തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെ.എസ്ആര്ടിസി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വളരെ തിരക്കേറിയ സമയമായ രാവിലെ 7 മണിമുതല്‍ രാത്രി 7 മണിവരെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനുവേണ്ടി ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതായി കെഎസ് ആര്.ടിസി അറിയിച്ചു. 12 മണിക്കൂര്‍ സ്പ്രെഡ്ഓവറില് തിരക്കുളള സമയമായ രാവിലെ 7 മുതല്‍ 11 വരെയും, വൈകിട്ട് 3 മുതല്‍ രാത്രി 7 മണിവരെയും രണ്ട് സ്പെല്ലുകളിലായി 7 സറ്റീയറിംഗ് മണിക്കൂര്‍ വരുന്ന രീതിയില്‍ സിംഗിള്‍ ഡ്യൂട്ടിയായി ജീവനക്കാരെ ക്രമീകരിക്കും. രാവിലെ 11 മുതല്‍ 3 മണിവരെയുളള സമയവും രാവിലെ 7 മണിക്കുമുമ്പും വൈകിട്ട് 7 മണിക്കുശേഷവും വരുമാനമുളള ട്രിപ്പുകളിലെ ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തി ജീവനക്കാരുടെ സിംഗിള്‍ ഡ്യൂട്ടി ക്രമീകരിക്കും. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം 20 ശതമാനത്തിലധികം ജീവനക്കാര്‍ക്ക് അനുവദിക്കില്ല.
രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സമയം സര്‍ക്കാര്‍ പൊതുഗതാഗതം അനുവദിച്ച സാഹചര്യത്തില്‍ 60 ശതമാനം ദീര്‍ഘദൂര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. ഒരു ഡിപ്പോയില്‍ നിന്ന് ഒരേസമയം ഒന്നില്‍ കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തില്ല. ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ 15 മിനുട്ടു മുതല്‍ 30 മിനിട്ടുവരെ ഇടവേള ഉണ്ടായിരിക്കും.
മാസ്ക് ധരിക്കാത്ത ഒരാളെപ്പോലും ബസില്‍ പ്രവേശിപ്പിക്കില്ല. യാത്രയിലുടനീളം മാസ്ക് ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടെന്ന് കണ്ടക്ടര്‍ ഉറപ്പുവരുത്തണം. തര്‍ക്കമുണ്ടായാല്‍ പോലീസിന്റെ സഹായം ഉറപ്പാക്കും. കണ്ടക്ടര്‍മാര്‍ നിര്‍ബ്ബന്ധമായും മാസ്ക് ധരിക്കണം .എല്ലാ ഡിപ്പോയിലും കൈവൃത്തിയാക്കാന്‍ സോപ്പും വെളളവും ലഭ്യമാക്കും. സര്‍വീസ് കഴിഞ്ഞുവരുന്ന ബസുകള്‍ അണുവിമുക്തമാക്കിയതിന് ശേഷമേ അടുത്ത സര്‍വീസ് നടത്തുകയുളളു. ജീവനക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി തയ്യാറാക്കിയട്ടുളള സ്ലീപ്പര്‍ ബസ് ദിവസേന അണുവിമുക്തമാക്കുകയും ചെയ്യും.

