ന്യൂഡൽഹി / 2026 / നവംബർ 12
ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 45-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേള നവംബർ 14 മുതൽ 27 വരെ ന്യൂഡൽഹിയിലെ ഭാരത മണ്ഡപത്തിൽ നടക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുത്ത് നവംബർ 13ന് മേള ഉദ്ഘാടനം ചെയ്യും. പത്മശ്രീ പുരസ്കാര ജേതാവ് ഗുരു മാധവി മുദ്ഗലും സംഘവും ഉദ്ഘാടനച്ചടങ്ങിൽ ഒഡീസി നൃത്തം അവതരിപ്പിക്കും. ‘വികാസ് ഔർ വിരാസത്’ അഥവാ ‘വികസനവും പൈതൃകവും’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലുള്ള 17 ഹാളുകളിലായി ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള 3,500ലധികം പ്രദർശകർ പങ്കെടുക്കും. 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മേളയുടെ ഭാഗമാകും. കേന്ദ്ര മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയിൽനിന്നായി 51 സ്ഥാപനങ്ങളും പങ്കെടുക്കും. ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് പങ്കാളി സംസ്ഥാനങ്ങൾ. അസം, ഡൽഹി, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവ പ്രത്യേക ശ്രദ്ധ നൽകുന്ന സംസ്ഥാനങ്ങളാണ്. പ്രാദേശിക ഉൽപ്പന്നങ്ങൾ, തദ്ദേശീയ വ്യവസായങ്ങൾ, പരമ്പരാഗത കരകൗശലവിദ്യകൾ, സംസ്കാരം, വിനോദസഞ്ചാര സാധ്യതകൾ, വികസന സംരംഭങ്ങൾ എന്നിവ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവതരിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ 11 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. തായ്ലൻഡ്, ഇറാൻ, ഘാന, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, യുഎഇ, തുർക്കി, ചൈന, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള പ്രദർശകരുടെ പവിലിയനുകളുണ്ടാകും. അന്താരാഷ്ട്ര വ്യാപാരബന്ധങ്ങൾ വളർത്താനും പുതിയ വാണിജ്യ അവസരങ്ങൾ കണ്ടെത്താനും ഇവ സഹായിക്കും.
യുവസംരംഭങ്ങൾക്ക് വേദിയായി അറുനൂറോളം സ്റ്റാർട്ടപ്പുകൾ
ഇന്ത്യയുടെ പുരോഗതിയും വൈവിധ്യവും പൈതൃകവും ആഘോഷിക്കുന്ന വേദിയായിരിക്കും മേളയെന്ന് ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ ചെയർമാൻ ജാവേദ് അഷ്റഫ് പറഞ്ഞു. ‘ഹാൾ ഓഫ് ഇൻസ്പിറേഷനി’ലെ അറുനൂറോളം സ്റ്റാർട്ടപ്പുകളിലൂടെ യുവജനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകും. ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പവിലിയനിലൂടെ ജില്ലകളുടെ കരകൗശലവിദ്യകളും ഭക്ഷണവും സംസ്കാരവും പരിചയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം ഹാളിലാണ് രാജ്യങ്ങളുടെ പവിലിയനുകൾ. രണ്ടുമുതൽ അഞ്ചുവരെ ഹാളുകളിൽ പങ്കാളി സംസ്ഥാനങ്ങൾ, പ്രത്യേക ശ്രദ്ധ നൽകുന്ന സംസ്ഥാനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ പ്രദർശനങ്ങളുണ്ടാകും. എട്ടുമുതൽ പതിനാലുവരെ ഹാളുകളിൽ വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. ഇലക്ട്രോണിക്സ്, ദീർഘകാലം ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ, അടുക്കള ഉപകരണങ്ങൾ, സംസ്കരിച്ച ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വീട്ടിലെ ഫർണിച്ചർ, സൗന്ദര്യവർധക വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ ഇതിലുണ്ടാകും. പതിനാലാം ഹാളിലെ ‘ഹാൾ ഓഫ് ഇൻസ്പിറേഷനി’ൽ അത്യാധുനിക സാങ്കേതികവിദ്യ, കാർഷിക സാങ്കേതികവിദ്യ, ഡ്രോണുകൾ, ബഹിരാകാശം, ആരോഗ്യം, വിദ്യാഭ്യാസ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ അറുനൂറോളം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും. യുവസംരംഭങ്ങൾക്ക് കൂടുതൽ ശ്രദ്ധ നേടാനും വിപുലമായ വിപണികളുമായി ബന്ധപ്പെടാനും ഇത് അവസരമൊരുക്കും. ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ പവിലിയനിൽ 21 സംസ്ഥാനങ്ങൾ പങ്കെടുക്കും. ജില്ലകളുടെ തനത് കരകൗശലവിദ്യകൾ, ഭക്ഷണം, സംസ്കാരം, ഉൽപ്പന്നങ്ങൾ എന്നിവയ്ക്കൊപ്പം തദ്ദേശീയ സംരംഭങ്ങൾക്കും പരമ്പരാഗത വൈദഗ്ധ്യത്തിനും കരകൗശല തൊഴിലാളികൾക്കും പ്രാധാന്യം നൽകും. ‘പ്ലേവേഴ്സ് അറ്റ് മണ്ഡപം’ വിനോദവും വിദ്യാഭ്യാസവും ചേർന്ന, സന്ദർശകർക്ക് നേരിട്ട് ഇടപെടാവുന്ന ഡിജിറ്റൽ അനുഭവമൊരുക്കും. കുട്ടികളെയും യുവജനങ്ങളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന രീതിയിലാണ് ഇത് ഒരുക്കുന്നത്. സാങ്കേതിക പുരോഗതി, സംരംഭകത്വം, പരമ്പരാഗത ശക്തികൾ എന്നിവയെ ഒരേവേദിയിലെത്തിക്കുന്നതാണ് ഈ സംരംഭങ്ങളെന്ന് സംഘാടകർ അറിയിച്ചു.
ചെറുകിട വ്യാപാരികൾക്ക് പുതിയ വിപണികളിലേക്ക് വഴിതുറക്കും
തൊണ്ണൂറിലധികം ഭക്ഷണശാലകളുള്ള ലോകോത്തര നിലവാരത്തിലുള്ള ഫുഡ് കോർട്ടിൽ ഇന്ത്യൻ വിഭവങ്ങളും വിദേശ വിഭവങ്ങളും ലഭിക്കും. ഭക്ഷണത്തിന്റെ ഗുണമേന്മ, ശുചിത്വം, മാലിന്യം ഒഴിവാക്കുന്ന രീതികൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വാങ്ങാൻ താൽപ്പര്യമുള്ളവരുമായി ബന്ധപ്പെടാനും പുതിയ വിപണികൾ കണ്ടെത്താനും മേള അവസരമൊരുക്കും. ഇതിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യാപാരികൾക്കും വിപണിയിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. പാരീസിലെ വിവാടെക്, വരാനിരിക്കുന്ന സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പങ്കാളിത്തത്തിനും ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ സൗകര്യമൊരുക്കുന്നുണ്ട്. ആഗോളതലത്തിൽ പരിചയപ്പെടാനും സഹകരിക്കാനും ഇതിലൂടെ അവസരം ലഭിക്കും. രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിൽ വളരുന്ന സ്റ്റാർട്ടപ്പ് മേഖല ഉൾപ്പെടെ രാജ്യത്തുടനീളം സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഭാരത മണ്ഡപത്തിന്റെ വികസിക്കുന്ന സൗകര്യങ്ങളുടെ ഭാഗമായി ഒന്നാം ഹാളിലും പതിനാലാം ഹാളിലും ഏകദേശം ആയിരം ചതുരശ്ര മീറ്റർ വീതമുള്ള എൽഇഡി മെഷ് സംവിധാനങ്ങൾ ഒരുക്കും. സമുച്ചയത്തിലാകെ നൂറോളം എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിൽ മുപ്പതിലധികം സ്ക്രീനുകൾ മേളയ്ക്കിടെ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. വർഷം മുഴുവൻ പ്രദർശനങ്ങളും സാംസ്കാരിക പരിപാടികളും പൊതുജന പങ്കാളിത്തമുള്ള പ്രവർത്തനങ്ങളും നടക്കുന്ന കേന്ദ്രമായി ഭാരത മണ്ഡപത്തെ വികസിപ്പിക്കാനും സംഘടന പ്രവർത്തിക്കുന്നു. ഏകദേശം രണ്ടായിരം പേർക്ക് ഇരിക്കാവുന്ന നിർദിഷ്ട സാംസ്കാരിക കേന്ദ്രവും ഇതിന്റെ ഭാഗമാണ്. സർക്കാർ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വ്യാപാരികൾ, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കരകൗശല തൊഴിലാളികൾ എന്നിവരെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും ഒരുമിപ്പിക്കുന്ന പ്രധാന ബഹുവിഭാഗ ഉൽപ്പന്ന വ്യാപാരമേളകളിലൊന്നാണ് വർഷംതോറും നടക്കുന്ന ഈ മേള. വ്യാപാരികൾ തമ്മിലും വ്യാപാരികളും ഉപഭോക്താക്കളും തമ്മിലും നേരിട്ടുള്ള ഇടപെടൽ, വ്യാപാര-നിക്ഷേപ പ്രോത്സാഹനം, പുതിയ വാണിജ്യബന്ധങ്ങൾ എന്നിവയ്ക്കും മേള വഴിയൊരുക്കുന്നു.
സുരക്ഷയ്ക്കും യാത്രാസൗകര്യങ്ങൾക്കും പ്രത്യേക ക്രമീകരണം
സന്ദർശകർ, പ്രദർശകർ, പ്രതിനിധികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് സൗകര്യപ്രദമായ അനുഭവമൊരുക്കാൻ വിവിധ സഹായസംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് ജോലിചെയ്യാൻ പ്രത്യേക മീഡിയ ലോഞ്ചുണ്ടാകും. വിശിഷ്ടാതിഥികൾക്കും പ്രമുഖർക്കുമായി പ്രോട്ടോക്കോൾ ലോഞ്ചും ഒരുക്കും. വേദിക്കുള്ളിലെ യാത്രാസഹായം, ഷട്ടിൽ സർവീസുകൾ, ഗോൾഫ് കാർട്ടുകൾ, പ്രത്യേക ടാക്സി-പാർക്കിങ് മേഖലകൾ, വ്യാപാരികൾ തമ്മിലുള്ള കൂടിക്കാഴ്ചകൾക്കുള്ള സൗകര്യങ്ങൾ, പ്രദർശകർക്കുള്ള സഹായം, നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താനുള്ള സേവനം എന്നിവയുമുണ്ടാകും. ഫുഡ് കോർട്ടിന്റെ പ്രവർത്തനം മുഴുവൻ സമയവും നിരീക്ഷിക്കും. സംസ്ഥാനങ്ങൾ നടത്തുന്ന സ്റ്റാളുകൾ ഉൾപ്പെടെ എല്ലാ ഭക്ഷണശാലകളും നിർദിഷ്ട ഭക്ഷ്യസുരക്ഷാ, ശുചിത്വ, ഭക്ഷണം കൈകാര്യം ചെയ്യൽ മാനദണ്ഡങ്ങൾ പാലിക്കണം. ഡൽഹി പൊലീസും ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനും ചേർന്ന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. അന്താരാഷ്ട്ര പവിലിയനുകളുള്ള ഒന്നാം ഹാളിന് പ്രത്യേക ശ്രദ്ധ നൽകും. ചികിത്സാകേന്ദ്രങ്ങൾ, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ, അടിയന്തര പ്രതികരണ സേവനങ്ങൾ എന്നിവയും പ്രവർത്തിക്കും. ഡൽഹി മെട്രോയുമായി ഏകോപിപ്പിച്ചുള്ള യാത്രാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഷട്ടിൽ സർവീസുകൾക്കൊപ്പം ആപ്പ് അധിഷ്ഠിത ടാക്സികൾക്കും ഓട്ടോറിക്ഷകൾക്കുമായി പ്രത്യേക യാത്രക്കാരെ കയറ്റുന്ന കേന്ദ്രങ്ങൾ, പാർക്കിങ്, വീൽചെയർ സഹായം, സന്ദർശക സഹായസേവനങ്ങൾ എന്നിവ ലഭ്യമാകും. മേളയുടെ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേയിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭിക്കും. ടിക്കറ്റ് ബുക്കിങ്, രജിസ്ട്രേഷൻ, വഴികാട്ടിയും ഷട്ടിൽ റൂട്ടുകളും ഉൾപ്പെട്ട വേദിയുടെ ഭൂപടം, പവിലിയനുകളുടെയും പ്രദർശകരുടെയും വിവരപ്പട്ടിക, സാംസ്കാരിക പരിപാടികളുടെ കലണ്ടർ, വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനുള്ള സൗകര്യം എന്നിവ ആപ്പിലുണ്ടാകും. സംഘടനയുടെ സഹായകേന്ദ്രവുമായി ബന്ധപ്പെടാനും ഒറ്റത്തവണ അമർത്തി അടിയന്തര സഹായം തേടാനും ആപ്പിലൂടെ കഴിയും.
പൊതുജനങ്ങൾക്ക് പ്രവേശനം പത്തൊൻപതു മുതൽ; കലാവിരുന്നും ഒരുങ്ങുന്നു
മേളയോടനുബന്ധിച്ച് ഏഴ് വേദികളിലായി 87 സാംസ്കാരിക അവതരണങ്ങളും സംഗീത-നൃത്ത പരിപാടികളും അരങ്ങേറും. ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്ന പരിപാടികളിൽ ശാസ്ത്രീയ കലകളും നാടൻകലകളും ഉൾപ്പെടും. പ്രശസ്ത കലാകാരന്മാർക്കൊപ്പം യുവപ്രതിഭകളും പുതുമുഖങ്ങളും പങ്കെടുക്കും. ‘ദ മംഗണിയാർ സെഡക്ഷൻ’, ‘താൽ ഫ്രൈ’, ഹരിഹരൻ-പൃഥ്വി ഗന്ധർവ, ഷഹ്സാദ് അലി, സലിം-സുലൈമാൻ, നൈജീരിയൻ കലാകാരന്മാരും പങ്കെടുക്കുന്ന ‘റൂഹാനിയത്ത്’ എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഇവയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭിക്കും. പത്തൊൻപത് സംസ്ഥാനങ്ങളും സംഘടനകളും അവതരിപ്പിക്കുന്ന മറ്റു സാംസ്കാരിക പരിപാടികൾ മേളയുടെ പ്രവേശന ടിക്കറ്റുള്ളവർക്ക് അധിക നിരക്കില്ലാതെ കാണാം. നവംബർ 14 മുതൽ 18 വരെയുള്ള ആദ്യ അഞ്ച് ദിവസം വ്യാപാരികൾ തമ്മിലുള്ള ഇടപാടുകൾക്കായി എത്തുന്നവർക്കാണ് പ്രവേശനം. പൊതുജനങ്ങൾക്ക് നവംബർ 19 മുതൽ 27 വരെ പ്രവേശിക്കാം. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴരവരെയാണ് മേളയുടെ സമയം. പൊതുജനങ്ങളുടെ പ്രവേശനം വൈകിട്ട് അഞ്ചരവരെ അനുവദിക്കും. ഔദ്യോഗിക ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ്, മേളയുടെ ഔദ്യോഗിക മൊബൈൽ ആപ്പ് എന്നിവയിലൂടെ ടിക്കറ്റെടുക്കാം. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ 55 മെട്രോ സ്റ്റേഷനുകളിലും നേരിട്ട് ടിക്കറ്റുകൾ ലഭിക്കും. വ്യാപാരദിനങ്ങൾക്കും പൊതുജനങ്ങൾക്കുള്ള ദിവസങ്ങൾക്കും സീസൺ ടിക്കറ്റുകളുണ്ട്. പൊതുജനങ്ങൾക്കുള്ള ദിവസങ്ങളിൽ സാധുവായ സർക്കാർ തിരിച്ചറിയൽ രേഖയുമായി എത്തുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. ഭൈറോൺ റോഡിലെ മൂന്നും നാലും ഗേറ്റുകളിലൂടെയും മഥുര റോഡിലെ ആറും പത്തും ഗേറ്റുകളിലൂടെയും പൊതുസന്ദർശകർക്ക് പ്രവേശിക്കാം. കൂടുതൽ വിവരങ്ങളും പുതുക്കിയ അറിയിപ്പുകളും ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.