ന്യൂഡൽഹി / 2026 /ഒക്ടോബർ 14
നെല്ല് കൊയ്ത്ത് നടക്കുന്ന സമയത്ത് വൈക്കോൽ ഉൾപ്പെടെയുള്ള വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാൻ സംസ്ഥാനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് കേന്ദ്രം. ഒക്ടോബർ 13ന് ന്യൂഡൽഹിയിലെ കൃഷി ഭവനിൽ നടന്ന ഉന്നതതല മന്ത്രിതല അവലോകന യോഗത്തിലാണ് നിർദേശം. കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും സംയുക്തമായി യോഗത്തിന് നേതൃത്വം നൽകി. കൊയ്ത്തിനും റാബി വിളകളുടെ വിതയ്ക്കലിനും ഇടയിൽ വളരെ കുറച്ച് സമയം മാത്രമാണുള്ളതെന്നും ഉദ്യോഗസ്ഥർ ഫയലുകൾക്കപ്പുറം നേരിട്ട് കൃഷിയിടങ്ങളിൽ പ്രവർത്തിക്കണമെന്നും ഇരുവരും വ്യക്തമാക്കി. കേന്ദ്ര കൃഷി സഹമന്ത്രി ഭാഗീരഥ് ചൗധരി, ഡൽഹി–ദേശീയ തലസ്ഥാന മേഖല, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള കൃഷിമന്ത്രിമാർ, കേന്ദ്ര കൃഷി സെക്രട്ടറി അതീഷ് ചന്ദ്ര, കേന്ദ്ര പരിസ്ഥിതി സെക്രട്ടറി നരേന്ദ്ര ഭൂഷൺ, കേന്ദ്ര–സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വൈക്കോൽ പ്രശ്നമല്ല; വരുമാനത്തിനും മണ്ണിന്റെ ആരോഗ്യത്തിനും വഴിയാണ്
വൈക്കോൽ കത്തിക്കരുതെന്ന് കർഷകരോട് പറയുന്നതുകൊണ്ടുമാത്രം കാര്യമില്ലെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. നെല്ല് കൊയ്തെടുക്കുന്ന കർഷകർ അടുത്ത കൃഷിക്കായി നിലം ഒരുക്കാനുള്ള തിരക്കിലാണ്. അവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും സമയത്ത് ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ ബദൽ സംവിധാനങ്ങൾ നൽകണം. വൈക്കോൽ കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമാകുന്നതിനൊപ്പം മണ്ണിലെ ഉപകാരപ്രദമായ ജീവികളെയും നശിപ്പിക്കുന്നു. ആവശ്യമായ പോഷകങ്ങൾ കത്തി ചാരമാകുന്നു. അതിനാൽ ഭൂമിയെയും മണ്ണിന്റെ ആരോഗ്യത്തെയും സംരക്ഷിക്കണം. വിള അവശിഷ്ടങ്ങൾ മണ്ണിൽ ചേർത്താൽ ജൈവവളമാക്കാം. കൃഷിയിടത്തിൽനിന്ന് ശേഖരിച്ചാൽ ബയോ സിഎൻജി, ബയോ എഥനോൾ, വൈദ്യുതി, കാലിത്തീറ്റ എന്നിവയുടെ ഉൽപ്പാദനത്തിന് ഉപയോഗിച്ച് കർഷകർക്ക് അധിക വരുമാനം നേടാം. വൈക്കോൽ കത്തിക്കൽ തടയുക എന്നതിൽ മാത്രം ലക്ഷ്യം ഒതുങ്ങരുത്. കത്തിക്കേണ്ട ആവശ്യമില്ലാത്ത ശക്തമായ സംവിധാനം ഒരുക്കണം. പ്രായോഗികവും സാമ്പത്തികമായി നിലനിൽക്കുന്നതുമായ പരിഹാരങ്ങൾ വികസിപ്പിക്കണം. പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷിരീതികളിലൂടെ കാർബൺ ക്രെഡിറ്റ് പോലുള്ള അവസരങ്ങളുടെ പ്രയോജനവും കർഷകർക്ക് ലഭിക്കണം. ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിനൊപ്പം കർഷകരുടെ ഉപജീവനവും കൃഷിയുടെ ദീർഘകാല നിലനിൽപ്പും ശക്തിപ്പെടുത്താനാകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർമാർ ഉടൻ യോഗം വിളിച്ച് നിരീക്ഷണം ശക്തമാക്കണം. ചെറിയ പ്രദേശങ്ങൾ അടിസ്ഥാനമാക്കി വിശദമായ പ്രവർത്തനപദ്ധതികൾ തയ്യാറാക്കി കൃഷിയിടങ്ങളിൽ നേരിട്ട് നേതൃത്വം നൽകണം. വൈക്കോൽ പുകയാക്കുന്നതിന് പകരം വൈദ്യുതിയും ബയോ സിഎൻജിയും വളവുമാക്കാനുള്ള മാർഗരേഖ തയ്യാറാക്കണമെന്നും നിർദേശിച്ചു.
ചില സംസ്ഥാനങ്ങളിൽ കുറവ്; മധ്യപ്രദേശിലും രാജസ്ഥാനിലും ആശങ്ക
യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 12 വരെയുള്ള വൈക്കോൽ കത്തിക്കൽ സംഭവങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ചില സംസ്ഥാനങ്ങളിൽ ഗണ്യമായി കുറഞ്ഞതായി ചൗഹാൻ പറഞ്ഞു. ഹരിയാനയിൽ 53.3 ശതമാനവും ഉത്തർപ്രദേശിൽ ഏകദേശം 32 ശതമാനവും കുറവുണ്ടായി. പഞ്ചാബിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവങ്ങൾ വർധിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഈ സംസ്ഥാനങ്ങൾ ബാധിത ജില്ലകളും ഗ്രാമങ്ങളും കണ്ടെത്തി പ്രത്യേക പ്രവർത്തനപദ്ധതികൾ ഉടൻ നടപ്പാക്കണം. കൊയ്ത്തിന്റെ വലിയൊരു ഭാഗം ഇനിയും പൂർത്തിയാകാനുണ്ട്. അതിനാൽ സംഭവങ്ങൾ കുറഞ്ഞ സംസ്ഥാനങ്ങളും ജാഗ്രതയിൽ വീഴ്ച വരുത്തരുത്. ശേഷിക്കുന്ന കൊയ്ത്തുകാലം മുഴുവൻ നിരീക്ഷണം തുടരണം. അടിത്തട്ടിൽ പദ്ധതി നടപ്പാക്കാനുള്ള പ്രധാന ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗനിർദേശത്തിലും കേന്ദ്രം സംസ്ഥാനങ്ങൾക്കും കർഷകർക്കുമൊപ്പം ഉറച്ചുനിൽക്കുമെന്ന് ചൗഹാൻ പറഞ്ഞു. എല്ലാ ഘട്ടത്തിലും സാങ്കേതികവും ഭരണപരവും സാമ്പത്തികവുമായ സഹായം നൽകും. ബന്ധപ്പെട്ട മന്ത്രാലയങ്ങളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങളും വൈക്കോൽ പരിപാലനത്തെ ദേശീയതലത്തിലുള്ള കൂട്ടുത്തരവാദിത്വമായി കണ്ട് പ്രവർത്തിക്കണം. കേന്ദ്രവും സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ഏകോപിപ്പിച്ച് പ്രവർത്തിച്ചാലേ പരിഹാരങ്ങൾ സമയത്ത് കർഷകരിലെത്തൂ. കൃഷിയിടങ്ങളെ മലിനീകരണത്തിൽനിന്ന് സംരക്ഷിക്കുക, മണ്ണിന്റെ ആരോഗ്യം നിലനിർത്തുക, കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്തുക, അവരുടെ സമൃദ്ധി ഉറപ്പാക്കുക എന്നിവയാണ് അന്തിമ ലക്ഷ്യങ്ങൾ.
യന്ത്രങ്ങൾ കടലാസിൽ പോരാ; കൃഷിയിടങ്ങളിൽ പ്രവർത്തിക്കണം
വിള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാനുള്ള യന്ത്രങ്ങൾ പൂർണമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ചൗഹാൻ നിർദേശിച്ചു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങൾക്ക് 3.54 ലക്ഷത്തിലധികം യന്ത്രങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ 2026–27 സാമ്പത്തിക വർഷം നൽകിയ 26,109 പുതിയ യന്ത്രങ്ങളും ഉൾപ്പെടുന്നു. പുതിയ യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം പ്രവർത്തനരഹിതമായ പഴയ യന്ത്രങ്ങൾ ഉടൻ അറ്റകുറ്റപ്പണി നടത്തി ഉപയോഗത്തിലേക്ക് കൊണ്ടുവരണം. അല്ലെങ്കിൽ യന്ത്രങ്ങൾ ഉണ്ടായിട്ടും അനാവശ്യമായ ക്ഷാമമുണ്ടാകും. യന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന കസ്റ്റം ഹയറിങ് കേന്ദ്രങ്ങൾ സജീവമാക്കണം. ചെറുകിട, നാമമാത്ര കർഷകർക്ക് ആവശ്യമായ യന്ത്രങ്ങൾ കുറഞ്ഞ നിരക്കിലും സബ്സിഡിയോടെയും ലഭിക്കണം. യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതിന് പകരം കർഷകർക്ക് ആവശ്യമുള്ള സമയത്ത് ലഭ്യമാകണമെന്ന് മന്ത്രി പറഞ്ഞു. വിള അവശിഷ്ട പരിപാലന പദ്ധതിക്ക് കീഴിൽ 2018–19 മുതൽ 2025–26 വരെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് 4,266.47 കോടി രൂപ അനുവദിച്ച് നൽകിയതായി യോഗത്തിൽ അറിയിച്ചു. പഞ്ചാബിന് 2,056.50 കോടി രൂപയും ഹരിയാനയ്ക്ക് 1,171.71 കോടി രൂപയും ഉത്തർപ്രദേശിന് 868.67 കോടി രൂപയും മധ്യപ്രദേശിന് 59 കോടി രൂപയും നൽകിയിട്ടുണ്ട്. 2026–27 സാമ്പത്തിക വർഷത്തേക്ക് 592.57 കോടി രൂപ വകയിരുത്തിയതിൽ 430.87 കോടി രൂപ ഇതിനകം നൽകി. എന്നാൽ അനുവദിച്ച പണം ചെലവഴിക്കുന്നതിലെ മന്ദഗതിയിൽ മന്ത്രി ആശങ്ക അറിയിച്ചു. വിള അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യമായ വിഭവങ്ങളും യന്ത്രങ്ങളും കർഷകർക്ക് സമയത്ത് ലഭിക്കണം. നേരത്തെ നൽകിയ പണത്തിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് പഞ്ചാബ് സർക്കാർ ഉടൻ കേന്ദ്രത്തിന് സമർപ്പിക്കണം. ഇതിലൂടെ അടുത്ത ഗഡു തടസ്സമില്ലാതെ വേഗത്തിൽ നൽകാനും പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തുടരാനും കഴിയുമെന്ന് ചൗഹാൻ വ്യക്തമാക്കി.
കാലിത്തീറ്റയും ഇന്ധനവും ആക്കാം; കർഷകരെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കണം
വരൾച്ചയ്ക്ക് സമാനമായ സാഹചര്യമുള്ള പ്രദേശങ്ങളിൽ വൈക്കോൽ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിക്കുകയും പിന്നീട് കാലിത്തീറ്റയായി നൽകുകയും വേണമെന്ന് ചൗഹാൻ നിർദേശിച്ചു. വൈക്കോൽ പെല്ലറ്റുകൾ മറ്റു ഇന്ധനങ്ങൾക്കൊപ്പം കത്തിക്കുന്ന താപവൈദ്യുതി നിലയങ്ങൾ, കംപ്രസ്ഡ് ബയോഗ്യാസ് കേന്ദ്രങ്ങൾ, രണ്ടാം തലമുറ ബയോ എഥനോൾ പ്ലാന്റുകൾ എന്നിവയുടെ വിതരണ ശൃംഖലകളുമായി കർഷകരെ നേരിട്ട് ബന്ധിപ്പിക്കണം. ഇതിലൂടെ വിള അവശിഷ്ടങ്ങൾ പ്രയോജനപ്പെടുത്താനുള്ള കൂടുതൽ വഴികളും കർഷകർക്ക് അധിക വരുമാനത്തിനുള്ള അവസരങ്ങളും തുറക്കും. അംഗീകാരം ലഭിച്ച വിതരണ പദ്ധതികൾ സംസ്ഥാന സർക്കാരുകൾ വൈകാതെ നടപ്പാക്കണം. കൂടുതൽ സമയമെടുത്ത് വിളവെടുക്കുന്ന പൂസ–44 പോലുള്ള നെല്ലിനങ്ങൾക്ക് പകരം കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്ന മെച്ചപ്പെട്ട ഇനങ്ങളായ പൂസ 2090, പിആർ 126 എന്നിവ പ്രോത്സാഹിപ്പിക്കണം. ഇത്തരം ഇനങ്ങൾ നേരത്തെ കൊയ്തെടുക്കാനാകും. അതുവഴി അടുത്ത വിതയ്ക്കലിന് മുമ്പ് കൃഷിയിടം വൃത്തിയാക്കാൻ ആവശ്യമായ സമയം കർഷകർക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നുമണിക്കുശേഷം ഉപഗ്രഹ നിരീക്ഷണമില്ല; നിലത്തിറങ്ങി പരിശോധന വേണം
വൈക്കോൽ കത്തിക്കൽ തടയാൻ കൃഷിയിടങ്ങളിലെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കണമെന്ന് ഭൂപേന്ദർ യാദവ് നിർദേശിച്ചു. പഞ്ചാബിലെ സംഗ്രൂർ, തരൺ താരൺ, അമൃത്സർ, പട്യാല, ഗുരുദാസ്പുർ ജില്ലകളിലും ഹരിയാനയിലെ കൈത്തൽ, കർണാൽ, കുരുക്ഷേത്ര, അംബാല, ഫത്തേഹാബാദ് ജില്ലകളിലും പ്രത്യേക ജാഗ്രത വേണം. ഈ പ്രദേശങ്ങളിലെ കൊയ്ത്തിന്റെ രീതി വിലയിരുത്തി വൈക്കോൽ കത്തിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്തണം. അപകടസാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് പ്രാദേശിക നിരീക്ഷണം ശക്തമാക്കിയാൽ മുൻകരുതലെടുക്കാനാകും. വൈക്കോൽ കത്തിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ വായു ഗുണനിലവാര പരിപാലന കമ്മീഷന്റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വിവരങ്ങളുമായി സംയോജിപ്പിക്കണം. വരും ദിവസങ്ങളിൽ കൊയ്ത്ത് നടക്കാനിടയുള്ള സമയം മുൻകൂട്ടി വിലയിരുത്തണം. ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണത്തെ ബാധിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണം. ഇതിലൂടെ മാറുന്ന സാഹചര്യം വിലയിരുത്തി സമയത്ത് നടപടിയെടുക്കാനാകും. നടപ്പാക്കിയ ഇടപെടലുകളുടെ ഫലം തുടർച്ചയായി പരിശോധിക്കുകയും പുതിയ വെല്ലുവിളികൾ നേരിടാൻ തിരുത്തൽ നടപടികൾ കണ്ടെത്തുകയും വേണം. ഉപഗ്രഹ വിവരങ്ങളെ മാത്രം ആശ്രയിക്കരുതെന്നും യാദവ് വ്യക്തമാക്കി. കളക്ടർമാർ നേരിട്ട് സ്ഥലത്തെ സാഹചര്യം വിലയിരുത്തുകയും നിയമനടപടികൾ ശക്തമാക്കുകയും വേണം. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുശേഷം ഉപഗ്രഹം കടന്നുപോകാത്തതിനാൽ നിരീക്ഷണത്തിൽ ഉണ്ടാകുന്ന ഇടവേളയിൽ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് വൈക്കോൽ കത്തിക്കൽ ശ്രദ്ധയിൽപ്പെടാതെ പോകാതിരിക്കാൻ നേരിട്ടുള്ള പട്രോളിങ്ങും ഫ്ലയിങ് സ്ക്വാഡുകളുടെ പരിശോധനയും ശക്തമാക്കണം. ഉപഗ്രഹ നിരീക്ഷണം, സ്ഥലപരിശോധന, ഫലപ്രദമായ നിയമനടപടികൾ എന്നിവ ഒരുമിച്ചാൽ കൊയ്ത്തുകാലത്തെ വൈക്കോൽ കത്തിക്കൽ വേഗത്തിൽ കണ്ടെത്താനും തടയാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
.