ന്യൂഡൽഹി / 2026 / ഒക്ടോബർ 27
അളവുകളിലെ കൃത്യത, ഉപഭോക്തൃ സംരക്ഷണം, നീതിയുള്ള വ്യാപാരം എന്നിവയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ലീഗൽ മെട്രോളജിയുടെ അറുപത്തിയൊന്നാമത് യോഗത്തിന് ന്യൂഡൽഹിയിൽ തുടക്കമായി. ഒക്ടോബർ 26 മുതൽ 28 വരെയാണ് യോഗം. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് ലീഗൽ മെട്രോളജിയുടെ ഈ സുപ്രധാന അന്താരാഷ്ട്ര യോഗത്തിന് ഇന്ത്യ ആദ്യമായാണ് വേദിയാകുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന യോഗത്തിൽ, ഇന്ത്യയിലെ നിയമാനുസൃത അളവുതൂക്ക സംവിധാനത്തിലെ പരിഷ്കാരങ്ങൾ ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ വിശദീകരിച്ചു.

ഡിജിറ്റൽ കാലത്തെ അളവുതൂക്ക സംവിധാനങ്ങൾ
‘ലീഗൽ മെട്രോളജിയിലെ പരിണാമങ്ങൾ’ എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സെമിനാറോടെയാണ് ഒക്ടോബർ 26ന് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കമ്മിറ്റിയുടെ ആദ്യ സമ്മേളനം നടന്നു. അന്താരാഷ്ട്ര പ്രതിനിധികളെ സ്വാഗതം ചെയ്ത കമ്മിറ്റി പ്രസിഡന്റ് ഡോ. ബോബ് ജോസഫ് മാത്യു, നീതിയുള്ള വ്യാപാരം ഉറപ്പാക്കുന്നതിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിലും രാജ്യാന്തര സഹകരണം എളുപ്പമാക്കുന്നതിലും ലീഗൽ മെട്രോളജിക്കുള്ള നിർണായക പങ്ക് ചൂണ്ടിക്കാട്ടി. സെമിനാറിൽ അധ്യക്ഷയായത് സ്വീഡനിൽനിന്നുള്ള കമ്മിറ്റി പ്രഥമ വൈസ് പ്രസിഡന്റ് റെനേ ഹാൻസണാണ്. ഡിജിറ്റൽവൽക്കരണം, പുതിയ സാങ്കേതികവിദ്യകൾ, മാറുന്ന വിപണി ആവശ്യങ്ങൾ എന്നിവയ്ക്കനുസരിച്ച് ഈ മേഖലയുടെ ചുമതലകളും മാറുകയാണെന്ന് അവർ പറഞ്ഞു. അംഗരാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണവും പരസ്പരം പൊരുത്തപ്പെടുന്ന അളവുമാനദണ്ഡങ്ങളും ആവശ്യമാണെന്നും വ്യക്തമാക്കി.
ഇന്റർനാഷണൽ ബ്യൂറോ ഓഫ് ലീഗൽ മെട്രോളജി ഡയറക്ടർ ആന്റണി ഡൊണെല്ലൻ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രാജ്യാന്തരതലത്തിൽ പൊരുത്തപ്പെടുന്ന സാങ്കേതിക ശുപാർശകൾ തയ്യാറാക്കുക, സംഘടനയുടെ സർട്ടിഫിക്കേഷൻ സംവിധാനത്തിലൂടെ പരിശോധനാഫലങ്ങൾ പരസ്പരം അംഗീകരിക്കാൻ വഴിയൊരുക്കുക, രാജ്യങ്ങളുടെ ശേഷി വികസിപ്പിക്കുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. യന്ത്രങ്ങൾക്ക് വായിച്ചറിയാവുന്ന മാനദണ്ഡങ്ങൾ, നിർമിതബുദ്ധി, ഡിജിറ്റൽ പരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളും അദ്ദേഹം അവതരിപ്പിച്ചു.
ഉപഭോക്തൃ സംരക്ഷണത്തിനൊപ്പം വ്യാപാരത്തിനും സൗകര്യം
അന്താരാഷ്ട്ര പ്രതിനിധികളെ സ്വാഗതം ചെയ്ത കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ, യോഗത്തിന് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു. കൃത്യവും രാജ്യാന്തരതലത്തിൽ പൊരുത്തപ്പെടുന്നതുമായ അളവുകൾ നീതിയുള്ള വ്യാപാരത്തിന്റെ അടിത്തറയാണെന്ന് അവർ പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസം, വ്യവസായരംഗത്തെ പുതുമകൾ, സാമ്പത്തിക വളർച്ച എന്നിവയ്ക്കും ഇത് അനിവാര്യമാണ്. ഉപഭോക്തൃ സംരക്ഷണത്തിനൊപ്പം വ്യാപാരം നടത്തുന്നത് എളുപ്പമാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി 2023ലെയും 2026ലെയും ജൻ വിശ്വാസ് പരിഷ്കാരങ്ങൾ സെക്രട്ടറി ചൂണ്ടിക്കാട്ടി. നിർദിഷ്ട നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കൽ, വീഴ്ചകൾ തിരുത്താനുള്ള നോട്ടീസുകൾ, ലംഘനത്തിന്റെ ഗൗരവമനുസരിച്ചുള്ള പിഴകൾ എന്നിവയാണ് പ്രധാന നടപടികൾ. ആവശ്യമായ ഉപഭോക്തൃ സംരക്ഷണം നിലനിർത്തിക്കൊണ്ട്, ലംഘനങ്ങൾക്ക് ആനുപാതികമായ നടപടികളുള്ള വ്യാപാരസൗഹൃദ നിയന്ത്രണസംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇ മാപ്പും ഒരു രാജ്യം ഒരു സമയവും
അളവുപകരണങ്ങളുടെ പരിശോധനാശേഷി വർധിപ്പിക്കാൻ സർക്കാർ അംഗീകൃത പരിശോധനാകേന്ദ്രങ്ങൾ വിപുലീകരിക്കുന്നതായി നിധി ഖരെ പറഞ്ഞു. ലീഗൽ മെട്രോളജിയുമായി ബന്ധപ്പെട്ട ഏകീകൃത ഡിജിറ്റൽ സേവനങ്ങൾക്കായി ദേശീയ ഇ മാപ്പ് പോർട്ടലും വികസിപ്പിക്കുന്നു. അന്താരാഷ്ട്ര ലീഗൽ മെട്രോളജി സംഘടനയുടെ സർട്ടിഫിക്കേഷൻ സംവിധാനത്തിൽ സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരകേന്ദ്രമായി ഇന്ത്യയ്ക്ക് അംഗീകാരം ലഭിച്ചതും അവർ എടുത്തുപറഞ്ഞു. പരിശോധനാഫലങ്ങൾക്ക് രാജ്യാന്തര സ്വീകാര്യത ലഭിക്കാനും ഇന്ത്യൻ നിർമാതാക്കൾക്ക് ആഗോള വിപണികളിൽ പ്രവേശനം നേടാനും ഇത് സഹായിക്കുന്ന സുപ്രധാന ചുവടുവെപ്പാണ്.
രാജ്യത്തുടനീളം കൃത്യവും വിശ്വസനീയവും അടിസ്ഥാന സമയമാനദണ്ഡവുമായി ബന്ധപ്പെടുത്തി പരിശോധിച്ചുറപ്പിക്കാവുന്നതുമായ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ലഭ്യമാക്കുന്നതാണ് ‘ഒരു രാജ്യം ഒരു സമയം’ പദ്ധതി. ദേശീയ സമയവിതരണ പദ്ധതിയുടെ ഭാഗമായ ഈ സംരംഭം ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻ, അഞ്ചാംതലമുറ മൊബൈൽ ശൃംഖലകൾ, ദിശാനിർണയം, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ എന്നിവയിലെ സമയ ഏകീകരണം ശക്തമാക്കുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ച സെക്രട്ടറി, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കണമെന്നും സുതാര്യവും കാര്യക്ഷമവും ഭാവിയിലെ ആവശ്യങ്ങൾ നേരിടാൻ സജ്ജവുമായ ലീഗൽ മെട്രോളജി സംവിധാനം വികസിപ്പിക്കണമെന്നും പറഞ്ഞു.
വൈദ്യുത വാഹനങ്ങളുടെ ചാർജിങ് മുതൽ നിർമിതബുദ്ധിവരെ
ഉപഭോക്തൃകാര്യ വകുപ്പിലെ ലീഗൽ മെട്രോളജി ഡയറക്ടർ അശുതോഷ് അഗർവാൾ, ‘ഇന്ത്യയിലെ ലീഗൽ മെട്രോളജിയുടെ പരിണാമങ്ങളും പരിഷ്കാരങ്ങളും’ എന്ന വിഷയത്തിൽ അവതരണം നടത്തി. പ്രാചീന നാഗരികതകളിലെ ഏകീകൃത അളവുതൂക്ക രീതികളിൽനിന്ന് ആധുനിക നിയമസംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ വളർച്ച അദ്ദേഹം വിശദീകരിച്ചു. ചട്ടങ്ങൾ പാലിക്കുന്നത് ലളിതമാക്കുക, പരിശോധനാ അടിസ്ഥാനസൗകര്യങ്ങൾ ശക്തമാക്കുക, നിയന്ത്രണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നവീകരിക്കുക എന്നിവയ്ക്കുള്ള നടപടികളും അവതരിപ്പിച്ചു. സർക്കാർ അംഗീകൃത പരിശോധനാകേന്ദ്രങ്ങൾ, ഇ മാപ്പ് പോർട്ടൽ, പൊതിയിലാക്കി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ നിയന്ത്രണം, ദേശീയ സമയവിതരണ പദ്ധതി, പ്രാദേശിക റഫറൻസ് സ്റ്റാൻഡേർഡ് ലബോറട്ടറികൾ, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ മെട്രോളജി എന്നിവ ഇതിൽ ഉൾപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ വിദഗ്ധർ മേഖലയിലെ പുതിയ വെല്ലുവിളികളും അവസരങ്ങളും അവതരിപ്പിച്ചു. വൈദ്യുത വാഹനങ്ങളുടെ ചാർജിങ് ഉപകരണങ്ങൾക്കാവശ്യമായ അളവുമാനദണ്ഡങ്ങൾ, ഉപകരണങ്ങളും സംവിധാനങ്ങളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന വിലയിരുത്തലിന് പരസ്പര അംഗീകാരം, ഡിജിറ്റൽ പരിവർത്തനം, ബന്ധപ്പെട്ട വിഭാഗങ്ങൾക്കുള്ള ബോധവൽക്കരണം, ശേഷിവികസനം എന്നിവ ചർച്ചയായി. യന്ത്രങ്ങൾക്ക് വായിച്ചറിയാവുന്ന സാങ്കേതിക മാനദണ്ഡങ്ങൾ വികസിപ്പിക്കുന്ന സംഘടനയുടെ ‘സ്മാർട്ട് റെക്കമെൻഡേഷൻസ്’ സംരംഭവും വിദഗ്ധർ വിലയിരുത്തി. അളക്കൽ, പരിശോധനാ സംവിധാനങ്ങളിൽ നിർമിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗിക്കാനുള്ള സാധ്യതകളും പരിശോധിച്ചു. വ്യാപാരത്തിലെ സാങ്കേതിക തടസ്സങ്ങൾ കുറയ്ക്കാനും ഉപഭോക്തൃവിശ്വാസം ശക്തമാക്കാനും രാജ്യങ്ങൾക്കിടയിൽ പൊരുത്തപ്പെടുന്ന മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് ചർച്ചകൾ അടിവരയിട്ടു.
സഹകരണം ശക്തമാക്കാൻ തുടർചർച്ചകൾ
ഒക്ടോബർ 27ന് അന്താരാഷ്ട്ര ലീഗൽ മെട്രോളജി സംഘടനയുടെ തന്ത്രപരമായ ശിൽപ്പശാല നടക്കും. തുടർന്ന് കമ്മിറ്റിയുടെ രണ്ടാം സമ്മേളനവും ചേരും. അന്താരാഷ്ട്ര ലീഗൽ മെട്രോളജിയിലെ മുൻഗണനകളും അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും സംബന്ധിച്ച തുടർചർച്ചകളോടെ യോഗം ഒക്ടോബർ 28 വരെ തുടരും. മൂന്നുദിവസത്തെ പരിപാടിയിലെ സെമിനാറിൽ നിയന്ത്രണസേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം, അളവുപകരണങ്ങൾക്കുള്ള അന്താരാഷ്ട്ര അംഗീകാരം, ഇ പഠനം എന്നിവയും ഉൾപ്പെടുന്നു. ഒക്ടോബർ 28ന് പ്രതിനിധികൾ ശാസ്ത്ര വ്യവസായ ഗവേഷണ കൗൺസിലിന്റെ ദേശീയ ഭൗതികശാസ്ത്ര ലബോറട്ടറി സന്ദർശിക്കും. ഇന്ത്യയുടെ ദേശീയ അളവുമാനദണ്ഡങ്ങൾ നിലനിർത്തുന്നതിൽ സ്ഥാപനത്തിനുള്ള പങ്ക് മനസ്സിലാക്കാൻ ഈ സന്ദർശനം അവസരമൊരുക്കും.
യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് അന്താരാഷ്ട്ര ലീഗൽ മെട്രോളജിയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പങ്കും കൃത്യമായ അളവുകൾ, ഉപഭോക്തൃ സംരക്ഷണം, നീതിയുള്ള വ്യാപാരം, ആഗോളതലത്തിൽ പൊരുത്തപ്പെടുന്ന മാനദണ്ഡങ്ങൾ എന്നിവയോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു. കൃത്യമായ അളവുകൾ, സുതാര്യമായ നിയന്ത്രണം, ഉപഭോക്തൃവിശ്വാസം, സുഗമമായ രാജ്യാന്തര വ്യാപാരം എന്നിവയ്ക്കുള്ള ഇന്ത്യയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പൊതുപ്രതിബദ്ധത ചർച്ചകൾ ആവർത്തിച്ചുറപ്പിക്കുന്നു. തുടർച്ചയായ സഹകരണത്തിലൂടെയും ഭാവിയിലെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സംവിധാനങ്ങളിലൂടെയും പുതുമകൾക്കും സാമ്പത്തിക വളർച്ചയ്ക്കും ‘വികസിത ഭാരതം 2047’ എന്ന കാഴ്ചപ്പാടിനും കരുത്തേകുന്ന മേഖലയായി ലീഗൽ മെട്രോളജിയെ ശക്തമാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
.