പ്രവാസികളെ മടക്കികൊണ്ടു വരാൻ ഇപ്പോൾ ആവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി

ന്യൂഡൽഹി ഏപ്രിൽ 13: പ്രവാസികളെ മടക്കിക്കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. മറ്റ് രാജ്യങ്ങളിലുള്ളവരെ ഉടന്‍ മടക്കിക്കൊണ്ടുവരണമെന്ന് പറയാന്‍ ഇപ്പോള്‍ ആവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എംകെ രാഘവന്‍ എംപി ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജിയിലാണ് തീരുമാനം.

പ്രവാസികള്‍ എവിടെയാണോ അവിടെ തുടരണം. നിലവിലെ സാഹചര്യത്തില്‍ പ്രവാസികളെ ഇന്ത്യയിലെക്ക് മടക്കിക്കൊണ്ടുവരാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ വ്യക്തമാക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് രാജ്യത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടനാവില്ലെന്നും സുപ്രീം കോടതി ഹര്‍ജി പരിഗണിക്കവെ പറഞ്ഞു. ഹർജികൾ പരിഗണിക്കുന്നത് ഒരു മാസത്തേക്ക് മാറ്റി.

പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വിമാനസര്‍വീസ് തുടങ്ങുന്നത് വരെ സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് യുഎഇ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുഎഇ അറിയിച്ചെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് വിശദീകരണം. ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ നിലവില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ യുഎഇ സര്‍ക്കാരിന് മറുപടി നല്‍കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു വരിക പ്രായോഗികമല്ല.

മാത്രമല്ല ഇവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നാല്‍ ക്വാറന്റീന്‍ സൗകര്യം അടക്കം ഒരുക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികളെ ഈ ഘട്ടത്തില്‍ തിരികെ എത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല. വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യാക്കാര്‍ക്ക് ആ രാജ്യങ്ങളില്‍ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളും ഭക്ഷണവും ചികില്‍സയും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു

Share
അഭിപ്രായം എഴുതാം