ന്യൂഡൽഹി / 2026 / നവംബർ 01
ദേശീയ അവയവമാറ്റ കായികമേളയ്ക്ക് ന്യൂഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ തുടക്കമായി. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ നവംബർ ഒന്നിന് മേള ഉദ്ഘാടനം ചെയ്തു. അവയവങ്ങൾ സ്വീകരിച്ചവരും ദാതാക്കളും പങ്കെടുക്കുന്ന മേള, ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കാരുണ്യത്തിന്റെയും വിലപ്പെട്ട ജീവന്റെയും ആഘോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംരംഭത്തിന് നേതൃത്വം നൽകിയ റീനൽ കെയർ ഫൗണ്ടേഷൻ, സർ ഗംഗാറാം ആശുപത്രി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ അവയവ കോശ മാറ്റിവയ്ക്കൽ സംഘടനയായ നോട്ടോ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.
കായികമത്സരം എന്നതിലുപരി, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ അതിജീവനശേഷിയാണ് മേള ആഘോഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ആധുനിക വൈദ്യശാസ്ത്രത്തിന് ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെ തെളിവുകൂടിയാണിത്. മത്സരാർഥികളുടെ ധൈര്യം, അച്ചടക്കം, കായികമനോഭാവം എന്നിവയെ അദ്ദേഹം പ്രശംസിച്ചു. അവരുടെ നേട്ടങ്ങൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടത്തിനിടയിലും പ്രതീക്ഷ നൽകുന്ന മഹാദാനം
നിസ്വാർഥ സേവനത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. പൊതുനന്മയ്ക്കുവേണ്ടിയുള്ള സമർപ്പണത്തിന്റെ കാലാതീതമായ പ്രതീകമാണ് മഹർഷി ദധീചിയുടെ ത്യാഗമെന്ന് അദ്ദേഹം പറഞ്ഞു. അവയവദാനം ഒരു മഹാദാനമാണ്. പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷ നിലനിർത്താൻ അതിലൂടെ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പ്രഭാഷണങ്ങളിൽ അവയവദാനത്തിന്റെ പ്രാധാന്യം തുടർച്ചയായി ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഇത് രാജ്യത്തെ അവയവദാന പ്രസ്ഥാനത്തിന് വലിയ ഊർജം നൽകിയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഒരു ദാതാവിലൂടെ എട്ടുപേരുടെ ജീവൻ രക്ഷിക്കാം
മരണശേഷം അവയവങ്ങൾ ദാനം ചെയ്തവർക്കും അവരുടെ കുടുംബങ്ങൾക്കും ഉപരാഷ്ട്രപതി ആദരമർപ്പിച്ചു. അവരുടെ നിസ്വാർഥമായ തീരുമാനങ്ങൾ മറ്റുള്ളവർക്ക് ജീവിതത്തിലേക്ക് രണ്ടാമതൊരു അവസരം നൽകുന്നു. ജീവിച്ചിരിക്കുമ്പോൾ അവയവങ്ങൾ ദാനം ചെയ്യുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉന്നതമായ മാതൃകയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. മരണശേഷം ഒരാളുടെ അവയവദാനത്തിലൂടെ എട്ടുപേരുടെ വരെ ജീവൻ രക്ഷിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കണമെന്നും തെറ്റായ ധാരണകളും മിഥ്യാവിശ്വാസങ്ങളും മാറ്റണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ശരിയായ വിവരങ്ങൾ മനസ്സിലാക്കി തീരുമാനമെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കണം. അവയവദാനത്തെക്കുറിച്ചുള്ള തങ്ങളുടെ ആഗ്രഹം കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കാനും പ്രേരിപ്പിക്കണം. അവയവങ്ങൾ സ്വീകരിച്ചവർ, ദാതാക്കൾ, ആരോഗ്യപ്രവർത്തകർ, ഇവരുടെ കുടുംബങ്ങൾ എന്നിവരെ ഒരുമിപ്പിക്കുന്ന ഈ മേള അതിനുള്ള മികച്ച വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ച് താഡാസനം ചെയ്ത് 570 പേർ; ലോക റെക്കോഡ്
ജർമനിയിലെ ഡ്രെസ്ഡനിൽ നടന്ന 2025ലെ ലോക അവയവമാറ്റ കായികമേളയിലെ മെഡൽ ജേതാക്കളെ ഉപരാഷ്ട്രപതി ആദരിച്ചു. സിന്ദഗി ദൊബാര കലണ്ടറും അദ്ദേഹം പ്രകാശനം ചെയ്തു. തുടർന്ന് അവയവങ്ങൾ സ്വീകരിച്ചവരും ദാതാക്കളുമായ 570 പേർ ഒരുമിച്ച് താഡാസനം ചെയ്ത് ലോക റെക്കോഡ് സ്ഥാപിക്കുന്നതിന് അദ്ദേഹം സാക്ഷിയായി. അവയവങ്ങൾ സ്വീകരിച്ചവരും ദാതാക്കളും ചേർന്ന ഏറ്റവും വലിയ താഡാസന കൂട്ടായ്മയ്ക്കുള്ള സർട്ടിഫിക്കറ്റ് ന്യൂഡൽഹിയിലെ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് സംഘാടകർക്ക് കൈമാറി.
ചടങ്ങിൽ പങ്കെടുത്തവർക്കൊപ്പം ഉപരാഷ്ട്രപതിയും അവയവദാന പ്രതിജ്ഞയെടുത്തു. കബഡി, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നിവയുടെ പ്രദർശന മത്സരങ്ങളും അദ്ദേഹം കണ്ടു.
അവയവങ്ങൾക്കായുള്ള കാത്തിരിപ്പിൽ ജീവൻ നഷ്ടപ്പെടരുത്
മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന മനുഷ്യത്വത്തിന്റെ ശക്തമായ പ്രകടനമായി അവയവദാനത്തെ മാറ്റണമെന്ന് പ്രസംഗത്തിന്റെ സമാപനത്തിൽ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. കൂടുതൽ രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയ ലഭിക്കുന്ന സമൂഹത്തിനായി പ്രവർത്തിക്കണം. അവയവങ്ങൾക്കായി കാത്തിരിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്റാവു ജാധവ്, ലോക്സഭാംഗം ബാൻസുരി സ്വരാജ്, സർ ഗംഗാറാം ട്രസ്റ്റ് സൊസൈറ്റി ചെയർമാനും മേളയുടെ മുഖ്യ രക്ഷാധികാരിയുമായ ഡോ. ഡി. എസ്. റാണ, മേളയുടെ സംഘാടക ചെയർമാൻ ഡോ. എ. കെ. ഭല്ല, നോട്ടോ ഡയറക്ടർ ഡോ. അനിൽ കുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
.