തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്തും. മെയ് 31 ന് തന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കാലവർഷം ആന്തമാനിൽ എത്തിച്ചേർന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 21/05/21 വെളളിയാഴ്ച അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളിലേക്കും എത്തിച്ചേരാൻ സാധ്യതയുണ്ട്.
ചക്രവാതചുഴി സമുദ്ര നിരപ്പിൽ നിന്ന് 3.1 കി.മീ – 5.8 കി.മീ ഉയരത്തിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുകയാണ്. ഇതിന്റെ സ്വാധീനത്താൽ ശനിയാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഈ ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് സഞ്ചരിച്ചു ശക്തിപ്രാപിച്ചു തിങ്കളാഴ്ചയോട് കൂടി യാസ് ചുഴലിക്കാറ്റായി മാറാനും തുടർന്ന് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് തീവ്രതയേറി ഒഡിഷ – വെസ്റ്റ് ബംഗാൾ തീരത്തു ബുധനാഴ് രാവിലെ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
നേരത്തെ ജൂൺ ഒന്നിന് കേരളത്തിൽ കാലവർഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. ഇക്കുറി സംസ്ഥാനത്ത് സാധാരണ രീതിയിൽ തന്നെ മഴ ലഭിക്കുമെന്നാണ് വിവരം.

