മനുഷ്യവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യശുപത്രിയിലേക്ക്‌ മാറ്റാന്‍ ഉത്തരവ്‌

മുംബൈ : എല്‍ഗാര്‍ പരിഷത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ തലോജ ജയിലില്‍ കഴിയുന്ന മനുഷ്യവകാശ പ്രവര്‍ത്തകനും വൈദീകനുമായ സറ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റാന്‍ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്‌. 15 ദിവസത്തെ ചികിത്സക്കായി സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്ക്‌ മാറ്റാനാണ്‌ ബോംബേ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാനിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. കേസില്‍ അറസ്‌റ്റിലായ സ്വാമി 2020 ഒക്ടോബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്‌.

സ്‌റ്റാന്‍ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവ്‌. ചികിത്സക്കായി സ്വാമിയെ ആശുപത്രിലേക്ക്‌ മാറ്റുന്ന കാര്യം ഉറപ്പുവരുത്തണമെന്ന്‌ എസ്‌എസ്‌ ഷിന്‍ഡെ, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ജയില്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ഹോളിഫാമിലി ആശുപത്രിയിലെ ചികിത്സാ ചെലവ്‌ സ്വന്തമായി വഹിക്കാമെന്ന്‌ സ്റ്റാന്‍ സ്വാമി കോടതിയെ അറിയിച്ചിരുന്നു. ജെജെ സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഉളളതിനാല്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റേണ്ട കാര്യമില്ലെന്ന്‌ എന്‍ഐഎയ്‌ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ്ങും , മഹാരഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ വൈപി യാഗ്നിയും വാദിച്ചു. എന്നാല്‍ ജെജെആശുപത്രിയില്‍ ഹര്‍ജിക്കാരന്‌ വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ സുഹൃത്തായ ഫാ. ഫ്രോസര്‍ മസ്‌കെരെന്‍ഹാസിനും കോടതി അമുമതി നല്‍കി. സ്വാമിയുടെ സംരക്ഷണത്തിന്‌ ആശുപത്രിയില്‍ ഒരു കോണ്‍സ്‌റ്റബിളിനെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →