ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് താന്‍ തള്ളിവിടില്ല; പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ഷിബു ബേബി ജോണ്‍

കൊല്ലം: പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. തികച്ചും വ്യക്തിപരമായ കാര്യത്തിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും എന്നാല്‍ തന്റെ അവധി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ 29/05/21 ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

താൻ രാഷ്ട്രീയം അവസാനിപ്പിച്ചു എന്നതടക്കമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും വ്യക്തിപരം എന്നതില്‍ കവിഞ്ഞ് മറ്റ് വ്യാഖ്യാനങ്ങള്‍ ഒന്നും നല്‍കേണ്ടതില്ലെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു. ഒരു വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ പോകുന്ന ആര്‍എസ്പിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് താന്‍ തള്ളിവിടില്ലെന്നും എന്നും ആര്‍എസ്പിക്കാരനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കുറച്ച് നാളത്തേക്ക് സംഘടനാ രംഗത്ത് നിന്ന് നേതൃപരമായി നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും എന്റെ പാര്‍ട്ടി സമിതിയോട് ആവശ്യപ്പെട്ടു. അവധി അംഗീകരിച്ചിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കണമെങ്കില്‍ സമയം എടുത്തോളൂവെന്നാണ് പറഞ്ഞത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നതടക്കമുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണ്. എന്നും ആര്‍എസ്പിക്കാരനായി ഉണ്ടാവും. ആര്‍എസ്പി ഇന്നൊരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. അതിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഒരു നടപടിയും എന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്.’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം