എറണാകുളം : കണയന്നൂർ താലൂക്കിൽ ചുഴലിക്കാറ്റ് തയ്യാറെടുപ്പുകളുടെ അടിയന്തര യോഗം ചേർന്നു. മെയ് 14, 15 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. നിലവിലെ കോവിഡ് രോഗ വ്യാപനം കണക്കിലെടുത്തു താലൂക്ക്തലത്തിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്തു.
ശക്തമായ കാറ്റും മഴയും പ്രവചിച്ചിരിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. വില്ലേജ് പരിധിയിലുള്ള ആശുപത്രികളിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനും അടിയന്തര സാഹചര്യം നേരിടാനും നിർദ്ദേശം നൽകും. കോവിഡ് വ്യാപനം കണക്കിലെടുത്തു ആശുപത്രികളുടെ സുഗമമായ നടത്തിപ്പിന് തടസ്സം കൂടാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ ദുരന്ത നിവാരണ വകുപ്പ് പ്രകാരം അടിയന്തരമായി മുറിച്ചുമാറ്റാനും മരം വീണു അപകടങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ അവ നീക്കം ചെയ്തു ഓക്സിജൻ വിതരണത്തിന് തടസം നേരിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ അഗ്നിശമന സേനക്ക് പ്രത്യേക നിർദേശം നൽകി. കലൂർ സബ്‌സ്റ്റേഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജാഗ്രത പുലർത്തണം.
മൺസൂൺ കാലവർഷം കൂടി കണക്കിലെടുത്തു അടുത്ത ഓഗസ്റ്റ് മാസം വരെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു. കൂടാതെ വില്ലേജ് തലത്തിൽ തദ്ദേസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, സിവിൽ സപ്ലൈസ്, കെ എസ് ഇ ബി എന്നിവരെ ഉൾപ്പെടുത്തി കമ്മറ്റി രൂപികരിക്കും. നഗര പ്രദേശത്തു വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ എത്രയും വേഗം ക്യാമ്പുകൾ സജ്ജീകരിക്കാനും നിർദേശം നൽകി. സ്ഥിരം വെള്ളപൊക്കം ബാധിക്കുന്ന കടവന്ത്ര പി ആൻഡ് ടി കോളനി, ഉദയ കോളനി, റെയിൽവേ കോളനി എന്നിവിടങ്ങളിലേക്കായി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ കാന്റീൻ സൗകര്യവും കൂടെ കണക്കിലെടുത്തു ക്യാമ്പ് സജ്ജീകരിക്കാനും നിർദേശം നൽകി. കോവിഡ്, കോവിഡ് ഇതര രോഗികൾ എന്നിവർക്ക് പ്രത്യേക ബ്ലോക്കുകളും ക്യാമ്പിൽ സജ്ജീകരിക്കും.
വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ക്യാമ്പ് സജ്ജീകരിക്കുന്നതിനുള്ള കെട്ടിടങ്ങളുടെ ലിസ്റ്റ് നൽകാനും എൽ എ ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, ഭൂരേഖ തഹസിൽദാർ ബീന പി ആനന്ദ് എന്നിവർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കണയന്നൂർ താലൂക്ക് ചാർജ് ഓഫീസറായ എൽ എ ഡെപ്യൂട്ടി കളക്ടർ സോളി ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, കൊച്ചി മേയർ എം അനിൽകുമാർ, ഭൂരേഖ തഹസിൽദാർ ബീന പി ആനന്ദ്, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ, കെ എസ് ഇ ബി, അഗ്നിശമന സേന തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.