യവത്മാൽ (മഹാരാഷ്ട്ര) / 2026 / നവംബർ 25
സ്വാതന്ത്ര്യസമര സേനാനിയും പൊതുപ്രവർത്തകനും പത്രപ്രവർത്തകനും ലോക്മത് മീഡിയ ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജവഹർലാൽ ദർദയുടെ പൂർണകായ വെങ്കലപ്രതിമ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഇന്ന് അനാച്ഛാദനം ചെയ്തു. മഹാരാഷ്ട്രയിലെ യവത്മാലിലുള്ള പ്രിയദർശിനി സഹകാരി സൂത് ഗിർണി എന്ന സഹകരണ നൂൽമില്ലിലായിരുന്നു ചടങ്ങ്. നേരത്തേ യവത്മാലിലെ പ്രേരണാ സ്ഥലിലെത്തിയ ഉപരാഷ്ട്രപതി ദർദയ്ക്ക് പുഷ്പാർച്ചന നടത്തി. ബാബുജി എന്നറിയപ്പെട്ട ദർദയുടെ ജീവിതം രാജ്യസ്നേഹത്തിന്റെയും പൊതുസേവനത്തിന്റെയും സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരം ഉൾപ്പെടെ സ്വാതന്ത്ര്യസമരത്തിൽ ദർദ വഹിച്ച പങ്കും അദ്ദേഹം ഓർമിപ്പിച്ചു. സ്വാതന്ത്ര്യത്തിനുശേഷവും പൊതുപ്രവർത്തകനായും ജനപ്രതിനിധിയായും മന്ത്രിയായും പത്രപ്രവർത്തകനായും ദർദ രാജ്യത്തെ സേവിച്ചു. മഹാരാഷ്ട്രയുടെ വികസനത്തിനും ദേശീയ ഐക്യത്തിനും മതസൗഹാർദത്തിനും അദ്ദേഹം നൽകിയ സംഭാവനകളും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു.

വ്യവസായനയം മുതൽ യവത്മാലിലെ മെഡിക്കൽ കോളേജ് വരെ
മഹാരാഷ്ട്രയുടെ വ്യവസായ വളർച്ചയ്ക്കും ജനക്ഷേമത്തിനും ദർദ നൽകിയ സംഭാവനകൾ ഇന്നും പ്രസക്തമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വ്യവസായം, ഊർജം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സഹകരണം എന്നീ മേഖലകളിൽ അദ്ദേഹം കാര്യമായ സംഭാവനകൾ നൽകി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഒരുപോലെ വ്യവസായ വളർച്ച ഉറപ്പാക്കാൻ ലക്ഷ്യമിട്ട 1993ലെ നിർണായക വ്യവസായനയം ഉപരാഷ്ട്രപതി പ്രത്യേകം ഓർമിച്ചു. യവത്മാലിൽ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിലും ദർദ പങ്കുവഹിച്ചു. വികസനത്തിന്റെ അവസരങ്ങൾ എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടാണ് അതിൽ പ്രകടമായതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

പരുത്തിക്കൃഷിയെ തൊഴിലുമായി ബന്ധിപ്പിച്ച് സഹകരണ നൂൽമിൽ
ഗ്രാമവികസനത്തെക്കുറിച്ചുള്ള ദർദയുടെ കാഴ്ചപ്പാടിന് ഉദാഹരണമാണ് പ്രിയദർശിനി സഹകരണ നൂൽമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പരുത്തിക്കൃഷി, തുണി ഉൽപ്പാദനം, തൊഴിലവസരങ്ങൾ, ഗ്രാമങ്ങളുടെ സാമ്പത്തിക വളർച്ച എന്നിവ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ സ്ഥാപനം കാണിച്ചുതരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് മില്ലിനെ തിരിച്ചുകൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിച്ച കർഷകരെയും സഹകരണ സംഘം അംഗങ്ങളെയും മാനേജ്മെന്റിനെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു. ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും കർഷകരെ ശാക്തീകരിക്കുന്നതിലും സഹകരണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുണി കയറ്റുമതിയിൽ പ്രതീക്ഷ, മില്ലുകൾ നവീകരിക്കണമെന്ന് ആഹ്വാനം
തുണി വ്യവസായവുമായുള്ള സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, തൊഴിൽ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ച കൈവരിക്കാനും ഈ മേഖലയ്ക്ക് വലിയ ശേഷിയുണ്ടെന്ന് പറഞ്ഞു. ഇന്ത്യയ്ക്ക് രാജ്യാന്തര വ്യാപാരത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ തുണി കയറ്റുമതിയുടെ ഭാവിയിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മത്സരക്ഷമത വർധിപ്പിക്കാൻ മില്ലുകളും യന്ത്രങ്ങളും നവീകരിക്കണം. നെയ്ത്തിനും നിറം നൽകുന്നതിനും തുണിയിൽ അച്ചടിക്കുന്നതിനുമുള്ള സംവിധാനങ്ങളും മെച്ചപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദർദയുടെ ആശയങ്ങൾ പിന്തുടരാൻ ആഹ്വാനം
മഹാരാഷ്ട്ര ഇന്ത്യയ്ക്ക് നൽകിയ സംഭാവനകൾ ഓർമിപ്പിച്ച ഉപരാഷ്ട്രപതി, ഛത്രപതി ശിവജി മഹാരാജ് രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുത്തെന്നും ഡോ. ബി. ആർ. അംബേദ്കർ ഇന്ത്യയ്ക്ക് ഭരണഘടന നൽകിയെന്നും ലോകമാന്യ ബാലഗംഗാധര തിലകൻ രാജ്യസ്നേഹം ഉണർത്തിയെന്നും പറഞ്ഞു. ഇവരുടെ സംഭാവനകൾ ഇന്നും രാജ്യത്തിന് പ്രചോദനമാണ്. ബാബുജിയുടെ ആശയങ്ങൾ പുതുക്കിയ പ്രതിബദ്ധതയോടെ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്താനും കർഷകരെ ശാക്തീകരിക്കാനും ഗ്രാമീണ ഇന്ത്യയിൽ പ്രയോജനകരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബന്ധപ്പെട്ട എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനായുള്ള കൂട്ടായ ശ്രമങ്ങൾക്ക് ദർദയുടെ പാരമ്പര്യം തുടർന്നും പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമയും സംസ്ഥാനത്തെ തുണി വ്യവസായ, ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലും മണ്ണ്, ജലസംരക്ഷണ മന്ത്രി സഞ്ജയ് റാത്തോഡും പങ്കെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ചെയർമാനും മുൻ രാജ്യസഭാംഗവുമായ ഡോ. വിജയ് ദർദ, മുൻ കാബിനറ്റ് മന്ത്രിയും ലോക്മത് മീഡിയ ഗ്രൂപ്പ് മുഖ്യപത്രാധിപരുമായ രാജേന്ദ്ര ദർദ, പ്രിയദർശിനി സഹകരണ നൂൽമിൽ ലിമിറ്റഡ് വൈസ് പ്രസിഡന്റ് കീർത്തി ഗാന്ധി എന്നിവരും ചടങ്ങിനെത്തി. ദർദ കുടുംബാംഗങ്ങൾ, സഹകരണ മേഖലയിലെ പ്രതിനിധികൾ, കർഷകർ, തൊഴിലാളികൾ, മറ്റു പ്രമുഖർ എന്നിവരും പങ്കെടുത്തു.

