കൊവിഡിന്റെ ഉറവിടം: ലോകാരോഗ്യ സംഘടനയുടെ സമഗ്ര അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ്- 19 ന്റെ ഉറവിടത്തെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സമഗ്ര അന്വേഷണത്തെ പിന്തുണച്ച് ഇന്ത്യ.കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് 90 ദിവസത്തിനകം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതിന്റെ പിന്നാലെയാണ് ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ നടപടിയെ പിന്തുണച്ചിരിക്കുന്നത്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് ചൈനയും സമ്മതം മൂളിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തിന്റെ ഉദ്ഘാടന സെഷനിലാണ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങ് പ്രമേയത്തെ അനുകൂലിച്ചത്. ഏഴ് പേജുള്ള പ്രമേയത്തിന് 35 രാജ്യങ്ങളും, 27 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാദ്യമായാണ് കൊവിഡിന്റെ ഉറവിടത്തെച്ചൊല്ലിയുള്ള വിവാദങ്ങളിലും ചര്‍ച്ചകളിലും അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഒരു നിലപാട് സ്വീകരിക്കുന്നത്. കൊവിഡിനെ നേരിടുന്നതിലാണ് നിലവില്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്നും മറ്റ് വിവാദങ്ങളെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ നിലപാട്. ചൈനയിലെ വുഹാനില്‍ നിന്നാണ് കൊവിഡിന്റെ തുടക്കമെങ്കിലും രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രണ്ട് സാധ്യതകളാണ് പ്രധാനമായും മുന്നിലുള്ളത്. മൃഗങ്ങളിലൂടെയും ലബോറട്ടറി അപകടത്തിലൂടെയും. വവ്വാലുകളില്‍ നിന്നാണ് കൊവിഡ് വ്യാപിച്ചതെന്നാണ് ഒരു നിഗമനം. വവ്വാലുകളില്‍ നിന്നും മൃഗങ്ങളിലേക്കും അവിടെ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിച്ചെന്ന പ്രാഥമിക നിഗമനം പക്ഷെ നിലനില്‍ക്കില്ല. വവ്വാലുകളിലൊ മൃഗങ്ങളിലൊ രോഗ കാരണമായ വൈറസിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് ഇതിന് കാരണം. വൈറസ് ലബോറട്ടറിയില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കാനാണ് മറ്റൊരു സാധ്യത. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും രോഗം പടരാനുള്ള സാധ്യതകളിലേക്കാണ് ഈ സംശയം വിരല്‍ ചൂണ്ടുന്നത്. നേരത്തെ ചൈന സ്വന്തം നിലക്ക് വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. പിന്നാലെ ലോകാരോഗ്യ സംഘട ഒരു സംഘത്തെ ഉറവിടം അന്വേഷിച്ച് ചൈനയിലേക്ക് അയച്ചെങ്കിലും അവര്‍ക്കും തൃപ്തികരമായ റിപ്പോര്‍ട്ട് നല്‍കാനായില്ല.യുഎസും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉറവിടത്തെ കുറിച്ച് അന്വേഷിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് വരികയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടും തുടര്‍ പഠനങ്ങളും എല്ലാവരുടെയും സഹകരണത്തിനും അര്‍ഹമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വൈറസ് ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആഗോള പഠനം നടത്തുന്നത് മികച്ച നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎന്‍ സുരക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളില്‍ മൂന്ന് രാജ്യങ്ങളുടെ പിന്തുണയും ഈ പ്രമേയത്തിനുണ്ട് എന്നത് ശ്രദ്ധേയമാണ്. രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുകെ, ഫ്രാന്‍സ്, റഷ്യ എന്നിവയാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. ഒപ്പം, ജപ്പാന്‍, ഓസ്‌ട്രേലിയ, സൗത്ത് കൊറിയ, ന്യുസീലന്‍ഡ്, സൗത്ത് ആഫ്രിക്ക, തുര്‍ക്കി എന്നീ രാജ്യങ്ങളുമുണ്ട്. അതേസമയം, പാകിസ്ഥാന്‍, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നില്ല. സാര്‍ക് രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശും ഭൂട്ടാനും മാത്രമാണ് പ്രമേയത്തിന് പിന്തുണ നല്‍കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →