ന്യൂഡൽഹി / 2026 / ഒക്ടോബർ 26
ജനകേന്ദ്രീകൃത വികസനത്തിനും ലോകസമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമായി പാർലമെന്റുകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ന്യൂഡൽഹിയിലെ പാർലമെന്റ് സമുച്ചയത്തിലുള്ള ചരിത്രപ്രസിദ്ധമായ സംവിധാൻ സദനിൽ പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗരാജ്യങ്ങളുടെയും പങ്കാളിത്ത രാജ്യങ്ങളുടെയും പാർലമെന്ററി പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമ്മേളനം, പൊതുവായ വെല്ലുവിളികൾ നേരിടാനും ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള കൂട്ടായ പ്രവർത്തനത്തിനാണ് ഊന്നൽ നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് രാജ്യങ്ങളിലെ പാർലമെന്ററി പ്രതിനിധിസംഘങ്ങളുമായി ആശയവിനിമയം നടത്തി.


സംയുക്ത പ്രസ്താവനയിലെ വാഗ്ദാനങ്ങൾ പ്രവർത്തനമാകണം
ഇന്ത്യയിലെത്തിയ പാർലമെന്ററി പ്രതിനിധിസംഘങ്ങളെ ഓം ബിർള സ്വാഗതം ചെയ്തു. ചർച്ചകൾക്കും പാർലമെന്ററി സഹകരണത്തിനും പരസ്പര ബഹുമാനത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും രാജ്യങ്ങൾ നൽകുന്ന പ്രാധാന്യമാണ് അവരുടെ സാന്നിധ്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിശാസ്ത്രം, സംസ്കാരം, ഭാഷ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും ജനാധിപത്യ ആദർശങ്ങളിലുള്ള വിശ്വാസവും മനുഷ്യരാശിയോടുള്ള ഉത്തരവാദിത്വവും ഈ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നു. വൈവിധ്യത്തെ കരുത്തായും പൊതുലക്ഷ്യമായും കൂട്ടായ മുന്നേറ്റമായും മാറ്റാനുള്ള കഴിവാണ് ബ്രിക്സിന്റെ യഥാർഥ ശക്തി. രാജ്യങ്ങളുടെ കൂട്ടായ അറിവും അനുഭവവും ഉപയോഗപ്പെടുത്തി പൊതുവെല്ലുവിളികൾ നേരിടാനും പരസ്പര ധാരണ ശക്തമാക്കാനും കഴിയണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെയും ഭരണത്തലവന്മാരുടെയും ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന ഏകകണ്ഠമായി അംഗീകരിച്ചത് സുപ്രധാന നേട്ടമാണെന്ന് ബിർള പറഞ്ഞു. ഇതിന് അംഗരാജ്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രസ്താവനയിലെ പ്രതിബദ്ധതകൾ വ്യക്തമായതും ദീർഘകാലം നിലനിൽക്കുന്നതുമായ ഫലങ്ങളാക്കി മാറ്റുകയാണ് ഇനിയുള്ള വെല്ലുവിളി. നിയമനിർമാണം, ബജറ്റ് നടപടികൾ, ചർച്ചകൾ, മേൽനോട്ടം എന്നിവയിലൂടെ പാർലമെന്റുകൾക്ക് ഇതിൽ നിർണായക പങ്കുവഹിക്കാം. തീരുമാനങ്ങൾ പ്രവർത്തനമാകുകയും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുകയും വേണം.
യുദ്ധവും ഭീകരതയും നേരിടാൻ ചർച്ചയും സഹകരണവും
ലോകം വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓം ബിർള ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘർഷങ്ങൾ, യുദ്ധങ്ങൾ, സാമ്പത്തിക അസ്ഥിരത, വ്യാപാര സംഘർഷങ്ങൾ, ഭീകരത, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ വർധിക്കുകയാണ്. ഇവയുടെ പ്രത്യാഘാതങ്ങൾ രാജ്യാതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്നില്ല. അതിനാൽ കൂട്ടായ ഉത്തരവാദിത്വത്തോടെ ഇടപെടണം. ഈ സാഹചര്യത്തിൽ ചർച്ചകൾക്കും നയതന്ത്രത്തിനും സഹകരണത്തിനും കൂടുതൽ പ്രാധാന്യമുണ്ട്. ജനങ്ങളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമായ പാർലമെന്റുകൾക്ക് പരസ്പര ധാരണയുടെ പാലമാകാനും വിശ്വാസം വർധിപ്പിക്കാനും അന്താരാഷ്ട്ര സംഘർഷങ്ങളുടെ തീവ്രത കുറയ്ക്കാനും കഴിയും. ആഗോള വെല്ലുവിളികൾക്ക് സമാധാനപരവും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്താനും അവയ്ക്ക് സഹായിക്കാം. പാർലമെന്ററി നയതന്ത്രത്തിലൂടെ ജനപ്രതിനിധികൾക്ക് കാഴ്ചപ്പാടുകളും അനുഭവങ്ങളും പങ്കുവെക്കാനും പൊതുതാൽപര്യങ്ങൾ തിരിച്ചറിയാനും അന്താരാഷ്ട്ര സഹകരണത്തിന് പുതിയ വഴികൾ തുറക്കാനും സാധിക്കും.
വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്ന ഗ്ലോബൽ സൗത്തിന്റെ ശബ്ദവും അഭിലാഷങ്ങളും ലോകവേദിയിൽ ശക്തമായി അവതരിപ്പിക്കാനുള്ള വലിയ ഉത്തരവാദിത്വം ബ്രിക്സിനുണ്ടെന്നും ബിർള പറഞ്ഞു. ഇത് ചർച്ചകളിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങരുത്. ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന നയങ്ങളായും പ്രായോഗിക സഹകരണമായും ജീവിതം മെച്ചപ്പെടുത്തുന്ന കൂട്ടായ പദ്ധതികളായും മാറണം. പൊതുവായ ആഗ്രഹങ്ങളെ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളാക്കാനുള്ള കഴിവിലാണ് കൂട്ടായ്മയുടെ കരുത്ത് തെളിയേണ്ടത്. ആഗോള തീരുമാനങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്കും മുൻഗണനകൾക്കും അർഹമായ പരിഗണന ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റുകൾ കരുത്താർജിക്കണം; പുതുമകൾ സ്വീകരിക്കണം
‘ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെന്റുകളെ ശക്തിപ്പെടുത്തുക’ എന്നതാണ് പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന്റെ പ്രമേയം. ഇന്നത്തെ ആഗോള സാഹചര്യത്തിൽ ഇതിന് പ്രത്യേക പ്രസക്തിയുണ്ടെന്ന് ബിർള പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത്, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ പരസ്പരബന്ധമുള്ള നാല് വിഷയങ്ങളിൽ രണ്ടുദിവസത്തെ സമ്മേളനം വിശദമായ ചർച്ചകൾക്ക് വേദിയാകും. കൂടുതൽ പരസ്പരബന്ധിതമാകുന്ന ലോകത്ത് ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം മുന്നോട്ടുകൊണ്ടുപോകാനും ഈ നാല് ഘടകങ്ങളും അനിവാര്യമാണ്. അനിശ്ചിതത്വവും തടസ്സങ്ങളും നേരിടുമ്പോഴും പ്രവർത്തനത്തുടർച്ചയും ഉത്തരവാദിത്വവും ഫലപ്രദമായ ജനാധിപത്യ മേൽനോട്ടവും ഉറപ്പാക്കണം. ഇതിനായി നിയമനിർമാണ സംവിധാനങ്ങളും സ്ഥാപനങ്ങളുടെ പ്രവർത്തനശേഷിയും ബ്രിക്സ് രാജ്യങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തണം. ജനങ്ങളുടെ മാറുന്ന ആഗ്രഹങ്ങൾക്കൊപ്പം വളരേണ്ട സജീവ സ്ഥാപനങ്ങളാണ് പാർലമെന്റുകൾ. ഭരണഘടന നൽകുന്ന അധികാരത്തിനൊപ്പം ക്രിയാത്മക ചർച്ചകൾ, സമവായം, സുതാര്യത, ജനങ്ങളോടുള്ള ഉത്തരവാദിത്വം എന്നിവയും അവയുടെ കരുത്ത് നിർണയിക്കുന്നു.
പാർലമെന്ററി പ്രവർത്തനത്തിലെ നവീകരണം പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി. പുതിയ ആശയങ്ങൾ, പുരോഗമനപരമായ പ്രവർത്തനരീതികൾ, സ്ഥാപനപരമായ പരിഷ്കാരങ്ങൾ എന്നിവയും അതിന്റെ ഭാഗമാണ്. ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതൽ ഫലപ്രദവും സുതാര്യവും ജനപങ്കാളിത്തമുള്ളതും ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമാക്കണം. ക്രിയാത്മക മാറ്റങ്ങൾ സ്വീകരിക്കുകയും സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കുകയും ചെയ്താൽ ചർച്ചകളുടെ നിലവാരവും പൊതുജനപങ്കാളിത്തവും മെച്ചപ്പെടുത്താം. രാജ്യങ്ങളുടെ വൈവിധ്യവും പൊതുനന്മയ്ക്കായി പ്രയോജനപ്പെടുത്താവുന്ന സമ്പത്താണ്. അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പങ്കുവെച്ചും പരസ്പരം സ്ഥാപനങ്ങളുടെ കരുത്തിൽനിന്ന് പഠിച്ചും പൊതുവെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്താം. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും വ്യത്യസ്ത കാഴ്ചപ്പാടുകളെയും പൂർണമായി മാനിച്ചുകൊണ്ടുള്ള സഹകരണമാണ് പാർലമെന്ററി നയതന്ത്രത്തിന്റെ അടിസ്ഥാനം. ദേശീയ സാഹചര്യങ്ങളിലെ വ്യത്യാസങ്ങൾ പൊതുലക്ഷ്യങ്ങൾക്ക് തടസ്സമാകേണ്ടതില്ല. വ്യത്യസ്ത അഭിപ്രായങ്ങളെ പരസ്പരം പഠിക്കാനും ഒരുമിച്ച് മുന്നേറാനുമുള്ള അവസരങ്ങളാക്കണം. അനുഭവങ്ങളെ കൂട്ടായ പ്രവർത്തനമായും ധാരണയെ ദീർഘകാല വിശ്വാസമായും ചർച്ചകളെ വ്യക്തമായ സഹകരണമായും മാറ്റാൻ ബിർള ആഹ്വാനം ചെയ്തു. തുടർച്ചയായ ഈ ഇടപെടൽ കൂടുതൽ നീതിപൂർണവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സമാധാനപരവുമായ ലോകത്തിന് അടിത്തറയിടുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിനൊപ്പം പരിസ്ഥിതിയും; യുവാക്കൾക്ക് അവസരങ്ങളും
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരം കരുത്തേകുന്ന പ്രവർത്തനങ്ങളായാണ് ഇന്ത്യൻ തത്ത്വചിന്ത കാണുന്നതെന്ന് ഓം ബിർള പറഞ്ഞു. സമഗ്രമായ ഈ കാഴ്ചപ്പാട് ബ്രിക്സ് രാജ്യങ്ങളിലെ പാർലമെന്റുകൾക്ക് പ്രധാന മാർഗദർശനമാകാം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർത്തുകൊണ്ടാകരുത് വികസനം. സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കുള്ള നയങ്ങളിൽ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും ദീർഘകാല സുസ്ഥിരതയും ഭാവിതലമുറകളുടെ താൽപര്യസംരക്ഷണവും ഉറപ്പാക്കണം. സമൃദ്ധവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരിസ്ഥിതിപരമായി സുരക്ഷിതവുമായ ലോകം കെട്ടിപ്പടുക്കാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പാർലമെന്റുകൾ ഗൗരവത്തോടെ കാണണമെന്നും ബിർള ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസവും സാങ്കേതിക അറിവും നേടാനുള്ള അവസരങ്ങൾ ഇന്നത്തെ യുവാക്കൾക്ക് വർധിച്ചുവരുന്നു. പുതിയ കാര്യങ്ങൾ സൃഷ്ടിക്കാനും മികവ് തെളിയിക്കാനും സമൂഹത്തിന് സംഭാവന നൽകാനും അവർ ആഗ്രഹിക്കുന്നു. അവരുടെ കഴിവുകൾ വളരാൻ അർഥവത്തായ അവസരങ്ങളും അന്തസ്സും അനുകൂലമായ സാഹചര്യവും ഒരുക്കണം. യുവാക്കളുടെ ശബ്ദം കേൾക്കുകയും പ്രതീക്ഷകളും ആശങ്കകളും മനസ്സിലാക്കുകയും ചെയ്യേണ്ടത് പാർലമെന്റുകളുടെ ഉത്തരവാദിത്വമാണ്. അവരുടെ ഊർജവും സർഗശേഷിയും കഴിവുകളും രാഷ്ട്രനിർമാണത്തിലേക്ക് നയിക്കാനുള്ള വഴികൾ തുറക്കണം. യുവാക്കളെ ശാക്തീകരിക്കുന്നത് അവരുടെ വ്യക്തിപരമായ ഭാവിയിലുള്ള നിക്ഷേപം മാത്രമല്ല, രാജ്യങ്ങളുടെ കൂട്ടായ ഭാവിയോടുള്ള പ്രതിബദ്ധത കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളുടെ വിജയം ജനങ്ങളുടെ ജീവിതത്തിൽ കാണണം
ബ്രിക്സിനെ ‘പരിഹാരങ്ങൾ കണ്ടെത്താനുള്ള പരസ്പരബന്ധിത സംവിധാനമാക്കി’ മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും ബിർള പരാമർശിച്ചു. ചർച്ചകളുടെ വ്യാപ്തി മാത്രം നോക്കിയല്ല ഫോറത്തിന്റെ വിജയം വിലയിരുത്തേണ്ടത്. അവയിൽനിന്ന് ഉണ്ടാകുന്ന ഫലങ്ങളുടെ ആഴവും ജനങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റവുമാണ് യഥാർഥ അളവുകോൽ. പങ്കിട്ട ഭാവിക്കായി ദീർഘവീക്ഷണമുള്ള പ്രവർത്തനപരിപാടി തയ്യാറാക്കണം. ചർച്ചകൾ പ്രവർത്തനത്തിലേക്കും സഹകരണം അളക്കാനാകുന്ന നേട്ടങ്ങളിലേക്കും എത്തണം. ദേശീയ സാഹചര്യങ്ങളിലും വികസന മുൻഗണനകളിലും കാഴ്ചപ്പാടുകളിലും വ്യത്യാസങ്ങളുണ്ടെങ്കിലും സമാധാനം, സുരക്ഷ, പരസ്പര ബഹുമാനം, തുല്യാവസരങ്ങൾ, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയിൽ ബ്രിക്സ് രാജ്യങ്ങളുടെ ആഗ്രഹങ്ങൾ ഒന്നാണ്. കൂടുതൽ അടുത്ത ബന്ധത്തിനും ലക്ഷ്യബോധമുള്ള സഹകരണത്തിനും ഇവ ശക്തമായ അടിത്തറ നൽകുന്നു. വിശ്വാസവും ധാരണയും വളർത്താനും പൊതുലക്ഷ്യങ്ങൾക്കായി കൂട്ടായ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനുമുള്ള സജീവ വേദിയായി ഫോറം മാറണം.
പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറം അംഗരാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുമെന്ന് ബിർള ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന, സമാധാനപരവും സുസ്ഥിരവുമായ ലോകം രൂപപ്പെടുന്നതിൽ സമ്മേളനം അർഥവത്തായ സംഭാവന നൽകും. ചർച്ചകൾ പരസ്പര വിശ്വാസത്തിനും അന്താരാഷ്ട്ര സഹകരണത്തിനും പുതിയ ഊർജം നൽകുമെന്നാണ് പ്രതീക്ഷ. ജനകേന്ദ്രീകൃത വികസനത്തിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുകയും പൊതുവായ അഭിലാഷങ്ങളെ ദീർഘകാല നേട്ടങ്ങളാക്കാനുള്ള നിശ്ചയദാർഢ്യം വർധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശും സംസാരിച്ചു. ലോക്സഭാ സെക്രട്ടറി ജനറൽ സ്വാഗതപ്രസംഗം നടത്തി.
.
