കൊല്‍ക്കത്ത: നാരദ കൈക്കൂലിക്കേസില്‍ പശ്ചിമ ബംഗാളില്‍ മന്ത്രിമാരടക്കം നാലുപേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തത് നടപടിക്രമം പാലിക്കാതെയാണെന്ന് ആരോപിച്ചു സി.ബി.ഐ. ഓഫീസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതിഷേധം. തന്നെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട മമത ആറു മണിക്കൂറിലേറെ സി.ബി.ഐ. ഓഫീസില്‍ തുടര്‍ന്നു. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതിനു പിന്നാലെ കേന്ദ്രം തുടരുന്ന പ്രതികാരനടപടികളുടെ ഭാഗമാണ് അറസ്റ്റെന്ന് പാര്‍ട്ടി ആരോപിച്ചു. നിയമസഭാംഗങ്ങള്‍ക്ക് എതിരേയുള്ള പ്രോസിക്യൂഷന് നടപടികള്‍ക്കു സ്പീക്കറാണ് അനുമതി നല്‍കേണ്ടതെങ്കിലും സി.ബി.ഐ. സ്പീക്കറെ മറികടന്ന് ഗവര്‍ണറെ സമീപിക്കുകയായിരുന്നു.മന്ത്രിമാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സി.ബി.ഐ. ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. അര്‍ധ െസെനിക വിഭാഗങ്ങള്‍ക്കുനേരേ കല്ലേറുമുണ്ടായി.ഇതോടെ സുരക്ഷാസേനാംഗങ്ങള്‍ ലാത്തിച്ചാര്‍ജ് നടത്തി.
അതേസമയം, നടപടി നിയമരാഹിത്യവും അരാജകത്വവുമെന്ന് ആരോപിച്ച ഗവര്‍ണര്‍ ധന്‍കര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്കി.

