എറണാകുളം: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും പിന്തുണയുമായി സിറോ മലബാര്‍ സഭാ എറണാകുളം – അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പിസി ജോര്‍ജിനെതിരെയും രൂക്ഷവിമര്‍ശനമാണ് മുഖപ്രസംഗത്തിലുള്ളത്.വിദ്വേഷപ്രചരണം സാമൂഹികമനോരോഗമായി മാറിയെന്നും 15/04/21 വ്യാഴാഴ്ച ഇറങ്ങിയ സത്യദീപം മുഖപ്രസംഗത്തില്‍ പറയുന്നു.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് കഴിയുന്ന സഹവര്‍ത്തിത്വത്തിന്റെ സന്തോഷം ‘മതേതര’ കേരളം മറന്നു തുടങ്ങിയെന്നത് മാന്യമല്ലാത്ത മാറ്റം തന്നെയാണ്. എതിരെ വരുന്നയാള്‍ എതിര്‍പക്ഷത്താണെന്ന മുന്നറിയിപ്പുകള്‍ മുന്‍പില്‍ തൂക്കിയാണ് ഒരു ശരാശരി മലയാളിയുടെ നടപ്പ്. ഈ നടപ്പിന് യാതൊരു ദോഷവുമില്ലെന്ന മട്ടിലാണ് മതതീവ്രവാദികളുടെ സംരക്ഷിത ലൈന്‍ എന്നും മുഖപ്രസംഗം പറയുന്നു. ചുവടുതെറ്റുന്ന മതേതര കേരളം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

