ന്യൂഡൽഹി / 2026 /ഒക്ടോബർ 27
പ്രതിരോധ മേഖലയിൽ അത്യാധുനിക സാങ്കേതികവിദ്യകളും ശക്തമായ ഗവേഷണവും തടസ്സങ്ങളെ അതിജീവിക്കുന്ന വിതരണ ശൃംഖലകളും ലക്ഷ്യമിട്ട് ‘ആത്മനിർഭരത 2.0’ നടപ്പാക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒക്ടോബർ 26ന് ന്യൂഡൽഹിയിൽ നാവികസേനയുടെ നവീകരണ–സ്വദേശിവൽക്കരണ സെമിനാറായ ‘സ്വാവലംബൻ’ അഞ്ചാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും സാങ്കേതിക മികവ് നേടാനും ഇതിലൂടെ സാധിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ നേടിയ മുന്നേറ്റങ്ങളുടെ അടിത്തറയിൽ, കൂടുതൽ വെല്ലുവിളിയുള്ള ലക്ഷ്യങ്ങളിലേക്ക് നീങ്ങണമെന്നാണ് ആഹ്വാനം. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിനും ഇത് കരുത്തേകണമെന്ന് മന്ത്രി പറഞ്ഞു.
അടുത്തഘട്ടത്തിൽ ചെലവ് കുറഞ്ഞ അത്യാധുനിക സാങ്കേതികവിദ്യകൾ
കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രതിരോധ സ്വാശ്രയത്വത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഈ നേട്ടങ്ങൾ അടുത്തഘട്ടത്തിനുള്ള ഉറച്ച അടിത്തറയാണ്. കൈവരിക്കാൻ പ്രയാസമെന്ന് കരുതുന്ന ലക്ഷ്യങ്ങളിലും നൂതന സാങ്കേതികവിദ്യകളിലുമാണ് ഇനി ശ്രദ്ധിക്കേണ്ടത്. ചെലവ് കുറഞ്ഞതും പ്രവർത്തനത്തിൽ മികച്ചതും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്നതുമായ ഉൽപ്പന്നങ്ങൾ രാജ്യത്തിനുള്ളിൽ നിർമിക്കണം. ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടും ശാസ്ത്രീയമായ പ്രവർത്തനരീതിയുമുള്ള പ്രതിരോധ രംഗത്തെ നവീകരണക്കാർക്ക് നിർണായക മാറ്റമുണ്ടാക്കുന്നവരായി മാറാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വിതരണ ശൃംഖലയുടെ നടത്തിപ്പ് വെറുമൊരു സാങ്കേതിക വിഷയമല്ലെന്നും ദേശീയ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട തന്ത്രപ്രധാന ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ഇനത്തിലും സ്വാശ്രയത്വം കൈവരിക്കാനുള്ള സമയപരിധി നിശ്ചയിക്കുന്ന, സാഹചര്യങ്ങൾക്കനുസരിച്ച് പുതുക്കാവുന്ന പ്രവർത്തനരേഖ വേണം. വികസിപ്പിക്കേണ്ട സാങ്കേതികവിദ്യകൾ, അതിന് നേതൃത്വം നൽകേണ്ട വ്യവസായങ്ങൾ, ആവശ്യമായ വിഭവങ്ങൾ എന്നിവ അതിൽ വ്യക്തമാക്കണം. അപൂർവ ഭൗമ മൂലകങ്ങൾ പോലുള്ള ചില അസംസ്കൃത വസ്തുക്കളുടെ ആഭ്യന്തര ലഭ്യത കുറവായതും ചില സാങ്കേതികവിദ്യകൾ രാജ്യത്ത് ഇല്ലാത്തതുമാണ് പുറത്തുനിന്നുള്ള വിതരണത്തെ ആശ്രയിക്കാൻ കാരണം. പകരം മാർഗങ്ങളോ ആഭ്യന്തര വിഭവങ്ങളോ ലഭ്യമാകുന്നതുവരെ ചില ആശ്രിതത്വങ്ങൾ തുടരാം. എന്നാൽ നിർണായക മേഖലകളുടെ സ്വദേശിവൽക്കരണത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
വിതരണ പാതകളിൽ തടസ്സമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണക്കിലെടുക്കണം. പ്രതിസന്ധി വന്നശേഷം കാത്തിരിക്കാതെ കരുതൽ ശേഖരവും ആഭ്യന്തര ഉൽപ്പാദനശേഷിയും നേരത്തേ വിലയിരുത്തണം. ഈ വെല്ലുവിളികൾ നേരിടുന്നതിൽ ഗവേഷണത്തിനും വികസനത്തിനും പ്രധാന പങ്കുണ്ട്. തുടർച്ചയായ ശ്രദ്ധയും നിക്ഷേപവും ലഭിച്ചാൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഇന്ത്യയിൽത്തന്നെ വികസിപ്പിക്കാൻ രാജ്യത്തെ പ്രതിഭകൾക്ക് കഴിയുമെന്ന് മന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
പരാജയത്തെ ഭയക്കാതെ ഗവേഷണത്തിന് പിന്തുണ നൽകണം
ഗവേഷണത്തിൽ സ്വാഭാവികമായുള്ള അനിശ്ചിതത്വങ്ങളും പരാജയസാധ്യതകളും അംഗീകരിക്കണമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ശക്തമായ ഗവേഷണ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽപ്പോലും ഉയർന്ന തോതിൽ പരാജയങ്ങൾ സംഭവിക്കാറുണ്ട്. പുതിയ കണ്ടെത്തലുകളിലേക്കുള്ള യാത്രയുടെ ഭാഗമാണത്. അതിനാൽ പരാജയത്തോടുള്ള സമീപനം മാറണം. വലിയ സാധ്യതകളും വലിയ അനിശ്ചിതത്വവുമുള്ള പദ്ധതികളെ പിന്തുണയ്ക്കുന്ന ധനസഹായ സംവിധാനങ്ങൾ രൂപപ്പെടുത്താനാകുമോ എന്ന് പരിശോധിക്കണം. കൂടുതൽ സാഹസികമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള സ്വകാര്യ മേഖലയെ ഗവേഷണത്തിലേക്ക് കൂടുതൽ ആകർഷിക്കണം. സ്വകാര്യ പങ്കാളിത്തവും ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകളും ഒരുപോലെ പ്രോത്സാഹിപ്പിക്കണം. ചെറിയ പരീക്ഷണങ്ങളിലൂടെ കാര്യമായ ഫലം നേടാൻ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേൽ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പുതിയ കണ്ടെത്തലുകളെ ജീവിതരീതിയുടെ ഭാഗമായി കാണുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അവിടെ പരാജയം പഠിക്കാനുള്ള അവസരമാണ്. ഇന്ത്യയിലും ഗവേഷണവും നവീകരണവും ആഴത്തിൽ വേരൂന്നണം. ഇതിനായി വ്യവസായങ്ങളും വിദ്യാഭ്യാസ–ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ പ്രോത്സാഹനവും യുവാക്കൾക്ക് ഗവേഷണ–വികസന മേഖലയിൽ തൊഴിൽജീവിതം തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങളും ഒരുക്കണം.
മുമ്പ് ഇറക്കുമതി ചെയ്തിരുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പുകളെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സഹായിക്കുന്നതിൽ ഐഡെക്സ് നിർണായക പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞു. നാവികസേന മുന്നോട്ടുവെച്ച 229 വെല്ലുവിളികൾക്കായി 4,000ത്തിലധികം നിർദേശങ്ങൾ ലഭിച്ചു. ഇന്ത്യൻ പ്രതിഭകളുടെ ശേഷിയും സംരംഭകരുടെ ആവേശവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രവർത്തനരംഗത്തെ വെല്ലുവിളികളെ പുതിയ കണ്ടെത്തലുകൾക്കുള്ള അവസരങ്ങളാക്കി മാറ്റിയാണ് നാവിക സംവിധാനങ്ങൾ, സെൻസറുകൾ, ആശയവിനിമയം തുടങ്ങിയ നിർണായക മേഖലകളിൽ ഈ സംരംഭങ്ങൾ പരിഹാരങ്ങൾ വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കപ്പൽനിർമാണത്തിൽ ചെലവ് കുറയ്ക്കണം; സാങ്കേതികവിദ്യകൾ പങ്കിടണം
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മാറുന്ന സാഹചര്യങ്ങളിൽ നാവിക കപ്പലുകളുടെ ആവശ്യം കൂടിവരികയാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കപ്പൽനിർമാണത്തിന് വലിയ മൂലധനം ആവശ്യമായതിനാൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനുള്ള വഴികളും കണ്ടെത്തണം. അടുത്തഘട്ടത്തിൽ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ എണ്ണത്തിനൊപ്പം ഗുണമേന്മയ്ക്കും കാര്യക്ഷമതയ്ക്കും താങ്ങാനാകുന്ന വിലയ്ക്കും പ്രാധാന്യം നൽകണം. സ്വാശ്രയത്വം ദേശീയ സുരക്ഷയ്ക്കൊപ്പം സാമ്പത്തിക പ്രതിരോധശേഷിയും ശക്തിപ്പെടുത്തണം. യുവപ്രതിഭകളുടെ അഭിലാഷങ്ങൾക്ക് പണത്തിന്റെ കുറവ് തടസ്സമാകാതിരിക്കാൻ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. 1,900 കോടി രൂപയിലധികം മൂല്യമുള്ള നാവിക കരാറുകൾ ഈ ശ്രമങ്ങൾ ഫലം നൽകുന്നതിന്റെ തെളിവാണെന്നും നാവികസേനയുടെ തുടർച്ചയായ പുരോഗതി ഈ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാങ്ങുന്നവർ നിർദേശിക്കുന്ന ഉപകരണങ്ങൾ ഉൾപ്പെടെ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സിവിലിയൻ ആവശ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകൾ കണ്ടെത്തി മുൻഗണന നിശ്ചയിക്കാൻ ഇരട്ട ഉപയോഗ സാങ്കേതികവിദ്യാ പ്രവർത്തനരേഖ തയ്യാറാക്കണം. നിലവിലുള്ള സ്വദേശിവൽക്കരണ പട്ടികകൾക്കപ്പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കണം. സിവിലിയൻ–സൈനിക കപ്പൽഗതാഗതത്തിന് ആവശ്യമായ സാങ്കേതികവിദ്യകളുടെയും ഉൽപ്പന്നങ്ങളുടെയും മുൻഗണനാ പട്ടികകൾ രൂപപ്പെടുത്തണം. കര, നാവിക, വ്യോമസേനകൾക്കും തീരരക്ഷാസേനയ്ക്കും പൊതുവായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളും കണ്ടെത്തണം. സേനകൾ തമ്മിലുള്ള ഏകോപനത്തിന്റെ സാങ്കേതിക പ്രയോഗമാണിത്. സ്വാശ്രയത്വത്തിന്റെ രണ്ടാംഘട്ടത്തിലെ പ്രധാന നാഴികക്കല്ലാകാൻ ഇതിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ക്വാണ്ടം സാങ്കേതികവിദ്യ, യുദ്ധരംഗത്തെ നിർമിതബുദ്ധി, ആളില്ലാ സംവിധാനങ്ങൾ തുടങ്ങിയ പുതിയ വെല്ലുവിളികൾ നേരിടുന്നതിൽ സായുധസേനകളും വ്യവസായങ്ങളും വിദ്യാഭ്യാസ–ഗവേഷണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഇത്തരം ശേഷികൾ വികസിപ്പിക്കാൻ സ്ഥിരോത്സാഹവും തുടർച്ചയായ സഹകരണവും വേണം. ഭാവിയിലെ പ്രവർത്തന ആവശ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയോടെയാകണം മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
3,500 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് ആവശ്യകതാ അംഗീകാരം
2022ൽ ആരംഭിച്ചതിനുശേഷം സ്വാവലംബൻ വലിയ വളർച്ച നേടിയെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു. നാവികസേനയ്ക്കായുള്ള ഐഡെക്സ് വെല്ലുവിളികളുടെ എണ്ണം 20ൽനിന്ന് 229 ആയി ഉയർന്നു. പ്രതിരോധ മേഖലയിലെ ആകെ ഐഡെക്സ് വെല്ലുവിളികളുടെ ഏകദേശം 35 ശതമാനമാണിത്. 3,500 കോടി രൂപയിലധികം മൂല്യമുള്ള 41 പദ്ധതികൾക്ക് ആവശ്യകതാ അംഗീകാരം നൽകിയിട്ടുണ്ട്. 1,900 കോടി രൂപയിലധികം മൂല്യമുള്ള 25 കരാറുകളും ഒപ്പുവെച്ചു. നിർമിതബുദ്ധി, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, റോബോട്ടിക്സ്, ക്വാണ്ടം സെൻസിങ് എന്നിവ പുതിയ അവസരങ്ങൾ തുറക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്ന കണ്ടെത്തലുകളെ പ്രവർത്തനശേഷിയാക്കി മാറ്റണം. ആശയരൂപീകരണം, മാതൃക നിർമാണം, പരിശോധന, കരാർ നടപടികളും സേനയിൽ ഉൾപ്പെടുത്തലും, ഉപയോഗകാലം മുഴുവനുമുള്ള പിന്തുണ എന്നീ അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധിക്കണം. തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനവും സേനയിലെ ഉൾപ്പെടുത്തലും വേഗത്തിലാക്കാൻ നാവികസേനയും വ്യവസായങ്ങളും സ്റ്റാർട്ടപ്പുകളും ചെറുകിട സംരംഭങ്ങളും കൂടുതൽ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിരോധ നവീകരണത്തിന്റെയും സ്വദേശിവൽക്കരണത്തിന്റെയും യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണ് സ്വാവലംബൻ 5.0 എന്ന് പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ചർച്ച ചെയ്യാനും മാറുന്ന പ്രവർത്തന ആവശ്യങ്ങൾ പരിഗണിക്കാനും തദ്ദേശീയ ശേഷിവികസനത്തിനുള്ള അവസരങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ട എല്ലാവരെയും ഇത് ഒരുവേദിയിലെത്തിക്കുന്നു. ‘നവീകരണത്തിലൂടെയും സ്വദേശിവൽക്കരണത്തിലൂടെയും കരുത്തും ശക്തിയും’ എന്ന പ്രമേയം സഹകരണത്തിന്റെയും സാങ്കേതിക മുന്നേറ്റത്തിന്റെയും വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ദേശീയ സുരക്ഷയും രാഷ്ട്രനിർമാണവും ശക്തിപ്പെടുത്താൻ മത്സരത്തിൽനിന്ന് സഹകരണത്തിലേക്ക് മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഡെക്സിന്റെ വിജയത്തിൽ നാവികസേന നൽകിയ സംഭാവനയെയും അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശീയ കണ്ടെത്തലുകളെ യഥാർഥ വാങ്ങലുകളാക്കി മാറ്റാനും നാവികസേനയുടെ പ്രവർത്തനശേഷി വർധിപ്പിക്കാനും ഐഡെക്സ് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംയുക്ത സേനാ മേധാവി ജനറൽ എൻ. എസ്. രാജ സുബ്രമണി, കരസേനാ മേധാവി ജനറൽ ധീരജ് സേഥ്, വ്യോമസേനാ ഉപമേധാവി എയർ മാർഷൽ അശുതോഷ് ദീക്ഷിത്, സംയോജിത പ്രതിരോധ സ്റ്റാഫ് മേധാവി എയർ മാർഷൽ തേജീന്ദർ സിങ്, നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ അജയ് കൊച്ചാർ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് വൈസ് പ്രസിഡന്റ് നീരജ് ഗുപ്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർവീസിലുള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥർ, വ്യവസായ–വിദ്യാഭ്യാസ മേഖലകളിലെ പ്രതിനിധികൾ, ഐഡെക്സ് വിജയികൾ എന്നിവരും സന്നിഹിതരായിരുന്നു.
നൂറിലധികം പ്രദർശനശാലകൾ; പുതിയ ആശയങ്ങൾക്ക് നിക്ഷേപവഴികളും
സ്റ്റാർട്ടപ്പുകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഒരുക്കിയ നൂറിലധികം പ്രദർശനശാലകൾ രാജ്നാഥ് സിങ് സന്ദർശിച്ചു. നാവികസേനയുടെ വെല്ലുവിളികൾക്കും നിർദിഷ്ട പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന നവീകരണക്കാരുമായി അദ്ദേഹം സംസാരിച്ചു. നാവികസേനയിലെ ഉപയോക്താക്കളുമായി സഹകരിക്കുന്ന സംരംഭങ്ങൾ പ്രവർത്തനശേഷി വർധിപ്പിക്കാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു. നാവികസേനയിൽ ഉൾപ്പെടുത്തിവരുന്ന വികസിത ഉൽപ്പന്നങ്ങൾ വിജയകഥകളുടെ വിഭാഗത്തിൽ പ്രദർശിപ്പിച്ചു. സ്വയം പ്രവർത്തിക്കുന്ന സമുദ്ര സംവിധാനങ്ങൾ, യുദ്ധരംഗത്തെ ക്വാണ്ടം–നിർമിതബുദ്ധി പ്രയോഗങ്ങൾ, തുടർച്ചയായ നിരീക്ഷണം, തടസ്സങ്ങളെ അതിജീവിക്കുന്ന ദിശാനിർണയം, നൂതന ആശയവിനിമയം, ഡ്രോൺ പ്രതിരോധം എന്നിവയിലെ പരിഹാരങ്ങൾ തദ്ദേശീയ വികസനത്തിന്റെ വ്യാപ്തി വ്യക്തമാക്കി. 2022 മുതൽ നാവികസേനയുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സ്വാവലംബൻ തുടർച്ചയായി സംഭാവന നൽകിയെന്ന് മന്ത്രി പറഞ്ഞു. വിശ്വസനീയവും അത്യാധുനികവുമായ തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ഇന്ത്യൻ വ്യവസായത്തിന് കഴിയുമെന്നും പ്രദർശിപ്പിച്ച കണ്ടെത്തലുകൾ രാജ്യത്തിന്റെ വളരുന്ന സാങ്കേതികശക്തി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക ആവശ്യങ്ങൾ, പരിഹാരം തേടുന്ന പ്രശ്നങ്ങൾ, ഭാവി ആശയങ്ങൾ എന്നിവയുടെ സമാഹാരവും ‘സ്വാവലംബൻ 5.0’ രേഖയും രാജ്നാഥ് സിങ് പുറത്തിറക്കി. നാവികസേനയുടെ മുൻഗണനകളും വികസന അവസരങ്ങളും വ്യവസായ മേഖലയ്ക്ക് വ്യക്തമാക്കുന്നതാണ് ഈ രേഖകൾ. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവന പരിഗണിച്ച് സെമിനാറിലെ പ്രമുഖ പ്രഭാഷകരെയും ഐഡെക്സ് നവീകരണക്കാരെയും അദ്ദേഹം ആദരിച്ചു.
ഡിഫൻസ് ഇന്നവേഷൻ ഓർഗനൈസേഷനും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സുമായി സഹകരിച്ച് നാവികസേന സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബർ 26, 27 തീയതികളിൽ ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിലാണ് നടക്കുന്നത്. ഭാവിയിലെ യുദ്ധത്തിലും നാവിക പ്രവർത്തനങ്ങളിലും ഉപയോഗിക്കാവുന്ന ക്വാണ്ടം സാങ്കേതികവിദ്യ, നിർമിതബുദ്ധി, സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങൾ, ഹൈപ്പർസോണിക് സാങ്കേതികവിദ്യ എന്നിവ ചർച്ച ചെയ്യുന്നു. സ്വാശ്രയത്വവും ഐഡെക്സ് സംവിധാനവും ശക്തിപ്പെടുത്തൽ, തടസ്സങ്ങളെ അതിജീവിക്കുന്ന ആഭ്യന്തര വിതരണ ശൃംഖലകൾ രൂപപ്പെടുത്തൽ, വിദ്യാഭ്യാസ–ഗവേഷണ സ്ഥാപനങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ, പ്രതീക്ഷ നൽകുന്ന തദ്ദേശീയ സാങ്കേതികവിദ്യകൾ വിപുലീകരിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കൽ എന്നിവയ്ക്കായി പ്രത്യേക സെഷനുകളുണ്ട്. നിക്ഷേപകരുമായും വെഞ്ചർ ക്യാപിറ്റൽ സ്ഥാപനങ്ങളുമായുമുള്ള ആശയവിനിമയത്തിലൂടെ പ്രതിരോധ സംരംഭങ്ങൾക്ക് ധനസഹായം കണ്ടെത്താനും പ്രവർത്തനം വിപുലീകരിക്കാനും ഉൽപ്പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാനുമുള്ള വഴികളും പരിശോധിക്കും.

.