സര്‍ക്കാറിന്റെ കരുതലിന് അതിഥിതൊഴിലാളികളുടെ കൈത്താങ്ങ്

തൃശൂര്‍: കോവിഡ് മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി ബംഗാള്‍ സ്വദേശികളായ നജീര്‍മിയ, സാഫി ഹസ്സന്‍, ജാനേ മണ്ഡല്‍, ഷമിം മണ്ഡല്‍, നൂറുല്‍, സുജിത്ത്, മൊയ്തുല്‍, ജഷിം എന്നിവരുടെ കൂട്ടായ്മയെത്തിയത് ശ്രദ്ധേയമായി. ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കഴിമ്പ്രം സ്വദേശിയായ സജീഷ് പുളിക്കലിന് കീഴില്‍ ജോലി ചെയ്തുവരുന്ന നിര്‍മാണ തൊഴിലാളികളാണ് സംസ്ഥാനസര്‍ക്കാറിന്റെ വാക്‌സിന്‍ ചലഞ്ചിലേക്ക് 5000രൂപ സംഭാവന നല്‍കിയത്. പത്ത് വര്‍ഷമായി നാട്ടികയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ചാഴൂര്‍ പഞ്ചായത്തിലെ പുള്ളിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നടന്ന ചടങ്ങില്‍ തുക നാട്ടിക എം.എല്‍.എ സി.സി.മുകുന്ദന് കൈമാറി. ചാഴൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ഷില്ലി മധു, ഷൈജു സായ്‌റാം തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →