ന്യൂഡല്‍ഹി: സിനിമയുടെ സെന്‍സറിംഗ് നടപടികളില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ ഇനി മുതല്‍ കോടതിയെ സമീപിക്കേണ്ടിവരും.ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എഫ്.സി.എ.ടി.) കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണിത്. കേന്ദ്ര നിയമ നീതിമന്ത്രാലയമാണ് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതോടെ സിനിമാ പ്രവര്‍ത്തകരുടെ പരാതിയില്‍ സെന്‍സറിംഗ് ബോര്‍ഡ് വിലക്കിയ പല ചിത്രങ്ങളും അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഇടപെടല്‍ മൂലം റിലീസ് ചെയ്തിട്ടുണ്ട്. 1952ലെ സിനിമാറ്റോഗ്രാഫ് ആക്റ്റിലെ 5 ഡി വകുപ്പ് പ്രകാരമാണ് ദില്ലി ആസ്ഥാനമാക്കി ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ 1983ല്‍ സ്ഥാപിതമായത്. ട്രൈബ്യൂണല്‍ ഇല്ലാതാകുന്നതോടെ ഒരു ചിത്രത്തിന്റെ സെന്‍സറിംഗ് സംബന്ധിച്ച് സിബിഎഫ്സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) എടുക്കുന്ന തീരുമാനങ്ങളില്‍ എതിര്‍പ്പുള്ള ചലച്ചിത്രകാരന്മാര്‍ നേരിട്ട് ഹൈക്കോടതികളെ സമീപിക്കേണ്ടിവരും.
സെന്‍സറിംഗ് പരാതിയ്ക്ക് ഇനി കോടതിയില്‍ പോകണം: ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്രം
