‍കേണ്ടതാണ്. ജില്ലയിലുടനീളം ഈ രീതി പിന്തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിയ ക്ഷേത്രത്തില്‍ ഇത് അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്ഷേത്രം തങ്ങളുടേതായതിനാലാണ് ദലിതരില്‍ നിന്ന് പണം സ്വീകരിക്കാത്തതെന്നും പ്രവേശനം തടഞ്ഞിട്ടില്ലെന്നുമാണ് ക്ഷേത്രഭാരവാഹിയായ വി അണ്ണാമലൈ പ്രതികരിച്ചത്.
ക്ഷേത്രത്തില്‍ ദലിതര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പുണ്യാഹം: ചര്‍ച്ചയിലൂടെ പരിഹരിച്ചതായി പോലീസ്
