ആലപ്പുഴ: വാഗീശ്വരി ക്യാമറ കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന് കണ്ട നിറമുള്ള ചിത്രങ്ങളാണ് ലോകമേ തറവാട് ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഒരുകാലത്ത് ആലപ്പുഴയുടെ യശസ്സ് ആഗോളതലത്തില്‍ എത്തിച്ച അത്ഭുത ക്യാമറ ബിനാലെ പ്രദര്‍ശന വേദിയില്‍ എത്തിയപ്പോള്‍ അത് യുവതലമുറയ്ക്ക് കൗതുകവും പഴമക്കാര്‍ക്ക് ഓര്‍മ്മയുടെ വീണ്ടെടുക്കലുമായി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിനു മുന്‍പേ പുരാവസ്തുവായി മാറിയ വാഗീശ്വരി ക്യാമറയിലൂടെ രണ്ടായിരത്തി ഇരുപതിലും ഇരുപത്തിയൊന്നിലും പകര്‍ത്തിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് കലാകാരന് നല്കിയ കളര്‍ പരിവേഷമാണ് പ്രദര്‍ശനത്തിലെ ആകര്‍ഷണം. വാഗീശ്വരി ക്യാമറയില്‍ എടുത്ത ചിത്രങ്ങളുടെ നെഗറ്റീവിന് നിറങ്ങള്‍ നല്‍കിയാണ് ബിനാലെയിലെ പോര്‍ട്ട് മ്യൂസിയം വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയുടെ അടയാളമായ കനാലുകളും, കടല്‍ പാലവും കരുമാടികുട്ടന്, കുട്ടനാട്ടിലെ വിവിധ സ്ഥലങ്ങള്‍, അമ്പലപ്പുഴ ക്ഷേത്രം തുടങ്ങി നിരവധി ചിത്രങ്ങളാണ് വാഗീശ്വരി ക്യാമറയില്‍ പകര്‍ത്തി അവയുടെ നെഗറ്റീവിന് നിറം നല്കി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളമായിരുന്ന ഈ ക്യാമറയുടെ നിര്‍മിതിക്ക് പിന്നില്‍ കെ. കരുണാകരന് എന്ന ആലപ്പുഴക്കാരനാണ്. തേക്കിന് തടിയില്‍ പ്രാദേശികമായി കിട്ടുന്ന വസ്തുക്കളും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ലെന്‍സും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ വാഗീശ്വരി ക്യാമറ 1942 മുതല്‍ ഏകദേശം 40 വര്‍ഷത്തോളം ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ക്യാമറകളും നൂതന ടെക്നോളജികളും വാഗീശ്വരി ക്യാമറയുടെ സ്ഥാനം കയ്യടക്കിയെങ്കിലും ചരിത്രത്തില്‍ ഇന്നും ആലപ്പുഴയുടെ അടയാളപ്പെടുത്തലായി വാഗീശ്വരി ക്യാമറ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കേരള സര്‍ക്കാര്‍ വിനോദ സഞ്ചാര- സാംസ്കാരിക വകുപ്പുകളുടെയും ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന് ‘ലോകമേ തറവാട്’ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് കയര്‍ കോര്പ്പറേഷന്, ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിങ്, പോര്‍ട്ട് മ്യൂസിയം, ഈസ്റ്റേണ്‍ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ്, വില്യം ഗുടേക്കര്‍ ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ചു വേദികളിലും നാലു ഗാലറികളിലുമായാണ് പ്രദര്‍ശനം നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്മാരുടെ 3400 കലാ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.
പ്രവേശനം ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെ
ഏപ്രില്‍ 23വരെ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് ബിനാലെ വേദികളില്‍ പ്രവേശന അനുമതി. ഓരോ വേദിയിലും 75 ടോക്കണുകളാണ് ദിവസം അനുവദിക്കുക. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും 60 വയസിന് മുകളില്‍ പ്രായമുള്ളവരേയും ഗര്‍ഭിണികളേയും പ്രവേശിപ്പിക്കില്ല. കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പ്രവേശനം.