ചണ്ഡീഗഢ്, 2026 ഒക്ടോബർ 9 –
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ സ്വകാര്യ കോളേജുകളിലെ വിദ്യാർത്ഥികൾക്കുള്ള സർക്കാർ വിദ്യാഭ്യാസ ധനസഹായം താൽക്കാലികമായി നിർത്തിവച്ചു. ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം അഥവാ ഒഎസ്എപി വഴിയുള്ള ധനസഹായത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചില സ്വകാര്യ കോളേജുകൾ ധനസഹായ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന സംശയത്തെ തുടർന്നാണ് നടപടി. ഒക്ടോബർ ഒമ്പതിന് പുറത്തുവന്ന റിപ്പോർട്ട് പ്രകാരം വിഷയം ഒന്റാറിയോ പ്രവിശ്യാ പൊലീസിന്റെ അന്വേഷണത്തിനും വിട്ടിട്ടുണ്ട്. ഇതോടെ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്കിടയിലും ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച് പഞ്ചാബിൽനിന്നുള്ള വിദ്യാർത്ഥികൾ കൂടുതലായി പഠിക്കുന്ന സ്വകാര്യ കോളേജുകളിലെ സ്ഥിതിഗതികളാണ് ഇന്ത്യൻ സമൂഹം ശ്രദ്ധയോടെ നിരീക്ഷിക്കുന്നത്.
ആറ് കോളേജുകൾക്കെതിരെ ക്രമക്കേട് സംശയം
ഒന്റാറിയോയിലെ കോളേജ്, സർവകലാശാല വകുപ്പ് നടത്തിയ പരിശോധനയിലാണ് ആറ് സ്വകാര്യ കോളേജുകൾ ഒഎസ്എപി പദ്ധതിയെ ദുരുപയോഗം ചെയ്തതായി സംശയം ഉയർന്നത്. ഇതേത്തുടർന്ന് ആറ് സ്ഥാപനങ്ങളുടെ ധനസഹായ പദ്ധതിയിലുള്ള യോഗ്യത സർക്കാർ റദ്ദാക്കി. പിന്നാലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഒഎസ്എപി ധനസഹായ വിതരണവും താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.
ഒന്റാറിയോയിലെ കോളേജ്, സർവകലാശാല വകുപ്പ് മന്ത്രി നോളൻ ക്വിന്നാണ് നടപടികൾ വിശദീകരിച്ചത്. ചില കോളേജുകൾക്ക് ഒരേ ഉടമസ്ഥരാണെന്നും കുടിയേറ്റ സേവന സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. വിദ്യാർത്ഥികളുടെ പ്രവേശന വിവരങ്ങളും പഠന പുരോഗതിയും കൃത്യമായി പരിശോധിക്കുന്നതിലും വീഴ്ചകളുണ്ടെന്ന് സംശയിക്കുന്നു. ചില പ്രദേശങ്ങളിൽനിന്ന് അസാധാരണമായി കൂടുതൽ ധനസഹായ അപേക്ഷകൾ ലഭിച്ചതും അന്വേഷണത്തിന് കാരണമായി.
ഒന്റാറിയോയിൽ 500ലധികം കരിയർ കോളേജുകളുണ്ട്. ഇവയിൽ 242 സ്ഥാപനങ്ങൾക്കാണ് ഒഎസ്എപി പദ്ധതിയിൽ അർഹതയുണ്ടായിരുന്നത്. 2024-25 അധ്യയന വർഷത്തിൽ ഏഴ് കരിയർ കോളേജുകൾക്ക് മാത്രം ഏകദേശം 38.5 കോടി കനേഡിയൻ ഡോളറിന്റെ ധനസഹായം ലഭിച്ചിരുന്നതായും നേരത്തെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
അന്വേഷണം ശക്തമാക്കി ഒന്റാറിയോ സർക്കാർ
2024 അവസാനത്തോടെ സ്വകാര്യ കോളേജുകളിൽനിന്നുള്ള ധനസഹായ അപേക്ഷകൾ അസാധാരണമായി വർധിക്കുന്നതിനെക്കുറിച്ച് സർക്കാരിന് പരാതികൾ ലഭിച്ചുതുടങ്ങിയിരുന്നു. 2025 ജൂലൈയിൽ ചില സ്ഥാപനങ്ങളിൽ പ്രത്യേക പരിശോധന ആരംഭിച്ചു. അതേ വർഷം ഡിസംബറിൽ ഫോറൻസിക് അന്വേഷണ സംഘത്തിന്റെ സഹായവും തേടി.
2026 മേയിൽ ആറ് കോളേജ് ക്യാമ്പസുകൾക്ക് അംഗീകാരം പുതുക്കിനൽകില്ലെന്ന നോട്ടീസ് നൽകി. ഓഗസ്റ്റിൽ കെപിഎംജി എന്ന സ്വതന്ത്ര ഓഡിറ്റ് സ്ഥാപനത്തെ വിശദമായ പരിശോധനയ്ക്ക് നിയോഗിച്ചു. പ്രാഥമിക കണ്ടെത്തലുകളിൽ ഗുരുതരമായ ക്രമക്കേടുകൾ സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെ വിഷയം ഓഡിറ്റർ ജനറലിനെയും ഒന്റാറിയോ പ്രവിശ്യാ പൊലീസിനെയും അറിയിച്ചു.
പ്രധാനമായും ഓൺലൈൻ പഠന കോഴ്സുകളിലാണ് കൂടുതൽ ക്രമക്കേട് സംശയങ്ങൾ കണ്ടെത്തിയത്. അതിനാൽ സ്വകാര്യ കരിയർ കോളേജുകളിലെ പ്രധാനമായും ഓൺലൈനായി നടത്തുന്ന കോഴ്സുകളെ ഒഎസ്എപി പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ നിയമനിർമാണം നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമോ?
ഒന്റാറിയോയിലെ ചില സ്വകാര്യ കോളേജുകളിൽ പഞ്ചാബിൽനിന്നുള്ള വിദ്യാർത്ഥികൾ വലിയ തോതിൽ പഠിക്കുന്നുണ്ട്. എന്നാൽ ഭൂരിഭാഗം വിദേശ വിദ്യാർത്ഥികൾക്കും ഒഎസ്എപി ധനസഹായത്തിന് അർഹതയില്ല. അതിനാൽ ഇപ്പോഴത്തെ ധനസഹായ നിയന്ത്രണം ഇവരെ നേരിട്ട് ബാധിക്കില്ല. പക്ഷേ കോളേജുകൾക്കെതിരെ കൂടുതൽ നടപടികളുണ്ടായാൽ പഠന കോഴ്സുകൾ, പ്രവേശനം, വിദ്യാർത്ഥി സേവനങ്ങൾ എന്നിവയിൽ അനിശ്ചിതത്വം ഉണ്ടാകാം.
നേരത്തെ ജൂലൈയിൽ ബിരുദാനന്തര തൊഴിൽ അനുമതി നിഷേധിച്ചതിനെതിരെ ഏകദേശം ആയിരത്തോളം പഞ്ചാബി വിദ്യാർത്ഥികൾ കാൽഗറിയിൽ പ്രതിഷേധിച്ചിരുന്നു. ജലന്ധറിലെ ഒരു കുടിയേറ്റ സേവന സ്ഥാപനത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് ഇവർ കാനഡയിലെത്തിയതെന്നാണ് റിപ്പോർട്ട്.
നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളൊന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ധനസഹായം നിലച്ച വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശയിലുള്ള വായ്പകൾ ലഭ്യമാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നതായും മന്ത്രി നോളൻ ക്വിൻ അറിയിച്ചു.