തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ചുളള ഹൈക്കോടതി വിധി പഠിച്ചശേഷം തുടര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദശാബ്‌ദങ്ങളായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായമാണിത്. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍, നടപ്പിലാക്കി വന്നതാണ്. ഹൈക്കോടതി വിധി പഠിച്ചശേഷം എന്താണ് വേണ്ടതെന്ന് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന സമ്പ്രദായം പൊതുവില്‍ അംഗീകരിക്കപ്പെട്ടതാണ്. ഹൈക്കോടതി വിധി പരിശോധിക്കേണ്ടതുണ്ട്. അതുകഴിഞ്ഞേ നിലപാട് സ്വീകരിക്കാനാവൂ. അതേസമയം വിധി നടപ്പാക്കുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എംപി ഗോവിന്ദന്റെ നിലപാടിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഹൈക്കോടതി വിധിയാകുമ്പോള്‍ മന്ത്രിയത് മാനിക്കേണ്ടതുണ്ട്. അതുകൊണ്ട് ആ വിധിയോടുളള ബഹുമാനം മാത്രമായി മന്ത്രിയുടെ നിലപാടിനെ കാണേണ്ടതുണ്ട്. എന്നാല്‍ അതിന്റെ നാനാവിധമായ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കുമെന്നല്ലാതെ പറയാന്‍ കഴിയില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നായിരുന്നു സമസ്‌ത അടക്കമുളള മുസ്ലിം സംഘടനകളുടെ നിലപാട്. അതേസമയം ന്യൂന പക്ഷങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിന് നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസിബിസിയും ആവശ്യപ്പെട്ടു.

