ന്യൂഡൽഹി / 2026 / ഒക്ടോബർ 28
വരാനിരിക്കുന്ന മഞ്ഞുകാലത്ത് വിമാനത്താവളങ്ങളുടെ പ്രവർത്തനം സുഗമമാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം ആദ്യ മുന്നൊരുക്ക യോഗം ചേർന്നു. വ്യോമയാന സെക്രട്ടറി സമീർ കുമാർ സിൻഹയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 2026–27 മഞ്ഞുകാലത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും വിലയിരുത്തി. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ മേധാവി വീർ വിക്രം യാദവ്, എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ പുനീത് കൻസാൽ എന്നിവർ പങ്കെടുത്തു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, കേന്ദ്ര വ്യവസായ സുരക്ഷാസേന, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിലുണ്ടായിരുന്നു. ഡൽഹി വിമാനത്താവളത്തിന്റെയും മൂടൽമഞ്ഞ് ബാധിക്കുന്ന മറ്റു വിമാനത്താവളങ്ങളുടെയും വിമാനക്കമ്പനികളുടെയും പ്രതിനിധികളും പങ്കെടുത്തു.
ഡിസംബർ 15 മുതൽ മൂടൽമഞ്ഞിന് സാധ്യത; നേരത്തേ ഒരുക്കം വേണം
2026 ഡിസംബർ 15 മുതൽ 2027 ഫെബ്രുവരി 15 വരെയായിരിക്കും മൂടൽമഞ്ഞുകാലമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സമയത്ത് വിമാനത്താവളങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനും തടസ്സങ്ങളുണ്ടാകുമ്പോൾ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനുമായിരുന്നു യോഗത്തിൽ മുൻഗണന. മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്, സമയബന്ധിതമായ അറിയിപ്പുകൾ, ബന്ധപ്പെട്ട ഏജൻസികൾ തമ്മിലുള്ള ഫലപ്രദമായ ഏകോപനം എന്നിവ ഉറപ്പാക്കണമെന്ന് നിർദേശിച്ചു. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്താൽ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകണം. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ മേൽനോട്ടം വഹിക്കണം. ബാധകമായ നിർദേശങ്ങൾ പാലിക്കുന്നതും വിമാനങ്ങളുടെയും ജീവനക്കാരുടെയും സജ്ജീകരണവും പരിശോധിക്കണം. വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഫലപ്രദമായ സഹായസംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
കാഴ്ച കുറയുമ്പോഴും സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കണം
ഉപകരണങ്ങളുടെ സഹായത്തോടെ വിമാനം ഇറക്കാനുള്ള സംവിധാനവും റൺവേയിലെ കാഴ്ചാപരിധി അളക്കുന്ന സംവിധാനവും സജ്ജമാണെന്ന് എയർപോർട്ട്സ് അതോറിറ്റിയും വിമാനത്താവള നടത്തിപ്പുകാരും ഉറപ്പാക്കണം. വിമാനങ്ങൾ സഞ്ചരിക്കുകയും നിർത്തിയിടുകയും ചെയ്യുന്ന മേഖലകളിലെ സുരക്ഷ, ആവശ്യത്തിന് യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ടെർമിനൽ സൗകര്യം, കാഴ്ചാപരിധി കുറയുമ്പോഴുള്ള പ്രവർത്തന ഏകോപനം എന്നിവയും ഉറപ്പാക്കണം. ഇത്തരം സാഹചര്യങ്ങളിൽ സർവീസ് നടത്താൻ യോഗ്യതയുള്ള ജീവനക്കാരെയും ചട്ടങ്ങൾ പാലിക്കുന്ന വിമാനങ്ങളെയും വിമാനക്കമ്പനികൾ ലഭ്യമാക്കണം. പ്രായോഗികമായ സമയക്രമം തയ്യാറാക്കുകയും സർവീസുകളുടെ കാര്യത്തിൽ സമയബന്ധിതമായി തീരുമാനമെടുക്കുകയും വേണം. വിശ്വസനീയമായ കാലാവസ്ഥാ പ്രവചനങ്ങളും പതിവായ നിരീക്ഷണങ്ങളും സമയബന്ധിതമായ കാലാവസ്ഥാ അറിയിപ്പുകളും നൽകാൻ കാലാവസ്ഥാ വകുപ്പിനോട് നിർദേശിച്ചു. സർവീസുകൾ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും. വിമാനങ്ങളുടെ സഞ്ചാരക്രമം സുരക്ഷിതമായി ക്രമീകരിക്കാൻ വ്യോമഗതാഗത നിയന്ത്രണ വിഭാഗവും വ്യോമനാവിഗേഷൻ സേവനദാതാക്കളും നടപടി സ്വീകരിക്കണം. കാഴ്ചാപരിധി കുറയുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കുകയും മൂടൽമഞ്ഞിനിടെ ഗതാഗത നിയന്ത്രണം ഏകോപിപ്പിക്കുകയും വേണം.
വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാരെ ഉടൻ അറിയിക്കണം
വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും പുതുക്കിയ പുറപ്പെടൽ സമയവും യാത്രക്കാരെ സമയബന്ധിതമായി അറിയിക്കണമെന്ന് വിമാനക്കമ്പനികളോട് നിർദേശിച്ചു. എസ്എംഎസ്, മൊബൈൽ ആപ്പുകൾ, ഇമെയിൽ എന്നിവയിലൂടെ വിവരങ്ങൾ നൽകണം. സ്വന്തം വിമാനത്തെക്കുറിച്ച് മതിയായ വിവരം ലഭിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ആവശ്യമായ സാഹചര്യങ്ങളിൽ ടെർമിനലിലേക്ക് വീണ്ടും പ്രവേശിക്കുന്നതും വിമാനത്തിൽ വീണ്ടും കയറുന്നതും ഉൾപ്പെടെ യാത്രക്കാരുടെ സഞ്ചാരം സുരക്ഷിതവും ക്രമബദ്ധവുമാക്കുന്നതിൽ വ്യോമയാന സുരക്ഷാ ബ്യൂറോയുടെയും കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെയും പങ്കും ചർച്ച ചെയ്തു. തങ്ങളുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾക്ക് ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണം. ലഗേജ് കൈകാര്യം ചെയ്യൽ കാര്യക്ഷമമാക്കണം. വിമാനങ്ങളെ അടുത്ത സർവീസിനായി സമയബന്ധിതമായി സജ്ജമാക്കുകയും പ്രവർത്തനതടസ്സങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുകയും വേണം.
നീണ്ട കാത്തിരിപ്പിൽ സഹായം ഉറപ്പാക്കാൻ കൂടുതൽ ജീവനക്കാർ
വിമാനങ്ങൾ ദീർഘനേരം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് സഹായം നൽകുന്നതിന് യോഗം പ്രത്യേക പ്രാധാന്യം നൽകി. ചെക്ക് ഇൻ കൗണ്ടറുകളിലും വിമാനക്കമ്പനികളുടെ സഹായകേന്ദ്രങ്ങളിലും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ ഒരുക്കം നടത്തണം. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ അറിവും ആവശ്യമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരവുമുള്ള ജീവനക്കാർ വിമാനത്താവളങ്ങളിലെ ഹെൽപ്ലൈൻ ഡെസ്ക്കുകളിൽ ഉണ്ടാകണമെന്ന് സെക്രട്ടറി വ്യക്തമാക്കി. മഞ്ഞുകാലത്ത് സുരക്ഷിതവും കാര്യക്ഷമവുമായി സർവീസുകൾ നടത്താൻ എല്ലാ ഏജൻസികളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മുൻകൂട്ടിയുള്ള ഒരുക്കം, സമയബന്ധിതമായ വിവരം, പ്രവർത്തനകാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ, ഫലപ്രദമായ യാത്രാസഹായം എന്നിവയിലൂടെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുകയാണ് കൂട്ടായ ലക്ഷ്യം.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.