ഗാസിയാബാദ് / 2026 / ഒക്ടോബർ 09
ഇന്ത്യൻ വ്യോമസേനയുടെ 94-ാം വാർഷികം ഒക്ടോബർ എട്ടിന് ഗാസിയാബാദിലെ ഹിൻഡൻ വ്യോമസേനാ താവളത്തിൽ ആഘോഷിച്ചു. സേനയുടെ പ്രവർത്തനശേഷിയും സാങ്കേതിക മുന്നേറ്റവും തൊഴിൽമികവും സമ്പന്നമായ പാരമ്പര്യവും ചടങ്ങിൽ അവതരിപ്പിച്ചു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ. പി. സിങ് വ്യോമസേനാ ദിന പരേഡ് പരിശോധിച്ചു. കരസേനാ മേധാവി, നാവികസേനാ മേധാവി, മുൻ വ്യോമസേനാ മേധാവിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, സിവിലിയന്മാർ എന്നിവർ പങ്കെടുത്തു. രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിന്റെയും തൊഴിൽമികവിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമായ രാഷ്ട്രപതിയുടെ പതാക പരേഡിലേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. വ്യോമസേനാ മേധാവി എത്തിയപ്പോൾ മൂന്ന് എംഐ–17 വൺ വി ഹെലികോപ്റ്ററുകൾ ‘ധ്വജ്’ വിന്യാസത്തിൽ ദേശീയപതാകയും വ്യോമസേനാ പതാകയും വഹിച്ച് ആകാശ സല്യൂട്ട് നൽകി. ഗ്രൂപ്പ് ക്യാപ്റ്റൻ മനീഷ് ശർമയാണ് പരേഡ് നയിച്ചത്. തുടർന്ന് നടന്ന പുരസ്കാരദാന ചടങ്ങിൽ ധീരതയ്ക്കും വിശിഷ്ടസേവനത്തിനും വ്യോമസേനാംഗങ്ങൾക്ക് മെഡലുകൾ സമ്മാനിച്ചു. മികവ് പുലർത്തിയ യൂണിറ്റുകൾക്ക് പ്രശസ്തിപത്രങ്ങളും നൽകി.
യഥാർഥ കരുത്ത് പ്രവർത്തനസജ്ജതയിൽ
‘ഇന്ത്യൻ വ്യോമസേന: പിഴവില്ലാത്തത്, അഭേദ്യമായത്, കൃത്യതയുള്ളത്’ എന്നതായിരുന്നു ഇത്തവണത്തെ വ്യോമസേനാ ദിനത്തിന്റെ പ്രമേയം. കൃത്യതയോടെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തോടെയും പ്രവർത്തനമികവോടെയും രാജ്യത്തിന്റെ ആകാശം സംരക്ഷിക്കാനുള്ള സേനയുടെ ഉറച്ച പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കിയത്. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗം വ്യോമശക്തിയാണെന്ന് എയർ ചീഫ് മാർഷൽ എ. പി. സിങ് പ്രസംഗത്തിൽ പറഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ വ്യോമസേന ജാഗ്രതയോടെയും പ്രതിബദ്ധതയോടെയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തനശേഷിയും തയ്യാറെടുപ്പും ശരിയായ ദിശയിലാണ് മുന്നേറുന്നത്. ലോകത്തിലെ ഏറ്റവും ആധുനിക വിമാനങ്ങൾ ഒരു വ്യോമസേനയ്ക്ക് ഉണ്ടായിരിക്കാം. എന്നാൽ ആവശ്യമായ സമയത്ത് എത്ര വേഗത്തിലും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കാൻ കഴിയുന്നു എന്നതാണ് അതിന്റെ യഥാർഥ കരുത്ത് നിർണയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ വ്യോമസേന അതിവേഗം യുദ്ധപ്രവർത്തനങ്ങളിലേക്ക് കടന്നത് അതിന്റെ പ്രഹരശേഷിയും ഫലപ്രദമായ വ്യോമപ്രതിരോധ പ്രവർത്തനങ്ങളും തെളിയിച്ചു. ‘പിഴവില്ലാത്തത്, അഭേദ്യമായത്, കൃത്യതയുള്ളത്’ എന്നത് വെറുമൊരു മുദ്രാവാക്യമല്ലെന്നും സേനയുടെ കരുത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാശ്രയത്വവും പുതിയ സാങ്കേതികവിദ്യകളും
സാങ്കേതിക മുന്നേറ്റത്തിനും സ്വാശ്രയത്വത്തിനുമുള്ള വ്യോമസേനയുടെ പ്രതിബദ്ധത ആവർത്തിച്ച എ. പി. സിങ്, ആത്മനിർഭരതയാണ് സേനയെ നയിക്കുന്ന തത്വമെന്ന് പറഞ്ഞു. മനുഷ്യരുടെ നിയന്ത്രണാധികാരം കേന്ദ്രസ്ഥാനത്ത് നിലനിർത്തിക്കൊണ്ട് നിർമിതബുദ്ധിയും സ്വയം പ്രവർത്തിക്കുന്ന സംവിധാനങ്ങളും ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സേനയിൽ സംയോജിപ്പിക്കും. ആധുനിക സംഘർഷങ്ങളിൽ വിജയിക്കാൻ സേനകൾ തമ്മിൽ ആഴത്തിലുള്ള ഏകോപനം വേണമെന്നും അദ്ദേഹം പറഞ്ഞു. കരസേനയുമായും നാവികസേനയുമായും ചേർന്നുള്ള ആസൂത്രണവും സംയോജിത യുദ്ധപ്രവർത്തനങ്ങളും ദിവസേന നടക്കുന്ന കാര്യങ്ങളാണ്. ബഹിരാകാശം വ്യോമമേഖലയുടെ സ്വാഭാവിക തുടർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രോയുമായും ആഭ്യന്തര ബഹിരാകാശ വ്യവസായവുമായും വളരുന്ന സഹകരണവും ഗഗൻയാൻ ദൗത്യത്തിലെ വ്യോമസേനയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
ആയുധപ്രദർശനവും യൂണിറ്റുകൾക്ക് അംഗീകാരവും
വ്യോമസേനയുടെ വിമാനങ്ങളും ആയുധസംവിധാനങ്ങളും അണിനിരത്തിയ പ്രദർശനം, സേനയുടെ വിവിധ പ്രവർത്തനശേഷികളും യുദ്ധശേഷികളും അടുത്തറിയാൻ കാണികൾക്കും മാധ്യമപ്രവർത്തകർക്കും അവസരമൊരുക്കി. യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഭൂമിയിൽനിന്ന് ആകാശത്തേക്കും ഭൂമിയിൽനിന്ന് ഭൂമിയിലേക്കും പ്രയോഗിക്കാവുന്ന നിയന്ത്രിത ആയുധസംവിധാനങ്ങൾ, റഡാറുകൾ, ഒരുതവണ ആക്രമണത്തിനായി ഉപയോഗിക്കുന്ന ആളില്ലാ വ്യോമസംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. ‘മേക്ക് ഇൻ ഇന്ത്യ’യ്ക്കും തദ്ദേശീയ ശേഷി വികസിപ്പിക്കുന്നതിനും വ്യോമസേന നൽകുന്ന തുടർച്ചയായ പ്രാധാന്യവും പ്രദർശനം വ്യക്തമാക്കി. അഞ്ച് യൂണിറ്റുകൾക്ക് പ്രശസ്തിപത്രങ്ങൾ സമ്മാനിച്ചു. 24 സ്ക്വാഡ്രൺ ‘ദ ഹോക്സ്’, 110 ഹെലികോപ്റ്റർ യൂണിറ്റ് ‘ദ വാൻഗാർഡ്സ്’, 200 സ്ക്വാഡ്രൺ ‘സ്കന്ദ’, 2402 സ്ക്വാഡ്രൺ ‘വജ്ര’, ഇലക്ട്രോണിക് വാർഫെയർ റേഞ്ച് എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.
ശ്രദ്ധ നേടി ശക്തി സംഘവും പൈതൃകവിമാനവും
വ്യോമസേനയിലെ വനിതകൾ മാത്രം ഉൾപ്പെട്ട ഡ്രിൽ സംഘമായ ‘ടീം ശക്തി’യുടെ പ്രകടനവും ആഘോഷത്തിന്റെ ഭാഗമായി നടന്നു. കൃത്യതയ്ക്കും ചടുലതയ്ക്കും അച്ചടക്കത്തിനും പേരുകേട്ട സംഘം ഒരേ താളത്തിലുള്ള ചലനങ്ങളും സങ്കീർണമായ വിന്യാസങ്ങളും അവതരിപ്പിച്ചു. വനിതാ വ്യോമസേനാംഗങ്ങളുടെ തൊഴിൽമികവും ശാക്തീകരണവും പ്രകടനത്തിൽ പ്രതിഫലിച്ചു. 33 യുവ വ്യോമസേനാംഗങ്ങൾ ഉൾപ്പെട്ട ഡ്രമ്മേഴ്സ് ടീം സ്നെയർ ഡ്രം, റോട്ടോ ഡ്രം, ബാസ് ഡ്രം, സിംബൽസ് എന്നിവ ഉപയോഗിച്ച് ആവേശകരമായ പ്രകടനം നടത്തി. ചടുലമായ വിന്യാസങ്ങളും അഭ്യാസച്ചുവടുകളും ഇതിനൊപ്പം അവതരിപ്പിച്ചു. ഇന്ത്യൻ സൈനിക വ്യോമയാനത്തിന്റെ സമ്പന്നമായ പാരമ്പര്യം അവതരിപ്പിച്ച വ്യോമസേനാ ഹെറിറ്റേജ് ഫ്ലൈറ്റിന്റെ ആകാശപ്രകടനവും ചടങ്ങിന് മാറ്റുകൂട്ടി. പഴയകാല ‘ടൈഗർ മോത്ത്’ വിമാനത്തിന്റെ പ്രകടനം കാണികളെ ആകർഷിക്കുകയും വ്യോമസേനയുടെ മഹത്തായ പാരമ്പര്യത്തിന് ആദരമർപ്പിക്കുകയും ചെയ്തു. ഹിൻഡനിലെ ആഘോഷങ്ങൾക്ക് പിന്നാലെ വ്യോമസേനാ ദിനത്തിന്റെ ഭാഗമായുള്ള ആകാശപ്രകടനം ഒക്ടോബർ 25ന് വാരാണസിയിലെ നമോ ഘട്ടിൽ നടക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.