ന്യൂഡൽഹി / 2026 / നവംബർ 11
വ്യവസായ മാലിന്യങ്ങൾ നിർമാണമേഖലയിൽ ഉപയോഗിക്കാവുന്ന വിഭവങ്ങളാക്കി മാറ്റാനുള്ള സംയുക്ത സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും നോർവേയും ചർച്ച നടത്തി. നവംബർ പത്തിന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിലായിരുന്നു പരിപാടി. ഇന്ത്യയിലെ ശാസ്ത്ര-വ്യവസായ ഗവേഷണ കൗൺസിലായ സി.എസ്.ഐ.ആർ., നോർവേയിലെ ഗവേഷണസ്ഥാപനമായ സിന്റഫ്, റിസർച്ച് കൗൺസിൽ ഓഫ് നോർവേ എന്നിവ സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്. സിമന്റ്, നിർമാണ മേഖലകളിൽ മാലിന്യത്തെ വിഭവമാക്കാനുള്ള പരിഹാരങ്ങളായിരുന്നു വിഷയം. സുസ്ഥിര മാലിന്യസംസ്കരണത്തിനും വിഭവങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള സഹകരണം ചർച്ച ചെയ്യാൻ സി.എസ്.ഐ.ആർ. സ്ഥാപനങ്ങൾ, സിന്റഫ്, നിയന്ത്രണ ഏജൻസികൾ, സിമന്റ്-നിർമാണ വ്യവസായങ്ങൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേയിലെ നോർവേ സന്ദർശനത്തിനിടെ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയുമായി ചേർന്ന് മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ തുടർച്ചയായാണ് സംവാദം നടന്നത്. അന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം ഹരിത തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തിയിരുന്നു. വിഭവങ്ങളുടെ പുനരുപയോഗം, ശുദ്ധ സാങ്കേതികവിദ്യ, ഗവേഷണം എന്നിവയ്ക്കായിരുന്നു അതിൽ മുഖ്യസ്ഥാനം. സി.എസ്.ഐ.ആർ.–സി.ബി.ആർ.ഐ.യിലെ പ്രൊഫസർ എസ്.കെ. സിങ് വിശിഷ്ടാതിഥികളെയും പങ്കാളികളെയും സ്വാഗതം ചെയ്തു.
ഗവേഷണഫലങ്ങൾ വ്യവസായത്തിൽ പ്രയോഗിക്കണം
ഉദ്ഘാടന സമ്മേളനത്തിൽ സി.എസ്.ഐ.ആർ. ആസ്ഥാനത്തെ ഐ.എസ്.ടി.എ.ഡി. മേധാവി ഡോ. രമ സ്വാമി ബൻസാൽ, ന്യൂഡൽഹിയിലെ റോയൽ നോർവീജിയൻ എംബസിയിലെ ഡോ. ആർവിൻ ഗാഡ്ഗിൽ, സിന്റഫിലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. കോറെ ഹെൽഗെ കാർസ്റ്റൻസൻ, സി.എസ്.ഐ.ആർ.–സി.ബി.ആർ.ഐ. ഡയറക്ടർ പ്രൊഫസർ ആർ. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സി.എസ്.ഐ.ആർ. സ്ഥാപനങ്ങളും സിന്റഫും വ്യവസായ പങ്കാളികളും ചേർന്ന് സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകുന്ന സംയുക്ത പദ്ധതികൾ തയ്യാറാക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ഗവേഷണഫലങ്ങളെ പ്രായോഗികമായും വിപുലമായ തോതിലും ഉപയോഗിക്കാവുന്ന പരിഹാരങ്ങളാക്കുന്നതിനായിരുന്നു ഊന്നൽ.
വിഭവങ്ങൾ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന രീതിയിൽനിന്ന് അവ വീണ്ടും ഉപയോഗിക്കുന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ ആവശ്യകത പ്രൊഫസർ ആർ. പ്രദീപ് കുമാർ ചൂണ്ടിക്കാട്ടി. നിർമാണ-വ്യവസായ മാലിന്യങ്ങളെ വിലപ്പെട്ട വിഭവങ്ങളാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിന്റെയും കെട്ടിടം പൊളിക്കുന്നതിന്റെയും അവശിഷ്ടങ്ങൾ, ഉരുക്ക് ഉൽപാദനത്തിലെ സ്ലാഗ്, ഫ്ലൈ ആഷ്, റെഡ് മഡ്, മറ്റ് വ്യവസായ അവശിഷ്ടങ്ങൾ എന്നിവയുടെ ഉപയോഗസാധ്യതകൾ ചർച്ച ചെയ്തു. സംസ്കരണ സാങ്കേതികവിദ്യ, നിലവാരനിർണയം, സാമ്പത്തികമായി പ്രായോഗികമാക്കൽ, വിപണിയിലെ സ്വീകാര്യത എന്നിവയിലെ വെല്ലുവിളികളും പരിശോധിച്ചു.
അപകടകരമായ മാലിന്യങ്ങൾ സംസ്കരിക്കാൻ സിമന്റ് ചൂളകൾ
ദീർഘകാലം പരിസ്ഥിതിയിൽ നിലനിൽക്കുന്ന ജൈവ മലിനകാരികളുടെയും അപകടകരമായ മാലിന്യങ്ങളുടെയും സുരക്ഷിത നശീകരണത്തെക്കുറിച്ചുള്ള സാങ്കേതിക സമ്മേളനത്തിന് ഡോ. കോറെ ഹെൽഗെ കാർസ്റ്റൻസനും സി.എസ്.ഐ.ആർ.–നീരിയിലെ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. രമേഷ് കുമാറും നേതൃത്വം നൽകി. ഇത്തരം മലിനകാരികൾ, ഡി.ഡി.ടി., പി.സി.ബി. കലർന്ന വസ്തുക്കൾ തുടങ്ങിയ അനുയോജ്യമായ അപകടകരമായ മാലിന്യങ്ങൾ സിമന്റ് ചൂളകളിൽ സഹസംസ്കരണത്തിലൂടെ പരിസ്ഥിതിക്ക് അനുയോജ്യമായി കൈകാര്യം ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ചു.
സ്റ്റോക്ക്ഹോം കൺവെൻഷനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതകൾക്ക് അനുസൃതമായ ദേശീയ നടപ്പാക്കൽ പദ്ധതി സി.എസ്.ഐ.ആർ.–നീരി അവതരിപ്പിച്ചു. നിർമാണ-പൊളിക്കൽ മാലിന്യവുമായി ബന്ധപ്പെട്ട 2025-ലെ ചട്ടങ്ങൾ, അനുബന്ധ നിയന്ത്രണങ്ങൾ, മുമ്പുമുതൽ ശേഷിക്കുന്ന ദീർഘകാല ജൈവ മലിനകാരികളുടെ ശേഖരവിവരങ്ങൾ എന്നിവയും അവതരിപ്പിച്ചു. നിയന്ത്രിതമായ ഉയർന്ന താപനിലയിൽ അപകടകരമായ ജൈവ മലിനകാരികളെ സിമന്റ് ചൂളകളിൽ നശിപ്പിക്കാനുള്ള സാധ്യതകൾ സിന്റഫ് അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചു. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് പകരം മാലിന്യത്തിൽനിന്നുള്ള ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും ചർച്ചയായി. അനുയോജ്യമായ സാങ്കേതിക നടപടിക്രമങ്ങൾ, നിയന്ത്രിത വ്യവസായ പരീക്ഷണങ്ങൾ, പുറന്തള്ളൽ നിരീക്ഷണം, നിയന്ത്രണ വ്യവസ്ഥകൾ പാലിക്കൽ എന്നിവയുടെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.
റോഡിലും കോൺക്രീറ്റിലും വ്യവസായ അവശിഷ്ടങ്ങൾ
ഫ്ലൈ ആഷ്, കോപ്പർ സ്ലാഗ്, റെഡ് മഡ്, പ്ലാസ്റ്റിക് മാലിന്യം, ഉരുക്കുതരികൾ, മറ്റ് വ്യവസായ ഉപോൽപന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ സി.എസ്.ഐ.ആർ.–സി.ആർ.ആർ.ഐ.യും സി.എസ്.ഐ.ആർ.–ആംപ്രിയും അവതരിപ്പിച്ചു. റോഡ് നിർമാണം, ജിയോപോളിമർ കോൺക്രീറ്റ്, പ്രത്യേക നിർമാണ കല്ലുതരികൾ, മൂല്യവർധിത നിർമാണ ഉൽപന്നങ്ങൾ എന്നിവയിലായിരുന്നു ഉപയോഗസാധ്യതകൾ. അപകടകരമായ മാലിന്യങ്ങളുടെ സുരക്ഷിത പരിപാലനത്തിനും നിർമാർജനത്തിനുമുള്ള വെല്ലുവിളികളും ആവശ്യമായ സാങ്കേതികവിദ്യകളും സി.എസ്.ഐ.ആർ.–നീരിയും വ്യവസായ പ്രതിനിധികളും ചർച്ച ചെയ്തു.

നിർമാണ-പൊളിക്കൽ മാലിന്യങ്ങളുടെ പുനഃസംസ്കരണത്തെക്കുറിച്ചുള്ള പ്രത്യേക സമ്മേളനത്തിന് സിന്റഫിലെ ഡോ. ക്രിസ്റ്റ്യൻ ജോൺ എംഗൽസൻ നേതൃത്വം നൽകി. പുനഃസംസ്കരിച്ച കല്ലുതരികൾ ഉപയോഗിച്ചുള്ള നിർമാണ ഉൽപന്നങ്ങൾ, സഞ്ചരിക്കുന്ന പുനഃസംസ്കരണ യൂണിറ്റുകൾ, മാലിന്യത്തിലെ അനാവശ്യ ഘടകങ്ങൾ നീക്കാനുള്ള മെച്ചപ്പെട്ട സംസ്കരണരീതികൾ തുടങ്ങിയ അന്താരാഷ്ട്ര മാതൃകകൾ അവതരിപ്പിച്ചു. നിർമാണത്തിൽ സ്ലാഗും മറ്റ് ഉപോൽപന്നങ്ങളും ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രൊഫസർ എസ്.കെ. സിങ് അവതരണം നടത്തി. നിർമാണ സാമഗ്രികളിലെ അവയുടെ ഉപയോഗസാധ്യതകളും വ്യവസായ മാലിന്യങ്ങൾ സുസ്ഥിരമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
രണ്ടോ മൂന്നോ സംയുക്ത ഗവേഷണ പദ്ധതികൾക്ക് മുൻഗണന
ഭാവിയിലെ സഹകരണത്തിനായി നിരവധി മുൻഗണനാമേഖലകൾ സംവാദം കണ്ടെത്തി. ഇന്ത്യയും നോർവേയും ചേർന്ന് രണ്ടോ മൂന്നോ ഗവേഷണ പദ്ധതിനിർദേശങ്ങൾ തയ്യാറാക്കുക, അപകടകരമായ മാലിന്യസംസ്കരണത്തിന് പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രദർശന പദ്ധതികൾ നടപ്പാക്കുക, ഡി.ഡി.ടി.യും പി.സി.ബി.യും കലർന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യാൻ സാങ്കേതിക മാർഗനിർദേശങ്ങൾ തയ്യാറാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാലിന്യത്തിൽനിന്നുള്ള നിർമാണ സാമഗ്രികൾ വികസിപ്പിക്കുന്നതിനും വ്യവസായ-അക്കാദമിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും മുൻഗണന നൽകും.

ഉഭയകക്ഷി ഗവേഷണ-സാങ്കേതിക സഹകരണം ശക്തിപ്പെടുത്തണമെന്ന പൊതുനിലപാടോടെയാണ് പരിപാടി സമാപിച്ചത്. വിഭവങ്ങളുടെ പുനരുപയോഗത്തിന് ഊന്നൽ നൽകുന്ന നിർമാണരീതികൾ പ്രോത്സാഹിപ്പിക്കാനും സുസ്ഥിരവും വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതുമായ സിമന്റ്-നിർമാണ മേഖലകളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനും പങ്കാളികൾ ഊന്നൽ നൽകി.