ലക്നൗ ഏപ്രിൽ 13: ഉത്തര്‍പ്രദേശില്‍ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തവര്‍ക്ക് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു. പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത രണ്ട് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരെയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നോയിഡയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവരുടെ സ്രവങ്ങള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. 24 മണിക്കൂറിനുള്ളില്‍ നടത്തിയ രണ്ട് പരിശോധന ഫലങ്ങളും നെഗറ്റീവ് ആയതോടെ വെള്ളിയാഴ്ച ഇരുവരെയും ഡിസ്ചാര്‍ജ് നല്കി വീട്ടിലേക്ക് അയച്ചു. മൂന്നാമത്തെ പരിശോധനയ്ക്കായി സ്രവങ്ങൾ ശേഖരിച്ച ശേഷമാണ് വീടുകളിലേക്ക് വിട്ടത്.
ഇന്നാണ് മൂന്നാമത്തെ സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചത്. അതില്‍ ഇരുവര്‍ക്കും രോഗം ഉള്ളതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി ആശുപത്രി ഉത്തരവിട്ടിട്ടുണ്ട്.

