സംസ്ഥാനങ്ങൾക്കുള്ളിലെ വൈദ്യുതി പ്രസരണ സംവിധാനം ശക്തിപ്പെടുത്താനും ബാറ്ററികളിൽ വൈദ്യുതി സംഭരിക്കാനും ലക്ഷ്യമിടുന്ന ഹരിത ഊർജ ഇടനാഴി മൂന്നാം ഘട്ട പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൽപ്പാദിപ്പിക്കുന്ന 135 ഗിഗാവാട്ട് വരെ പുനരുപയോഗ ഊർജം പ്രസരണ ശൃംഖലയിലൂടെ എത്തിക്കാൻ പദ്ധതി സഹായിക്കും. പ്രസരണ ശൃംഖല വികസിപ്പിച്ചും ബാറ്ററി സംഭരണ സംവിധാനങ്ങൾ സ്ഥാപിച്ചുമാണ് ഇത് നടപ്പാക്കുക. പുനരുപയോഗ ഊർജത്തിന്റെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുകയും രാജ്യത്തിന്റെ ഊർജസുരക്ഷ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
വൈദ്യുതി സംഭരിക്കാൻ 50 ഗിഗാവാട്ട് മണിക്കൂർ ശേഷി
പദ്ധതിയുടെ ഭാഗമായി 50 ഗിഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങൾ സ്ഥാപിക്കും. പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നവരുടെയും വൈദ്യുതി ഉൽപ്പാദകരുടെയും കേന്ദ്രങ്ങളിലോ വൈദ്യുതി ശൃംഖലയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റു പ്രധാന സ്ഥലങ്ങളിലോ ഇവ ഒരുക്കും. ഉൽപ്പാദനത്തിലെ ഇടവിട്ടുള്ള ലഭ്യതയും പ്രസരണത്തിലെ തിരക്കും പരിഹരിക്കാൻ ഇത് സഹായിക്കും. ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യമുള്ള സമയങ്ങളിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം കുറയ്ക്കാനും സൗരോർജം ലഭിക്കാത്ത സമയത്തെ ആവശ്യം നിറവേറ്റാനും സംഭരണ സംവിധാനം ഉപയോഗിക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുനരുപയോഗ ഊർജം വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാനും ഉൽപ്പാദിപ്പിച്ച വൈദ്യുതി വിവിധ ഇടങ്ങളിലേക്ക് എത്തിക്കാനും പദ്ധതി സഹായിക്കും.
ആകെ ചെലവ് 1,86,405 കോടി രൂപ
2032–33 സാമ്പത്തിക വർഷത്തോടെ പദ്ധതി സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ആകെ പദ്ധതി ചെലവ് 1,86,405 കോടി രൂപയാണ്. ഇതിൽ സംസ്ഥാനങ്ങൾക്കുള്ളിലെ വൈദ്യുതി പ്രസരണ സംവിധാനങ്ങളുടെ വികസനത്തിന് 1,36,378 കോടി രൂപയും 50 ഗിഗാവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി സംഭരണ സംവിധാനങ്ങൾക്ക് 50,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ആകെ കേന്ദ്ര സാമ്പത്തിക പിന്തുണ 54,082 കോടി രൂപയാണ്. സംസ്ഥാനത്തിനുള്ളിലെ വൈദ്യുതി പ്രസരണ നിരക്കുകളുടെ ഭാരം കുറയ്ക്കാൻ കേന്ദ്ര സഹായം ഉപയോഗിക്കും. ഇതിലൂടെ വൈദ്യുതിയുടെ ചെലവ് താഴ്ന്ന നിലയിൽ നിലനിർത്താനും അന്തിമ ഉപഭോക്താക്കളായ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം ലഭ്യമാക്കാനുമാണ് ലക്ഷ്യം.
പുതിയ പദ്ധതികൾ മത്സരാധിഷ്ഠിത ലേലത്തിലൂടെ
പ്രസരണ സംവിധാനത്തിന്റെ ഭാഗമായി പുതുതായി തുടങ്ങുന്ന എല്ലാ പദ്ധതികളും വൈദ്യുതി പ്രസരണ നിരക്ക് അടിസ്ഥാനമാക്കിയുള്ള മത്സരാധിഷ്ഠിത ലേലത്തിലൂടെ നടപ്പാക്കും. നിലവിലുള്ള സംവിധാനങ്ങളുടെ നവീകരണവും ശൃംഖല ശക്തിപ്പെടുത്തുന്ന ജോലികളും ചെലവിനൊപ്പം അനുവദനീയമായ അധിക തുക കണക്കാക്കുന്ന രീതിയിൽ നടത്തും. സംസ്ഥാന വൈദ്യുതി പ്രസരണ സ്ഥാപനങ്ങൾക്കായിരിക്കും പദ്ധതിയുടെ മൊത്തത്തിലുള്ള നടത്തിപ്പ് ചുമതല. മത്സരാധിഷ്ഠിത ലേലത്തിലൂടെ പങ്കെടുക്കുന്ന പ്രസരണ സേവനദാതാക്കൾ നിർമാണം, ഉടമസ്ഥത, പ്രവർത്തനം, പരിപാലനം എന്നിവ ഏറ്റെടുക്കുന്ന മാതൃകയിലാണ് പ്രവർത്തിക്കുക.
2035ലെ ഊർജലക്ഷ്യത്തിന് കരുത്താകും
2035ഓടെ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കാത്ത സ്രോതസ്സുകളിൽ നിന്നുള്ള സ്ഥാപിത വൈദ്യുതി ഉൽപ്പാദന ശേഷി 900 ഗിഗാവാട്ടിലെത്തിക്കാനുള്ള ലക്ഷ്യത്തിന് പദ്ധതി സഹായിക്കും. രാജ്യത്തിന്റെ ദീർഘകാല ഊർജസുരക്ഷയ്ക്കും ഇത് സംഭാവന നൽകും. കാർബൺ പുറന്തള്ളൽ കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
നിരവധി മേഖലകളിൽ തൊഴിലവസരങ്ങൾ
വൈദ്യുതി മേഖലയിലും ഉൽപ്പന്ന നിർമാണ, കെട്ടിട നിർമാണ മേഖലകളിലും വലിയ തോതിൽ നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ബാറ്ററി ഊർജ സംഭരണ സംവിധാനങ്ങളുടെ നിർമാണവും സ്ഥാപിക്കലും ആഭ്യന്തര ഊർജ സംഭരണ വ്യവസായത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കും. പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളിൽ പ്രവർത്തനം, പരിപാലനം, വൈദ്യുതി ശൃംഖലയുടെ നടത്തിപ്പ് എന്നിവയിൽ ദീർഘകാല വൈദഗ്ധ്യ തൊഴിലവസരങ്ങളും ഉണ്ടാകും.