അമൃത്സർ: 2022 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസിന് തലവേദനയാകുകയാണ് പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ. ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന കോൺഗ്രസിന് കർഷക സമരമുൾപ്പടെ അനുകൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും പാർട്ടിക്കുള്ളിലെ ഇരു ചേരികൾക്കിടയിലുള്ള അസ്വാരസ്യങ്ങൾ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻനിര നേതാവുമായ നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര തർക്കങ്ങളാണ് കോൺഗ്രസിനു മുന്നിലെ പുതിയ വെല്ലുവിളി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ നിർണായക തിരുമാനത്തിനൊരുങ്ങുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം എന്നാണ് പുതിയ റിപ്പോർട്ടുകൾ.
പാർട്ടി പ്രവർത്തകരെ ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ഭാഗമായി നവ്ജ്യോത് സിങ് സിദ്ദുവിനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം തുടങ്ങിയതായാണ് ചില ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖറെ മാറ്റാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്. സുനിൽ ജാഖർ കാലാവധി പൂർത്തിയാക്കിയെങ്കിലും തുടരാൻ ഹൈക്കമാൻഡ് നിർദേശിക്കുകയായിരുന്നു. സിദ്ദുവിനു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കും നോട്ടമുണ്ട്.
2017 ൽ പത്തുവർഷത്തെ ബിജെപി-അകാലിദൾ സഖ്യത്തിന്റെ ഭരണത്തിന് തടയിട്ടാണ് അമരീന്ദർ സിംഗിന്റ നേതൃത്വത്തിൽ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലേറിയത്. 117 അംഗ നിയമസഭയിൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരം പിടിച്ചത്. ഇത്തവണയും ഭരണം നിലനിർത്തുമെന്ന് നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് വെല്ലുവിളി തീർക്കുന്നത്.
മുഖ്യമന്ത്രി അമരീന്ദറും നവജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള തർക്കങ്ങൾ നേരത്തേ തന്നെ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. അമരീന്ദറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സിദ്ധു മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
തുടർന്ന് ഏറെ കാലം കോൺഗ്രസുമായി അകന്ന് കഴിയുകയായിരുന്നു സിദ്ധു. ഇതോടെ സിദ്ധു ബിജെപിയിലേക്കോ ആം ആദ്മിയിലേക്കോ ചേർന്നേക്കുമെന്നുള്ള ചർച്ചകളും ശക്തമായിരുന്നു. തുടർന്ന് കോൺഗ്രസ് ഹൈക്കമാന്റ് ഇടപെട്ടാണ് സിദ്ധുവിനെ മടക്കിയെത്തിയെച്ചത്. തിരിച്ചെത്തിയെങ്കിലും പ്രത്യേക പദവികളൊന്നും സിദ്ധുവിന് നൽകിയിരുന്നില്ല.
ഇപ്പോൾ സിദ്ധു ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം അടുത്ത തിരഞ്ഞെടുപ്പിനെ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ നേരിടരുതെന്നാണ്. അമരീന്ദറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങിയാൽ തിരിച്ചടിയാകും ഫലമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബർഗാരി കേസിലെയും തുടർന്ന് കോട്കാപുരയിലുണ്ടായ പോലീസ് വെടിവയ്പ്പിലെയും പ്രധാന പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതും മയക്കുമരുന്ന് മാഫിയയ്ക്ക് തടയിടാൻ സാധിച്ചില്ലെന്നതുമാണ് നേതാക്കൾ അമരീന്ദറിനെതിരെ ഉയർത്തുന്ന പ്രധാന ആക്ഷേപം. കേസിൽ പ്രധാന പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അമരീന്ദർ സ്വീകരിക്കുന്നതെന്നാണ് നേതാക്കൾ കുറ്റപ്പെടുത്തുന്നത്.
ഇക്കാര്യങ്ങൾ ഉയർത്തിയാണ് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതിനാൽ ജനങ്ങൾക്ക് മുൻപിൽ മറുപടി പറയേണ്ടി വരുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ തർക്ക പരിഹാരത്തിന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ളതാണ് സമിതി.
മൂന്നാംഗ സമിതി എല്ലാ സംസ്ഥാന നേതാക്കളുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി നടത്തി വരികയായിരുന്നു. നവജ്യോത് സിംഗ് സിദ്ധു ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനോടകം തന്നെ സമിതിക്ക് മുൻപിൽ എത്തി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 04/06/21 വെളളിയാഴ്ച മുഖ്യമന്ത്രി അമരീന്ദർ സിംഗും സമിതിക്ക് മുൻപിൽ ഹാജരായി.
മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ,പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായുള്ള വെർച്വൽ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമിതി അമരീന്ദർ സിംഗുമായി ചർച്ച നടത്തിയത് എന്നാണ് വിവരം. ഇത് പ്രകാരം പ്രശ്ന പരിഹാരത്തിനായി സംഘടന തലത്തിൽ ഉൾപ്പെടെയുള്ള പൊളിച്ചെഴുത്ത് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.

