കാനറാ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കാനറാബാങ്ക് തട്ടിപ്പുകേസിലെ പ്രതി പിടിയിലായി. പത്തനാപുരം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലാര്‍ക്കായിരുന്നു ഇയാള്‍. മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എട്ടുകോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. പോലീസ് വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്.

2021 ഫെബ്രുവരി മാസത്തിലാണ് ബാങ്കിലെ തട്ടിപ്പ് വെളിയില്‍ വന്നത് . തട്ടിപ്പ് വെളിയില്‍ വന്നതിനെ തുടര്‍ന്ന് ഭാര്യയും രണ്ടുമക്കളുമായി പ്രതി ഒളിവില്‍ പോവുകയായിരുന്നു. ബാങ്കിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ മൂന്നുമായമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. വിജീഷിന്റെയും ഭാര്യയുടെയും മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നതും അന്വേഷകരെ വലച്ചു.

14 മാസം കൊണ്ട് 191 ഇടപാടുകാരുടെ അക്കൗണ്ടില്‍ നിന്ന് എട്ടുകോടി പതിമൂന്നുലക്ഷത്തി അറുപത്തിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഒമ്പത് രൂപ തട്ടിയെടുത്തെന്നാണ് ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരന്‍ നടത്തിയ തട്ടിപ്പ് ഉന്നതോദ്യോഗസ്ഥര്‍ക്ക് തടയാന്‍ കഴിഞ്ഞില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍, അസി. മാനേജര്‍ എന്നിവരടക്കം 5 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാങ്കിലെ നിക്ഷേപകരുടെ പാസ് വേര്‍ഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →