തിരുവനന്തപുരം: പുകയില ഉപയോഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്ജമാക്കിയ ക്വിറ്റ് ലൈന്‍ 31/05/21 തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 എന്നീ നമ്പറുകള്‍ വഴി ഈ ക്വിറ്റ് ലൈനെ സമീപിക്കാന്‍ കഴിയും. ഇതിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും.
ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും നല്‍കുന്നതായിരിക്കും. ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴിയും പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ആരംഭിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

