കോഴിക്കോട് : കോഴിക്കോട് ബാലുശേരിയില്‍ മോഷ്ടിച്ച ബൈക്കുമായി കറങ്ങാനിറങ്ങിയ രണ്ട് കൗമാരക്കാര്‍ പിടിയിലായി. നരിക്കുനി സ്വദേശികളായ 17 വയസുകാരാണ് പിടിയിലായത്. ബാലുശേരി എസ്റ്റേറ്റ് മുക്കിലെ ഷോറൂമില്‍ നിന്നും മൂന്നുബൈക്കുകള്‍ അഞ്ചുദിവസംമുമ്പ് മോഷണം പോയിരുന്നു. കടയുടമ നല്‍കിയ പരാതിയില്‍ ബാലുശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളില്‍ രണ്ടുപേര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയെക്കൂടി കിട്ടാനുണ്ട്.
കൊടുവളളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായിട്ടാണ് പ്രതികള്‍ ഷോറൂമിലെത്തിയത്. ആ വണ്ടി അവിടെ ഉപേക്ഷിച്ച ശേഷം മൂന്നു ബൈക്കുകളുമായി കടന്നുകളയുകയായിരുന്നു. നാടുചുറ്റാനാണ് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് തുടര്‍ച്ചയായി മാറ്റിയും ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ഊടുവഴികളിലൂടെയുമായിരുന്നു യാത്ര. സംഘത്തിലെ മൂന്നാമത്തയാള്‍ ജില്ല വിട്ടതായാണ് വിവരം. ബൈക്കുകള്‍ മൂന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷോറൂമിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാത്.

