മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയ പാതയില്‍ മുണ്ടക്കയം ഗാലക്സി ജംങ്ഷന് സമീപം പൈങ്ങന തോട് കയ്യേറി സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണം. ഒന്നര വര്‍ഷം മുമ്പ് റവന്യൂ വകുപ്പും ഗ്രാമ പഞ്ചായത്തും നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. ഈ അനധികൃത നിര്‍മ്മാണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്വകാര്യ റബര്‍ നഴ്സറി ഉടമ തന്റെ പുരയിടത്തോട് ചേര്‍ന്ന് 7 വര്‍ഷം മുമ്പ് പുറമ്പോക്ക് ഭൂമിയിലൂടെ ദേശീയ പാതയിലേക്ക് പാലം നിര്‍മ്മിച്ചിരുന്നു. പിന്നീട് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം പാലത്തിന്റെ ഇരുവശങ്ങളിലും പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി . നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്ന് മുണ്ടക്കയം ഗ്രാമ പഞ്ചായത്തും റവന്യൂ വകുപ്പും സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെ നിര്‍മ്മാണം അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് ജീവനക്കാരെ സംഭവ സ്ഥലത്തേക്ക് അയക്കുകയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ജീവനക്കാര്‍ പോയതോടെ വീണ്ടും ജോലി പുനരാരംഭിക്കുക യായിരുന്നു. ഇതോടെ പഞ്ചായത്തംഗം സിവി അനില്‍കുമാര്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ജോബോയ് എന്നിവര്‍ സ്ഥലത്തെത്തി ജോലി നിര്‍ത്തി വയ്പ്പിച്ചു.
അവര്‍ നല്കിയ സറ്റോപ്പ് മെമ്മോ കൈപ്പറ്റാന്‍ സ്വകാര്യ വ്യക്തി തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് നിര്‍മ്മാണ സ്ഥലത്ത് നോട്ടീസ് പതിപ്പിച്ചു. അനധികൃ നിര്‍മ്മാണ സ്ഥലത്തോട് ചേര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കുളിക്കടവ് നിര്‍മ്മാണം പുരോഗമിക്കവെയാണ് സ്വകാര്യ വ്യക്തി രംഗത്തുവന്നത്. നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നും അനുമതിയില്ലാതെയുളള നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയതായും പ്രസിഡന്റ് രേഖാദാസ് പറഞ്ഞു.

