പുണെ / 2026 / ഒക്ടോബർ 11
പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ വിദ്യാർഥികൾക്കും ഗവേഷണരംഗത്ത് തുടക്കത്തിലുള്ളവർക്കുമായി അപാർക് ശിൽപ്പശാല സംഘടിപ്പിച്ചു. ഒക്ടോബർ 11ന് സ്ഥാപനത്തിലെ മേഘദൂത് ഹാളിലായിരുന്നു പരിപാടി. ‘ഗവേഷകരുടെ കൂട്ടായ്മ: ആശയങ്ങളെയും ഉപകരണങ്ങളെയും ശാസ്ത്രത്തെയും സമൂഹവുമായി ബന്ധിപ്പിക്കുക’ എന്ന വിഷയത്തിൽ നടന്ന ശിൽപ്പശാലയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം 120 പേർ പങ്കെടുത്തു. അപാർക് പൊതുസമ്മേളനം 2026ന് മുന്നോടിയായി നടത്തിയ പരിപാടി, എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് എന്ന എസ്റ്റിക് സമ്മേളനത്തിന്റെ മുന്നൊരുക്കവേദിയുമായി. യുവ ഗവേഷകരുടെ തൊഴിൽവികസനം, പുതിയ ശാസ്ത്രീയ ഉപകരണങ്ങൾ, ഗവേഷണത്തിലെ വെല്ലുവിളികൾ, ശാസ്ത്ര ആശയവിനിമയം, രാജ്യാന്തര ഗവേഷണസമൂഹവുമായുള്ള ബന്ധം എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ.
ശാസ്ത്രവും സാങ്കേതികവിദ്യയും നയങ്ങളും കൈകോർക്കണം
ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ടി. ശ്രീനിവാസ കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്റ്റിക് സമ്മേളനത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടും തന്ത്രപരമായ ലക്ഷ്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ ഭാവിവികസനത്തിന് ശാസ്ത്രവും സാങ്കേതികവിദ്യയും നയരൂപീകരണവും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനും പുതുമകൾക്കും ശക്തമായ അന്തരീക്ഷം ഒരുക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. നിർണായക ശാസ്ത്രമേഖലകളിൽ മുന്നേറ്റം നടത്താനും ഗവേഷകർ, നയരൂപീകരണക്കാർ, വ്യവസായ പ്രമുഖർ എന്നിവർക്ക് സഹകരിക്കാനുള്ള വേദികൾ ഒരുക്കാനും മന്ത്രാലയം തുടർന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ സുസ്ഥിരമായ ദേശീയ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു. വലിയ മാറ്റങ്ങൾ കൊണ്ടുവരാവുന്ന ശാസ്ത്ര–സാങ്കേതിക പദ്ധതികളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് എസ്റ്റിക് വേദിയാകുമെന്ന പ്രതീക്ഷയും മുന്നൊരുക്കപരിപാടി ഉയർത്തി.
തൊഴിൽവഴികളും കൃത്രിമബുദ്ധിയും ചർച്ചയിൽ
ഉദ്ഘാടനച്ചടങ്ങിൽ ഐഐടിഎം ഡയറക്ടർ ഡോ. സൂര്യചന്ദ്ര എ. റാവു സ്വാഗതം പറഞ്ഞു. ശാസ്ത്രീയ സംഘാടകസമിതിയുടെ പ്രതിനിധികളായ ജർമനിയിലെ യൂലിഖിലുള്ള അപാർക് ഓഫീസ് ഡയറക്ടർ ഡോ. ഇനസ് ട്രിറ്റ്ഷർ, ബെയ്ജിങ്ങിലെ സിങ്ഹുവ സർവകലാശാലയിലെ ഡോ. ജോനാഥൻ എസ്. റൈറ്റ്, സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ലോക കാലാവസ്ഥാ ഗവേഷണ പദ്ധതിയുടെയും ലോക കാലാവസ്ഥാ സംഘടനയുടെയും പ്രതിനിധി ഡോ. ഹിന്ദുമതി പളനിസാമി എന്നിവരും സ്വാഗതപ്രസംഗങ്ങൾ നടത്തി. സംഘാടകസമിതി അംഗവും ഐഐടിഎമ്മിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രത്തിന്റെ പ്രോജക്ട് ഡയറക്ടറുമായ ഡോ. സുവർണ ഫഡ്നവിസ് നന്ദി പറഞ്ഞു. സെഷൻ കൺവീനർ ഡോ. അദിതി മോദി ശിൽപ്പശാലയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. മേരിലാൻഡ് സർവകലാശാലയിലെ ഡോ. മരിയ മൊളീന ഭൗമശാസ്ത്രത്തിലെ കൃത്രിമബുദ്ധിയെയും മെഷീൻ ലേണിങ്ങിനെയും കുറിച്ച് മുഖ്യാവതരണം നടത്തി. അക്കാദമിക മേഖലയ്ക്കുള്ളിലും പുറത്തുമുള്ള തൊഴിൽവഴികളെക്കുറിച്ചുള്ള സംവാദത്തിൽ എൻവിഡിയ, ലോക കാലാവസ്ഥാ ഗവേഷണ പദ്ധതി, ലോക കാലാവസ്ഥാ സംഘടന, ലോറൻസ് ലിവർമോർ ദേശീയ ലബോറട്ടറി, ടോക്യോ സർവകലാശാല, ജമ്മു കേന്ദ്ര സർവകലാശാല എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്തു. ഗവേഷണധനസഹായത്തിലെ മാറ്റങ്ങൾ, മറ്റിടങ്ങളിലേക്ക് മാറി പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ഗവേഷണ സൗകര്യങ്ങളുടെയും കംപ്യൂട്ടിങ് വിഭവങ്ങളുടെയും ലഭ്യത, രാജ്യാന്തര അവസരങ്ങൾ, ശാസ്ത്രരംഗത്തെ നേതൃത്വത്തിലേക്കുള്ള വഴികൾ എന്നിവയും ചർച്ചയായി.
പരിശീലനവും രാജ്യാന്തര ബന്ധങ്ങൾക്ക് അവസരവും
പ്രധാന വിഷയങ്ങൾക്ക് മുൻഗണന നൽകി ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രായോഗിക ആശയചർച്ചകളിലും പങ്കെടുത്തവർ പങ്കാളികളായി. നേച്ചർ പോർട്ട്ഫോളിയോ, സ്പ്രിംഗർ നേച്ചർ എന്നിവയുടെ പ്രതിനിധികളുമായി ‘എഡിറ്റർമാരെ പരിചയപ്പെടാം’ എന്ന സംവാദവും നടന്നു. ഭൗമവ്യവസ്ഥാ മാതൃകകൾ വിലയിരുത്താനുള്ള ഇഎസ്എംവാൽടൂൾ എന്ന ഉപകരണത്തെക്കുറിച്ച് വിശദമായ സാങ്കേതിക പരിശീലനം നൽകി. ഡോ. ബിർഗിറ്റ് ഹാസ്ലറാണ് പരിശീലനം ഏകോപിപ്പിച്ചത്. യുവ ഭൗമവ്യവസ്ഥാ ശാസ്ത്രജ്ഞരുടെ യെസ് കൂട്ടായ്മ, തുടക്കക്കാരായ ഗവേഷകർക്ക് രാജ്യാന്തര ബന്ധങ്ങൾ വളർത്താനുള്ള അവസരങ്ങൾ അവതരിപ്പിച്ചു. അന്തരീക്ഷ–ഭൗമശാസ്ത്ര രംഗത്തെ അടുത്ത തലമുറ ഗവേഷകർക്കിടയിൽ സഹകരണം, നൈപുണ്യവികസനം, വിവിധ ശാസ്ത്രശാഖകൾ തമ്മിലുള്ള ആശയവിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുകയായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. യുവ ഗവേഷകർക്ക് പരിചയസമ്പന്നരായ ശാസ്ത്രജ്ഞരുമായി തുറന്ന് സംസാരിക്കാനും സമപ്രായക്കാരുമായി അനുഭവങ്ങൾ പങ്കിടാനും അവസരം ലഭിച്ചു. യുവ ഗവേഷകർ, മുതിർന്ന ശാസ്ത്രജ്ഞർ, വിദഗ്ധർ, എഡിറ്റർമാർ, വിവിധ ശാസ്ത്രീയ–സ്ഥാപന പശ്ചാത്തലങ്ങളിലുള്ള പ്രൊഫഷണലുകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഗവേഷണജീവിതത്തിന്റെ തുടക്കത്തിൽ നേരിടുന്ന ശാസ്ത്രീയവും തൊഴിൽപരവുമായ വെല്ലുവിളികളെ ഒരുപോലെ അഭിസംബോധന ചെയ്യുന്ന രീതിയിലായിരുന്നു പരിപാടി. ധനസഹായം, ഗവേഷണത്തിനായി ഇടംമാറേണ്ട സാഹചര്യം, വിവരങ്ങളുടെയും കംപ്യൂട്ടിങ് സൗകര്യങ്ങളുടെയും ലഭ്യതയിലെ അസമത്വം, കൃത്രിമബുദ്ധി, മെഷീൻ ലേണിങ്, നേതൃത്വാവസരങ്ങൾ എന്നിവയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉയർന്നു. ഗവേഷണത്തെ സമൂഹവുമായും നയരൂപീകരണവുമായും കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. ഭൗമശാസ്ത്ര മന്ത്രാലയം, ലോക കാലാവസ്ഥാ ഗവേഷണ പദ്ധതി, ലോക കാലാവസ്ഥാ സംഘടന, അപാർക്, ജർമനിയിലെ ഫോർഷുങ്സ്സെൻട്രം യൂലിഖ്, ഐഎഎംഎഎസ്, ഐസിഎംഎ, നാസ, സ്വകാര്യ പങ്കാളികൾ എന്നിവരാണ് പരിപാടിക്ക് പിന്തുണ നൽകിയത്.
ശാസ്ത്രത്തിലെ മുന്നേറ്റങ്ങൾക്ക് എസ്റ്റിക് വേദി
ശാസ്ത്രം, സാങ്കേതികവിദ്യ, പുതുമകൾ എന്നിവയ്ക്കായുള്ള ഇന്ത്യയിലെ പ്രധാന വേദിയാണ് എസ്റ്റിക്. സർക്കാർ മന്ത്രാലയങ്ങൾ, നയരൂപീകരണക്കാർ, പ്രമുഖ ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ–ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ, ആധുനിക ശാസ്ത്ര–സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ എന്നിവരെ സമ്മേളനം ഒരുമിപ്പിക്കുന്നു. വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം വളർത്തുക, ഏറ്റവും പുതിയ ഗവേഷണങ്ങൾ അവതരിപ്പിക്കുക, ദേശീയ വെല്ലുവിളികൾക്ക് പുതുമയുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇതിലൂടെ വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് കരുത്തേകാനാണ് ശ്രമം. ‘സൃഷ്ടിപരമായ മനസ്സുകൾ, ശാസ്ത്രത്തിന് ഊർജം, സാങ്കേതികവിദ്യകൾക്ക് കരുത്ത്’ എന്ന കാഴ്ചപ്പാടാണ് എസ്റ്റിക് 2026നെ നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭം ശാസ്ത്രപ്രതിഭകളെ ഒരുമിപ്പിക്കുകയും യുവ നവീകരണപ്രവർത്തകർക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു. ശാസ്ത്രീയ മികവിലേക്കും സാങ്കേതിക പുരോഗതിയിലേക്കുമുള്ള ഇന്ത്യയുടെ യാത്ര ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സ്ഥാപനങ്ങളും മേഖലകളും തമ്മിലുള്ള പതിവ് വേർതിരിവുകൾ മറികടക്കാൻ രൂപകൽപ്പന ചെയ്ത ബഹുദിന സമ്മേളനത്തിൽ ഉന്നതതല പൊതുസമ്മേളന പ്രഭാഷണങ്ങൾ, വിഷയാധിഷ്ഠിത സാങ്കേതിക സെഷനുകൾ, പ്രദർശനങ്ങൾ എന്നിവ ഉണ്ടാകും. സാങ്കേതിക സ്വയംപര്യാപ്തതയും സുസ്ഥിര ദേശീയ പുരോഗതിയും കൈവരിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനാണ് ഇവ ഊന്നൽ നൽകുന്നത്.

