പ്രധാന വിവരങ്ങൾ
- ഇന്ത്യയിൽ 2015 മുതൽ 2024 വരെ പുതിയ ക്ഷയരോഗ കേസുകൾ 21 ശതമാനവും മരണങ്ങൾ 28 ശതമാനവും കുറഞ്ഞു.
- ചികിത്സ ലഭിക്കുന്നവരുടെ നിരക്ക് ഇന്ത്യയിൽ 92 ശതമാനമാണ്; ആഗോള നിരക്ക് 78 ശതമാനമാണ്.
- ശക്തമാക്കിയ പ്രചാരണത്തിൽ 28.1 കോടിയിലധികം പേരെ പരിശോധിച്ചു; 20 ലക്ഷം പേർക്ക് പ്രതിരോധ ചികിത്സ നൽകി.
- യുവാക്കളും നാട്ടുകാരും പങ്കെടുക്കുന്ന ജോഷ് പ്രചാരണം 11 സംസ്ഥാനങ്ങളിലെ 55 ജില്ലകളിൽ ആരംഭിച്ചു.
- മരുന്നുപ്രതിരോധ ക്ഷയരോഗത്തിന് ആറുമാസത്തെ പുതിയ ചികിത്സാക്രമം അവതരിപ്പിച്ചു
ന്യൂഡൽഹി /2026 /ഒക്ടോബർ 14
ക്ഷയരോഗ നിർമാർജനത്തിൽ ഇന്ത്യ മുന്നേറുന്നു. 2015 മുതൽ 2024 വരെ രാജ്യത്ത് ഓരോ വർഷവും പുതുതായി ഉണ്ടാകുന്ന ക്ഷയരോഗ കേസുകൾ 21 ശതമാനം കുറഞ്ഞു. ലോകതലത്തിലെ കുറവ് 12 ശതമാനമാണ്. ഇന്ത്യയിൽ ചികിത്സ ലഭിക്കുന്നവരുടെ നിരക്ക് 92 ശതമാനമാണ്. ആഗോളതലത്തിൽ ഇത് 78 ശതമാനം മാത്രമാണ്. ഇതേ കാലയളവിൽ ഇന്ത്യയിലെ ക്ഷയരോഗ മരണങ്ങൾ 28 ശതമാനം കുറഞ്ഞു. രോഗബാധ കൂടുതലുള്ള മറ്റു രാജ്യങ്ങളെക്കാൾ വേഗത്തിലാണ് ഇന്ത്യയിൽ കേസുകൾ കുറയുന്നത്. രോഗികളെ കണ്ടെത്തൽ, പരിശോധന, ചികിത്സ എന്നിവയിൽ സർക്കാർ സ്വീകരിച്ച വിവിധ നടപടികളാണ് ഈ മുന്നേറ്റത്തിന് സഹായിച്ചത്. നൂതന സാങ്കേതികവിദ്യ, വിപുലീകരിച്ച പ്രാദേശിക ആരോഗ്യസേവനങ്ങൾ, ജനപങ്കാളിത്തം, താങ്ങാനാകുന്ന ചികിത്സ എന്നിവയും ഇതിന് കരുത്തേകി. ശക്തമാക്കിയ ക്ഷയരോഗമുക്ത ഭാരത് അഭിയാനിലൂടെ 28.1 കോടിയിലധികം ആളുകളെ പരിശോധിച്ചു. 20 ലക്ഷത്തിലധികം പേർക്ക് പ്രതിരോധ ചികിത്സ നൽകി. പുതുതായി 5.7 ലക്ഷം നിക്ഷയ് മിത്രകൾ ചേർന്നു. 46,118 ഗ്രാമപഞ്ചായത്തുകൾക്ക് ക്ഷയരോഗമുക്ത സർട്ടിഫിക്കറ്റും ലഭിച്ചു. ഈ മുന്നേറ്റം കൂടുതൽ ശക്തമാക്കാൻ യുവാക്കളെയും പൊതുസമൂഹത്തെയും പങ്കെടുപ്പിക്കുന്ന ‘ജോഷ്’ പ്രചാരണവും ആരംഭിച്ചു.
യുവാക്കൾ മുന്നിൽ; രോഗപ്രതിരോധം ജനകീയമാക്കാൻ ജോഷ്
ക്ഷയരോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ 2026 ഒക്ടോബർ 13ന് രാജ്യവ്യാപക സാമൂഹികമാധ്യമ പ്രചാരണം സംഘടിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 11 സംസ്ഥാനങ്ങളിലെ 55 ജില്ലകളിലാണ് ആരോഗ്യത്തിനായുള്ള സംയുക്ത സംഘങ്ങളായ ജോഷ് ടീമുകൾ പ്രവർത്തിക്കുന്നത്. ഓരോ ടീമിലും മൈ ഭാരത് സന്നദ്ധപ്രവർത്തകർ, നാഷണൽ കേഡറ്റ് കോർപ്സ് കേഡറ്റുകൾ, നിയോഗിക്കപ്പെട്ട ഒരു ക്ലാസ് വൺ ഉദ്യോഗസ്ഥൻ എന്നിവരുണ്ട്. സമയബന്ധിത പരിശോധനയും ചികിത്സയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇവർ ജനങ്ങളിലെത്തിക്കും. താഴെത്തട്ടിൽ യുവാക്കളുടെ നേതൃത്വത്തിൽ ബോധവത്കരണം ശക്തമാക്കുകയാണ് ലക്ഷ്യം. മന്ത്രാലയങ്ങൾ, വകുപ്പുകൾ, ആരോഗ്യസ്ഥാപനങ്ങൾ, മൈ ഭാരത് സന്നദ്ധപ്രവർത്തകർ, യുവജന സംഘടനകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരോട് പ്രചാരണത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. കുറിപ്പുകൾ, ചിത്രങ്ങൾ, വീഡിയോകൾ, യുവാക്കളുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന പ്രചോദനാത്മക അനുഭവങ്ങൾ എന്നിവ പങ്കുവെക്കാം. രോഗം നേരത്തേ കണ്ടെത്തൽ, സമയബന്ധിത ചികിത്സ, ചികിത്സ മുടങ്ങാതിരിക്കൽ, രോഗികളോടുള്ള സാമൂഹിക വിവേചനം ഒഴിവാക്കൽ എന്നിവയ്ക്കാണ് ഊന്നൽ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പാർലമെന്റ് അംഗങ്ങളെയും നിയമസഭാംഗങ്ങളെയും ഉൾപ്പെടുത്തി ക്ഷയരോഗമുക്ത അഭിയാനെക്കുറിച്ച് ശിൽപ്പശാലകൾ നടത്തിയിരുന്നു. പ്രചാരണം കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ ജനങ്ങളുടെ പങ്കാളിത്തം നിർണായകമാണെന്ന വിലയിരുത്തലിലാണ് ജോഷ് അടുത്ത ഘട്ടമായി നടപ്പാക്കുന്നത്. പരിശോധന വർധിപ്പിക്കാനും ലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്താനും രോഗനിർണയവും ചികിത്സയും ജനപങ്കാളിത്തവും ഒരുമിച്ച് ശക്തിപ്പെടുത്തും. രോഗസാധ്യത കൂടുതലുള്ളവരിലും സമൂഹത്തിന്റെ അരികുകളിലുള്ള വിഭാഗങ്ങളിലും ഭയം കുറയ്ക്കാനും പരിശോധനയെയും ചികിത്സയെയും കുറിച്ചുള്ള അറിവ് വർധിപ്പിക്കാനും ഇത് സഹായിക്കും. സ്ഥാപനങ്ങളുടെ പിന്തുണയും ജനങ്ങളുടെ കൂട്ടായ പ്രവർത്തനവും ചേർത്ത് ക്ഷയരോഗമുക്ത ഭാരതം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ആരോഗ്യസ്ഥാപനങ്ങൾ, യുവാക്കൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുടെ പങ്കാളിത്തത്തിലൂടെ ജനകീയ പ്രസ്ഥാനമെന്ന സമീപനം ശക്തമാക്കി വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കും പ്രചാരണം സംഭാവന നൽകും.
ക്ഷയരോഗം എങ്ങനെ പകരും; പരിശോധനയും ചികിത്സയും സൗജന്യം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിന് കാരണം. സാധാരണയായി ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. തലച്ചോർ, വൃക്കകൾ, നട്ടെല്ല് എന്നിവയെയും രോഗം ബാധിക്കാം. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച എല്ലാവരും ഉടൻ രോഗികളാകണമെന്നില്ല. ചിലരിൽ അണുബാധ നിർജീവമായി തുടരാം. ഇത്തരക്കാർ സജീവ ക്ഷയരോഗമുള്ളവരെപ്പോലെ മറ്റുള്ളവരിലേക്ക് രോഗം പകരില്ലെങ്കിലും പിന്നീട് ഏത് സമയത്തും രോഗം സജീവമാകാം. ശിശുക്കൾക്കും കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും അണുബാധയുണ്ടായാൽ രോഗികളാകാനുള്ള സാധ്യത കൂടുതലാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ സജീവ ക്ഷയരോഗം മരണത്തിന് കാരണമാകാം. രോഗലക്ഷണങ്ങൾ ബാക്ടീരിയ ബാധിച്ച ശരീരഭാഗത്തെ ആശ്രയിച്ചിരിക്കും. എല്ലാ തരത്തിലുള്ള ക്ഷയരോഗങ്ങളിലും പൊതുവായി കാണുന്ന ചില ലക്ഷണങ്ങളുമുണ്ട്. സജീവമോ ലക്ഷണങ്ങളോടുകൂടിയതോ ആയ ക്ഷയരോഗമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും ബാക്ടീരിയ അടങ്ങിയ ചെറിയ തുള്ളികൾ വായുവിലെത്താം. സമീപത്തുള്ളവർ ഇത് ശ്വസിക്കുന്നതിലൂടെ രോഗം പകരാം. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ ഈ സാധ്യത കൂടുതലാണ്. കൈകൊടുക്കുന്നതിലൂടെയോ പൊതുശൗചാലയങ്ങൾ ഉപയോഗിക്കുന്നതിലൂടെയോ ഭക്ഷണവും പാത്രങ്ങളും പങ്കിടുന്നതിലൂടെയോ സാധാരണ സാമൂഹിക ഇടപെടലുകളിലൂടെയോ ക്ഷയരോഗം പകരില്ല. ശ്വാസകോശ ക്ഷയരോഗമുള്ളവർ അനുയോജ്യമായ മരുന്നുകൾ കുറഞ്ഞത് രണ്ടാഴ്ച കഴിച്ചുകഴിഞ്ഞാൽ സാധാരണയായി രോഗം പകരുന്ന അവസ്ഥ അവസാനിക്കും. ശ്വാസകോശത്തിന് പുറത്തുള്ള ഭാഗങ്ങളിൽ ക്ഷയരോഗമുള്ളവർക്ക് സാധാരണയായി മറ്റുള്ളവരിലേക്ക് രോഗം പകരാനാകില്ല. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയിലൂടെ രാജ്യത്തെ എല്ലാ പൊതുജനാരോഗ്യ സ്ഥാപനങ്ങളിലും നിരവധി സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിക്ഷയ് സമ്പർക്ക് ക്ഷയരോഗ–ഹെപ്പറ്റൈറ്റിസ് സഹായനമ്പറായ 1800-11-6666ൽ വിളിച്ച് മാർഗനിർദേശം തേടാം. അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലും എത്താം. സർക്കാർ പദ്ധതികളിൽ രോഗനിർണയവും ചികിത്സയും സൗജന്യമാണ്. ആൻഡ്രോയ്ഡ് ഫോണിൽ ക്ഷയരോഗ ആരോഗ്യ സാഥി ആപ്പ് ഡൗൺലോഡ് ചെയ്തും വിവരങ്ങൾ അറിയാം. ലക്ഷണങ്ങൾ, അടുത്തുള്ള പരിശോധന–ചികിത്സാ കേന്ദ്രങ്ങൾ, മരുന്നുകളുടെ പാർശ്വഫലങ്ങൾ, രോഗികളുടെ പോഷകാഹാരം എന്നിവയെക്കുറിച്ച് ആപ്പ് മാർഗനിർദേശം നൽകും.
മരുന്നിനൊപ്പം പോഷകാഹാരവും പിന്തുണയും; രാജ്യവ്യാപകമായി പദ്ധതികൾ
എല്ലാവർക്കും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന സുസ്ഥിര വികസന ലക്ഷ്യം മൂന്നിനോട് ചേർന്നാണ് ഇന്ത്യ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ നടത്തുന്നത്. 2020 ജൂണിൽ പ്രഖ്യാപിച്ച 2020–25 ദേശീയ തന്ത്രപരമായ പദ്ധതിയുടെ നാല് തൂണുകൾ സംവിധാനങ്ങൾ ശക്തമാക്കൽ, പ്രതിരോധം, രോഗം കണ്ടെത്തൽ, ചികിത്സ എന്നിവയാണ്. നേരത്തേയുള്ള രോഗനിർണയം, രോഗപ്പകർച്ച കുറയ്ക്കൽ, അനുയോജ്യമായ മരുന്നുകളും ചികിത്സാക്രമങ്ങളും നൽകൽ, രോഗികൾക്കുള്ള പിന്തുണാസംവിധാനങ്ങൾ ഒരുക്കൽ എന്നിവയ്ക്കാണ് പ്രാധാന്യം. 2020ൽ പരിഷ്കരിച്ച ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ പേര് ദേശീയ ക്ഷയരോഗ നിർമാർജന പരിപാടി എന്നാക്കി. ആഗോള ലക്ഷ്യമായ 2030ന് മുമ്പ് രോഗം നിർമാർജനം ചെയ്യാനുള്ള ഇന്ത്യയുടെ ലക്ഷ്യമാണ് ഈ മാറ്റം വ്യക്തമാക്കുന്നത്. മികച്ച പരിശോധനയിലൂടെ നേരത്തേ രോഗം കണ്ടെത്തൽ, രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങളിൽ നേരിട്ടെത്തി കണ്ടെത്തപ്പെടാത്ത രോഗികളെ തിരിച്ചറിയൽ, ഗുണനിലവാരം ഉറപ്പാക്കിയ മരുന്നുകളിലൂടെ ഉടൻ ചികിത്സ നൽകൽ എന്നിവ പരിപാടിയുടെ ഭാഗമാണ്. മരുന്നുകളോട് പ്രതിരോധമുള്ള ക്ഷയരോഗത്തിനും ചികിത്സ നൽകും. സ്വകാര്യ മേഖലയിൽ ചികിത്സ തേടുന്ന രോഗികളെയും ഉൾപ്പെടുത്തും. നേരിട്ടുള്ള ധനസഹായവും നിക്ഷയ് മിത്ര പദ്ധതിയും വഴി ചികിത്സാ പിന്തുണയും പോഷകാഹാര സഹായവും നൽകും. വീട്ടിലെ സമ്പർക്കത്തിലുള്ളവർ, കുട്ടികൾ, എച്ച്.ഐ.വി. ബാധിതർ, രോഗസാധ്യത കൂടുതലുള്ള മറ്റു വിഭാഗങ്ങൾ എന്നിവരിൽ സമ്പർക്കാന്വേഷണവും പ്രതിരോധ ചികിത്സയും നടത്തും. വായുവിലൂടെ പകരുന്ന അണുബാധ നിയന്ത്രിക്കാനും രോഗത്തെ സ്വാധീനിക്കുന്ന സാമൂഹിക ഘടകങ്ങളെ നേരിടാൻ വിവിധ മേഖലകളെ ഒരുമിപ്പിക്കാനും നടപടികളുണ്ട്. ഈ പരിപാടിയുടെ പ്രധാന അനുബന്ധ ഘടകമായി 2022 സെപ്റ്റംബർ ഒമ്പതിന് പ്രധാനമന്ത്രി ക്ഷയരോഗമുക്ത ഭാരത് അഭിയാൻ ആരംഭിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും ജനകീയ പ്രസ്ഥാനത്തിൽ ഒന്നിപ്പിക്കുക, രോഗികൾക്ക് അധിക സഹായം നൽകി ചികിത്സാഫലം മെച്ചപ്പെടുത്തുക, ജനപങ്കാളിത്തം വർധിപ്പിക്കുക, കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. ചികിത്സാമരുന്നുകളുടെ പ്രതികൂല ഫലങ്ങളെ നേരിടാൻ രോഗികൾക്ക് പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം ആവശ്യമാണ്. 2018 ഏപ്രിലിൽ ആരംഭിച്ച നിക്ഷയ് പോഷൺ യോജനയിൽ രജിസ്റ്റർ ചെയ്ത ഓരോ ക്ഷയരോഗിക്കും പ്രതിമാസം 1,000 രൂപ സഹായം നൽകുന്നു. ഇതുവരെ 1.38 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4,454.68 കോടി രൂപ നേരിട്ട് കൈമാറി. ക്ഷയരോഗ ചികിത്സ കുറഞ്ഞത് ആറുമാസമെങ്കിലും നീളും. ചിലപ്പോൾ കൂടുതൽ സമയവും വേണ്ടിവരും. ഈ കാലയളവിൽ രോഗികൾക്ക് സഹായം നൽകുന്നവരാണ് നിക്ഷയ് മിത്രകൾ. വ്യക്തികൾ, സന്നദ്ധസംഘടനകൾ, കമ്പനികൾ, മത–സാമുദായിക കൂട്ടായ്മകൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുരംഗത്തുള്ളവർ എന്നിവർക്ക് സന്നദ്ധമായി പങ്കാളികളാകാം. പതിവായി ഭക്ഷണകിറ്റുകൾ നൽകുന്നതിലൂടെ രോഗികൾക്ക് സ്വന്തം കൈയിൽനിന്ന് ചെലവാക്കേണ്ട തുക കുറയ്ക്കാം. രോഗികളുടെ സ്ഥിതി പതിവായി അന്വേഷിച്ച് മാനസിക–സാമൂഹിക പിന്തുണ നൽകാനും രോഗമുക്തിക്ക് ശേഷം ജീവിതം പുനർനിർമിക്കാൻ തൊഴിൽപരമായ സഹായം നൽകാനും കഴിയും. 2025 നവംബർ 12 വരെയുള്ള കണക്കനുസരിച്ച് 6,77,541 വ്യക്തികളും സ്ഥാപനങ്ങളും നിക്ഷയ് മിത്രകളായി 45 ലക്ഷത്തിലധികം ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. രണ്ടുലക്ഷത്തിലധികം മൈ ഭാരത് സന്നദ്ധപ്രവർത്തകരും നിക്ഷയ് മിത്രകളാകാൻ മുന്നോട്ടുവന്നു. കേന്ദ്ര യുവജനകാര്യ–കായിക മന്ത്രാലയത്തിന്റെ മൈ ഭാരത് സംരംഭം 15 മുതൽ 29 വയസ്സുവരെയുള്ളവരെ സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയുമായി ബന്ധിപ്പിച്ച് യഥാർഥ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു. 2024 ഡിസംബർ ഏഴിന് 33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുൻഗണനയുള്ള 347 ജില്ലകളിൽ നൂറുദിന ക്ഷയരോഗമുക്ത ഭാരത് അഭിയാൻ ആരംഭിച്ചു. നേരത്തേ രോഗം കണ്ടെത്താൻ രോഗസാധ്യത വിലയിരുത്തലും ഉയർന്ന സാധ്യതയുള്ള വിഭാഗങ്ങളുടെ ക്രമബദ്ധ പരിശോധനയും നടത്തി. 30,000ത്തിലധികം ജനപ്രതിനിധികളും 24 ബന്ധപ്പെട്ട മന്ത്രാലയങ്ങളും നിക്ഷയ് മിത്രകളും പങ്കെടുത്തു. സമൂഹവും സർക്കാരും ഒരുമിച്ചുള്ള ഈ സമീപനം പിന്നീട് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2026 ജൂണോടെ 28.1 കോടിയിലധികം പേരെ പരിശോധിക്കുകയും 20 ലക്ഷം പേർക്ക് പ്രതിരോധ ചികിത്സ നൽകുകയും 5.7 ലക്ഷം പുതിയ നിക്ഷയ് മിത്രകളെ ചേർക്കുകയും ചെയ്തു. 2026 മാർച്ചിൽ തുടങ്ങിയ രണ്ടാംഘട്ടത്തിൽ രോഗസാധ്യത കൂടുതലുള്ള 1.2 ലക്ഷം ഗ്രാമങ്ങളിലും വാർഡുകളിലുമായി 1.7 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ ശിബിരങ്ങൾ സംഘടിപ്പിച്ചു. 32 ലക്ഷം വിദ്യാർഥികളും 1.9 ലക്ഷം മൈ ഭാരത് സന്നദ്ധപ്രവർത്തകരും പങ്കെടുത്തു. അഭിയാനിലെ ചികിത്സാവിജയ നിരക്ക് 90 ശതമാനമായി ഉയർന്നു. ആഗോള ശരാശരി 88 ശതമാനമാണ്.
കൈയിൽ കൊണ്ടുനടക്കാവുന്ന എക്സ്റേ മുതൽ നിർമിതബുദ്ധി വരെ
മരുന്നുകളോട് പ്രതിരോധമുള്ള ക്ഷയരോഗികൾക്കായി കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കാവുന്ന, കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ ബി.പി.എ.എൽ.എം. ചികിത്സാക്രമം അവതരിപ്പിച്ചു. ബെഡാക്വിലിൻ, പ്രെറ്റോമാനിഡ്, ലിനെസോളിഡ്, മോക്സിഫ്ലോക്സാസിൻ എന്നീ മരുന്നുകൾ ഉൾപ്പെടുന്ന ഈ ക്രമം ചികിത്സാകാലം ആറുമാസമാക്കി കുറയ്ക്കും. ഒന്നിലധികം മരുന്നുകളോടോ റിഫാംപിസിനോടോ പ്രതിരോധമുള്ള 15,000ത്തിലധികം രോഗികൾക്ക് ഈ ചികിത്സ ആരംഭിച്ചു. രോഗം ഭേദമാക്കുന്നതിനൊപ്പം പ്രതിരോധവും പ്രധാനമാണെന്ന സമീപനത്തിൽ അർഹരായവർക്ക് ക്ഷയരോഗ പ്രതിരോധ ചികിത്സ നൽകുന്നു. അണുബാധ സജീവ രോഗമായി മാറുന്നത് തടയുകയാണ് ലക്ഷ്യം. വീട്ടിലെ സമ്പർക്കത്തിലുള്ളവരെയും എച്ച്.ഐ.വി. ബാധിതരെയും സംരക്ഷിക്കാൻ വർഷങ്ങളായി ഈ ചികിത്സ ഉപയോഗിക്കുന്നു. സജീവവും തീവ്രവുമായ രോഗാന്വേഷണ പ്രചാരണങ്ങളുമായി ഇത് ബന്ധിപ്പിക്കുകയും മറ്റു ദുർബല വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും താങ്ങാനാകുന്ന ആരോഗ്യപരിചരണം നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ലക്ഷണങ്ങളുള്ളവർക്ക് പരിശോധന തേടാം. 2026 ഒക്ടോബർ 13ലെ കണക്കനുസരിച്ച് രാജ്യത്ത് 1,87,250 ആയുഷ്മാൻ ആരോഗ്യ മന്ദിറുകളുണ്ട്. ഉപആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ആയുർവേദം, യോഗ–പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉൾപ്പെടുന്ന ആയുഷ് കേന്ദ്രങ്ങൾ, നഗര ആരോഗ്യ–ക്ഷേമ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ 2025 സെപ്റ്റംബർ 20ന് ഒരു ആയുഷ്മാൻ ആരോഗ്യ മന്ദിറിലെ ആരോഗ്യപ്രവർത്തകർ സ്ത്രീകളെ ക്ഷയരോഗത്തിനും മറ്റു രോഗങ്ങൾക്കും പരിശോധിച്ചു. നേരത്തേയുള്ള രോഗനിർണയത്തിനും പരിചരണത്തിനുമായി 9,800ലധികം ദ്രുത മോളിക്യുലാർ പരിശോധനാ കേന്ദ്രങ്ങളും 107 കൾച്ചർ–മരുന്നുസംവേദനക്ഷമത പരിശോധനാ ലബോറട്ടറികളും പ്രവർത്തിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയാണിത്. സമൂഹതല പരിശോധനയ്ക്ക് നിർമിതബുദ്ധി സഹായത്തോടെയുള്ള 500ലധികം കൈയിൽ കൊണ്ടുനടക്കാവുന്ന നെഞ്ച് എക്സ്റേ ഉപകരണങ്ങളുണ്ട്. 1,500 ഉപകരണങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ഉപകരണങ്ങളുടെ വ്യാപക വിന്യാസത്തിലൂടെ എക്സ്റേ പരിശോധന 34 മടങ്ങ് വർധിച്ചു. പോഷകാഹാരത്തിനുള്ള ധനസഹായം നേരിട്ട് കൈമാറാൻ നിക്ഷയ് ഡിജിറ്റൽ സംവിധാനം സഹായിക്കുന്നു. പുതിയ ക്ഷയരോഗമുക്ത ഭാരത് ആപ്പിലെ നിർമിതബുദ്ധി ചാറ്റ്ബോട്ടായ ‘ഖുഷി’ പ്രവർത്തനപുരോഗതി പിന്തുടരാനും ലക്ഷണങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകാനും അടുത്തുള്ള പരിശോധനാ കേന്ദ്രങ്ങൾ കണ്ടെത്താനും സഹായിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിൽ റേഡിയോഗ്രാഫർ തസ്തികകൾ വർധിപ്പിക്കുകയും ട്രൂനാറ്റ്, സി.ബി.എൻ.എ.എ.ടി. പരിശോധനാ ഉപകരണങ്ങൾ വിപുലീകരിക്കുകയും ചെയ്തു. കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ ഹിമാലയത്തിൽ 2,400 മീറ്റർ ഉയരത്തിലുള്ള, ശൈത്യകാലത്ത് പുറംലോകവുമായി ബന്ധം മുറിയുന്ന ഗുരേസ് താഴ്വരയിലും തീവ്ര പരിശോധന നടത്തി. നൂതന പരിശോധനാ യന്ത്രങ്ങളും കൊണ്ടുനടക്കാവുന്ന എക്സ്റേ ഉപകരണങ്ങളും ഘടിപ്പിച്ച മൊബൈൽ വാനുകളിലൂടെ ദേശീയ പരിപാടിയുടെ കശ്മീർ സംഘം മൂന്നുദിവസത്തിൽ 1,250 പേരെ പരിശോധിച്ചു. കൂടുതൽ പരിശോധനയ്ക്കായി ക്ഷയരോഗസാധ്യതയുള്ള 250ലധികം പേരെ കണ്ടെത്തി. ഇന്ത്യൻ സൈന്യം, പ്രാദേശിക ആരോഗ്യപ്രവർത്തകർ, ഗ്രാമപ്രതിനിധികൾ, മതനേതാക്കൾ എന്നിവരുമായി ബോധവത്കരണ പരിപാടികളും നടത്തി. 2025ഓടെ ക്ഷയരോഗമുക്ത കശ്മീർ എന്ന ലക്ഷ്യത്തിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ പ്രവർത്തനം. ആരോഗ്യസേവനം വേഗത്തിലും കൂടുതൽ ആളുകളിലേക്കും എത്തിക്കാൻ രോഗം കണ്ടെത്തൽ, രോഗനിർണയം, ചികിത്സ എന്നിവയിൽ നിർമിതബുദ്ധിയും ഉപയോഗിക്കുന്നു. ‘കഫ് എഗെയ്ൻസ്റ്റ് ടി.ബി.’ സംവിധാനത്തിൽ സ്മാർട്ട്ഫോൺ ആപ്പിലൂടെ രോഗിയുടെ മൂന്നുസെക്കൻഡ് ചുമ ശബ്ദം രേഖപ്പെടുത്തി ശബ്ദത്തിന്റെ ആവൃത്തി മാതൃകകളിൽ ക്ഷയരോഗ സൂചനകൾ പരിശോധിക്കുന്നു. 1.62 ലക്ഷത്തിലധികം പേരെ ഇതിലൂടെ പരിശോധിച്ചു. പരമ്പരാഗത രീതികളെ അപേക്ഷിച്ച് 12 മുതൽ 16 ശതമാനം വരെ അധിക കേസുകൾ കണ്ടെത്തി. പ്രതികൂല ചികിത്സാഫലം പ്രവചിക്കുന്ന മറ്റൊരു സംവിധാനം ചികിത്സ പരാജയപ്പെടാൻ സാധ്യത കൂടുതലുള്ള രോഗികളെ തിരിച്ചറിയുന്നു. മുന്നറിയിപ്പ് ലഭിച്ചാൽ ചികിത്സ ആരംഭിക്കുന്നു. രാജ്യവ്യാപക വിന്യാസത്തിന് ശേഷം പ്രതികൂല ഫലങ്ങളിൽ 27 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തു. ‘ഡീപ് സി.എക്സ്.ആർ.’ സംവിധാനം ഡിജിറ്റൽ നെഞ്ച് എക്സ്റേ ചിത്രങ്ങൾ സ്വയം വായിച്ച് മുഴകളും പൊള്ളയായ ഭാഗങ്ങളും കണ്ടെത്തി ക്ഷയരോഗസാധ്യത വിലയിരുത്തുന്നു. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇത് വിന്യസിച്ചിട്ടുണ്ട്. വിദഗ്ധരുടെ കുറവ് മറികടക്കാൻ സർക്കാരിന് സൗജന്യമായി ലഭ്യമാണ്. തുടർച്ചയായ ജാഗ്രതയും കൂടുതൽ ആളുകൾക്ക് ചികിത്സ ലഭ്യമാക്കലും കൂട്ടായ ഉത്തരവാദിത്തവും നിലനിർത്തി ക്ഷയരോഗമുക്ത ഇന്ത്യയിലേക്കുള്ള മുന്നേറ്റം ശക്തമാക്കുകയാണ് ലക്ഷ്യം.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

