അസന്‍സിയോണ്‍ (പരാഗ്വേ): ജൂണ്‍ 13 തുടങ്ങുന്ന കോപാ അമേരിക്ക ഫുട്ബോളിന്റെ വേദിക്കു മാറ്റം. അര്‍ജന്റീനയും കൊളംബിയയും ചേര്‍ന്നായിരുന്നു ടൂര്‍ണമെന്റ് നടത്തേണ്ടത്.ആഭ്യന്തര പ്രക്ഷോഭവും കോവിഡ്-19 വൈറസിന്റെ വ്യാപനവും മൂലം ടൂര്‍ണമെന്റ് മാറ്റിവയ്ക്കണമെന്നു കൊളംബിയന്‍ സര്‍ക്കാര്‍ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. കൊളംബിയയുടെ അഭ്യര്‍ഥന തള്ളിയ കോണ്‍ഫെഡറേഷന്‍ വേദി തന്നെ എടുത്തു കളഞ്ഞു.
ജൂലൈ 10 നു നടക്കുന്ന ഫൈനല്‍ കൂടാതെ നാല് മത്സരങ്ങള്‍ ബാറന്‍ക്വിലയിലെ മെട്രോപോലീറ്റന്‍ സ്റ്റേഡിയത്തിലാണു നടക്കേണ്ടിയിരുന്നത്. കൊളംബിയന്‍ കായിക മന്ത്രി ഏണസ്റ്റോ ലുസെനയുടെ അപേക്ഷ വന്ന മണിക്കൂറുകള്‍ക്കു ശേഷമാണു വേദി മാറ്റിയത്. ടൂര്‍ണമെന്റ് നവംബറിലേക്ക് മാറ്റാനായിരുന്നു അപേക്ഷ. കൊളംബിയയില്‍ നടക്കേണ്ട മത്സരങ്ങളും അര്‍ജന്റീനയില്‍ തന്നെ നടത്തുമെന്ന് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല ടീമുകളുടെ ഗ്രൂപ്പിലെ മത്സരങ്ങളാണു പുതിയ വേദിയിലാക്കുന്നത്.

