ന്യൂഡൽഹി, 2026 നവംബർ 25 –
കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ക്ഷേമപദ്ധതികളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്ന സമാവേശ് പോർട്ടലും ഗ്രാന്റ് അപേക്ഷകൾ ലളിതമാക്കുന്ന പുതിയ ഇ–അനുദാൻ പോർട്ടലും പുറത്തിറക്കി. കേന്ദ്രമന്ത്രി ഡോ. വീരേന്ദ്ര കുമാറും സഹമന്ത്രി ബി. എൽ. വർമയും ചേർന്ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ബുധനാഴ്ച ഇവ അവതരിപ്പിച്ചത്. ഗുണഭോക്താക്കൾക്കും പദ്ധതികൾ നടപ്പാക്കുന്ന സ്ഥാപനങ്ങൾക്കും നടപടിക്രമങ്ങൾ ലളിതമാക്കാനും സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനുമാണ് പുതിയ സംവിധാനങ്ങൾ. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ദേശീയ ഇ–ഗവേണൻസ് വിഭാഗം, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സന്നദ്ധ സംഘടനകൾ, മറ്റു പങ്കാളി സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
33 പോർട്ടലുകൾ ഇനി ഒരിടത്ത്
വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ ഒരിടത്ത് കൊണ്ടുവരുന്ന നിർണായക മാറ്റമാണ് സമാവേശെന്ന് വീരേന്ദ്ര കുമാർ പറഞ്ഞു. നിർമിത ബുദ്ധിയും ഡിജിറ്റൽ സേവനങ്ങളുടെ ഏകീകരണവും വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും ക്ഷേമപദ്ധതികൾ കൂടുതൽ ഫലപ്രദമായും സുതാര്യമായും ജനങ്ങളിലെത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റൽ നടപടികൾ ലളിതമാകുന്നതോടെ പിന്നാക്ക, പാർശ്വവത്കൃത വിഭാഗങ്ങൾക്കുൾപ്പെടെ സർക്കാർ പദ്ധതികളുടെ വിവരങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭിക്കുമെന്ന് ബി. എൽ. വർമ പറഞ്ഞു. 33 പോർട്ടലുകൾ ഒരൊറ്റ സംവിധാനത്തിൽ ചേർത്തത് മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഭരണത്തിലെ വലിയ മുന്നേറ്റമാണെന്ന് സെക്രട്ടറി സുധാൻഷ് പന്ത് പറഞ്ഞു.
സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് വികസിപ്പിച്ച സമാവേശിലൂടെ ഓരോ പദ്ധതിക്കും വേറെ വെബ്സൈറ്റ് തേടേണ്ട ബുദ്ധിമുട്ട് കുറയും. ഒരേ ലോഗിൻ ഉപയോഗിച്ച് സേവനങ്ങളിലെത്താം. ഗുണഭോക്താക്കളുടെ വിവരങ്ങൾ ഒരിടത്ത് കാണാനും പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാനും ഏകീകൃത ഡാഷ്ബോർഡുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമം, ദേശീയ വിദേശ പഠന സ്കോളർഷിപ്പ്, നശാ മുക്ത് ഭാരത് അഭിയാൻ, അതിക്രമങ്ങൾക്കെതിരായ ദേശീയ ഹെൽപ്ലൈനായ സംബൽ, പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന, സ്മൈൽ എന്നീ ആറ് പ്രധാന പദ്ധതി പോർട്ടലുകളും ഇതിലുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം, ഭിക്ഷാടനം ചെയ്യുന്നവരുടെ പുനരധിവാസം, ഗരിമ ഗൃഹ് എന്നിവ സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുന്നു.
12 സ്ഥാപനങ്ങളുടെ സേവനങ്ങളും 22 ഭാഷകളിൽ സഹായവും
ഡോ. അംബേദ്കർ ഫൗണ്ടേഷൻ, ബാബു ജഗ്ജീവൻ റാം നാഷണൽ ഫൗണ്ടേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ്, ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്റർ എന്നിവയുടെ പോർട്ടലുകളും സമാവേശിൽ ലഭ്യമാണ്. പട്ടികജാതി, പിന്നാക്കവിഭാഗ, ശുചീകരണ തൊഴിലാളി ധനകാര്യ വികസന കോർപ്പറേഷനുകളുടെയും പിന്നാക്കവിഭാഗ, പട്ടികജാതി, ശുചീകരണ തൊഴിലാളി ദേശീയ കമ്മീഷനുകളുടെയും പോർട്ടലുകളും ഇതിൽ ചേർത്തിട്ടുണ്ട്. ഡീനോട്ടിഫൈഡ്, നാടോടി, അർധനാടോടി സമൂഹങ്ങൾക്കായുള്ള വികസന ക്ഷേമ ബോർഡും വകുപ്പിന്റെ സാമൂഹിക നീതി പോർട്ടലും ഉൾപ്പെടെ 12 സ്ഥാപന പോർട്ടലുകളാണ് ഒരുമിപ്പിച്ചത്.
നിർമിത ബുദ്ധി ഉപയോഗിക്കുന്ന ‘സാമാജിക് സഹായക്’ ചാറ്റ്ബോട്ട് വഴി ക്ഷേമപദ്ധതികൾ, അർഹതാ മാനദണ്ഡങ്ങൾ, സേവനങ്ങൾ എന്നിവയെക്കുറിച്ച് 22 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. ഭാഷിണിയുടെ സഹായത്തോടെ പരിചിതമായ ഭാഷയിൽ വിവരങ്ങൾ ലഭിക്കുന്നത് ഭാഷാതടസ്സം കുറയ്ക്കാനും പദ്ധതികളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനും സഹായിക്കും. ഡിജിലോക്കർ വഴി രേഖകൾ സുരക്ഷിതമായി ലഭ്യമാക്കാം. പൊതുധനകാര്യ മാനേജ്മെന്റ് സംവിധാനമായ പിഎഫ്എംഎസുമായി ബന്ധിപ്പിച്ചതിനാൽ സേവനങ്ങളും പണമിടപാടുകളും സംബന്ധിച്ച വിവരങ്ങൾ കൂടുതൽ വ്യക്തമായി കാണാം. ഇന്ത്യൻ സർക്കാർ വെബ്സൈറ്റുകൾക്കുള്ള മൂന്നാം പതിപ്പ് മാർഗരേഖ, ഡിജിറ്റൽ ബ്രാൻഡ് ഐഡന്റിറ്റി മാനുവൽ, പ്രവേശനക്ഷമതാ മാനദണ്ഡങ്ങൾ എന്നിവ പാലിച്ചാണ് പോർട്ടലുകളുടെ രൂപകൽപ്പനയും ഉള്ളടക്കവും ഏകീകരിച്ചത്.
ഭാഷാ സേവനത്തിനും തൊഴിൽ പരിശീലനത്തിനും ധാരണ
മന്ത്രാലയം ഡയറക്ടർ ആസ്തിക് കുമാർ പാണ്ഡെയും ഭാഷിണി മേധാവി അമിതാഭ് നാഗും ബഹുഭാഷാ സേവനത്തിനുള്ള ധാരണാപത്രം കൈമാറി. വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും സംബന്ധിച്ച വിവരങ്ങൾ കൂടുതൽ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കാനാണ് ഭാഷാ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഭാഷാതടസ്സം നേരിടുന്നവർക്ക് പദ്ധതികളുടെ വ്യവസ്ഥകൾ എളുപ്പത്തിൽ മനസ്സിലാക്കാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഈ സഹകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.
മന്ത്രാലയം ഡയറക്ടർ അമരേഷ് ബഹാദൂർ പാലും ദേശീയ നൈപുണ്യ വികസന കോർപ്പറേഷന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പ്രശാന്ത് സിൻഹയും മറ്റൊരു ധാരണാപത്രം കൈമാറി. പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജനയിലെ ഗ്രാന്റ് വിഭാഗത്തിന്റെ ഗുണഭോക്താക്കൾക്ക് നൈപുണ്യ പരിശീലനവും തൊഴിൽ അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പരിശീലനവും തൊഴിൽ കേന്ദ്രീകൃത പിന്തുണയും വഴി ഗുണഭോക്താക്കളുടെ തൊഴിൽ നേടാനുള്ള കഴിവും ഉപജീവന അവസരങ്ങളും മെച്ചപ്പെടുത്തും. ക്ഷേമസഹായം, നൈപുണ്യ വികസനം, സാമ്പത്തിക ശാക്തീകരണം എന്നിവയെ ബന്ധിപ്പിക്കാനാണ് ഈ സഹകരണം.
ഇ–അനുദാനിൽ അപേക്ഷാ ഫോമുകൾ 283ൽനിന്ന് 182 ആയി
ലഹരിമരുന്നുകളുടെ ആവശ്യകത കുറയ്ക്കാനുള്ള ദേശീയ കർമപദ്ധതി, സ്മൈൽ, അടൽ വയോ അഭ്യുദയ് യോജന, ശ്രേഷ്ഠ പദ്ധതിയുടെ ഒന്നും രണ്ടും രീതികൾ എന്നിവയിലെ ഗ്രാന്റ് നടപടികൾ പുതിയ ഇ–അനുദാനിൽ ഒരുമിപ്പിച്ചു. സന്നദ്ധ സംഘടനകൾക്കും മറ്റു നിർവഹണ സ്ഥാപനങ്ങൾക്കും അപേക്ഷ നൽകുന്നത് എളുപ്പമാക്കാൻ ആവശ്യമായ രേഖകൾ കുറച്ചു. ഇ–അനുദാൻ 2.0ൽ ഫോമുകളുടെ എണ്ണം 283ൽനിന്ന് 182 ആയി. ഓരോ പദ്ധതിക്കും പൊതുവായ തിരിച്ചറിയൽ നമ്പറുണ്ടാകും. ഒരിക്കൽ നൽകിയ വിവരങ്ങൾ അപേക്ഷയുടെ തുടർഘട്ടങ്ങളിൽ സ്വയം പൂരിപ്പിക്കും. ഡാഷ്ബോർഡും ഓൺലൈൻ അറിയിപ്പുകളും വഴി അപേക്ഷയുടെ നിലയും പൂർത്തിയാക്കാനുള്ള നടപടികളും അറിയാം. എൻജിഒ ദർപ്പൺ, യുഡൈസ് പ്ലസ് തുടങ്ങിയ വിവരശേഖരങ്ങളുമായി രേഖകൾ സ്വയം ഒത്തുനോക്കുന്നതിനാൽ കുറവുകൾ നേരത്തേ കണ്ടെത്താനും നടപടികളിലെ കാലതാമസം കുറയ്ക്കാനും കഴിയും.
ഭാരത് വിസി വഴി 15 മിനിറ്റ് മുമ്പ് അറിയിപ്പ് നൽകി തത്സമയം വിദൂര പരിശോധന നടത്താം. വിഡിയോ പരിശോധനയ്ക്കൊപ്പം സ്ഥലം രേഖപ്പെടുത്തിയ ചിത്രങ്ങളും വിഡിയോകളും ഹാജർ രേഖകളും നിരീക്ഷണത്തിന് ഉപയോഗിക്കും. പിഎഫ്എംഎസുമായി ബന്ധിപ്പിച്ചതിലൂടെ ഫണ്ട് അനുവദിക്കുന്നതും പണം കൈമാറുന്നതും പിന്തുടരാം. ഗ്രാന്റ് നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തവും വകുപ്പിന്റെ മേൽനോട്ടവും ശക്തിപ്പെടുത്താനുമാണ് ഈ സൗകര്യങ്ങൾ. നിർമിത ബുദ്ധി, ഭാഷിണി, ഡിജിലോക്കർ, പിഎഫ്എംഎസ് എന്നിവയുടെ ഏകീകരണവും സേവനങ്ങൾ എളുപ്പത്തിലാക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
ഘട്ടംഘട്ടമായി പോർട്ടലുകൾ ഒരുമിപ്പിച്ചു
അഡീഷണൽ സെക്രട്ടറി മോന കെ. ഖണ്ഡാറിന്റെ നേതൃത്വത്തിലും തുടർച്ചയായ അവലോകനത്തിലുമാണ് സമാവേശ് വികസിപ്പിച്ച് നടപ്പാക്കിയത്. വിവിധ വിഭാഗങ്ങളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിക്കുന്നതിൽ അവരുടെ മേൽനോട്ടം പ്രധാന പങ്കുവഹിച്ചു. മന്ത്രാലയത്തിന്റെ വിവരസാങ്കേതിക വിഭാഗം ദേശീയ ഇ–ഗവേണൻസ് വിഭാഗവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും മറ്റു പങ്കാളികളും ചേർന്ന് പോർട്ടലുകൾ ബന്ധിപ്പിച്ചു. വിവരങ്ങൾ പുതിയ സംവിധാനത്തിലേക്ക് മാറ്റുക, പ്രവർത്തനം പരിശോധിക്കുക, ഉള്ളടക്കം ഏകോപിപ്പിക്കുക, സാങ്കേതിക അവലോകനം നടത്തുക, പൊതുവായ ഡിജിറ്റൽ മാനദണ്ഡങ്ങൾ നടപ്പാക്കുക എന്നിവയും ഈ സംഘം നിർവഹിച്ചു. പദ്ധതി പോർട്ടലുകളും സ്ഥാപന വെബ്സൈറ്റുകളും ഘട്ടംഘട്ടമായി ചേർത്തതോടെ വകുപ്പിലെ ഡിജിറ്റൽ സേവനങ്ങൾ ഒരിടത്ത് കൈകാര്യം ചെയ്യാനായി.
മോന കെ. ഖണ്ഡാർ, ആസ്തിക് കുമാർ പാണ്ഡെ, വിവരസാങ്കേതിക സംഘം, സാങ്കേതിക പങ്കാളികൾ എന്നിവരുടെ പ്രവർത്തനത്തെ സുധാൻഷ് പന്ത് അഭിനന്ദിച്ചു. സാങ്കേതികവിദ്യ ഉപയോഗിച്ച് ദൈനംദിന സേവനങ്ങൾ എളുപ്പമാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് മന്ത്രാലയം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക, പാർശ്വവത്കൃത വിഭാഗങ്ങളിലേക്കും ഡിജിറ്റൽ ക്ഷേമസേവനങ്ങളുടെ പ്രയോജനം എത്തിക്കുകയാണ് ഇരു പദ്ധതികളുടെയും ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.