ബഹ്റൈച്ച് (ഉത്തർപ്രദേശ്) / 2026 / സെപ്തംബർ 01
നേപ്പാൾ അതിർത്തിയോട് ചേർന്ന നേപ്പാൾഗഞ്ച് റോഡ്–നാൻപാറ–ബഹ്റൈച്ച് റെയിൽപാതയുടെ ഗേജ് മാറ്റവും വൈദ്യുതീകരണവും പൂർത്തിയാക്കി സർവീസ് ആരംഭിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. 56.15 കിലോമീറ്റർ പാത ഏകദേശം 730 കോടി രൂപ ചെലവിലാണ് ബ്രോഡ് ഗേജാക്കി വൈദ്യുതീകരിച്ചത്. നിലവിലുള്ള നാല് ട്രെയിൻ സർവീസുകളും നേപ്പാൾഗഞ്ച് റോഡ് വരെ നീട്ടി. നേപ്പാളിലെ സമീപകാല മിന്നൽപ്രളയത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ലളിതമായ ചടങ്ങ് ആരംഭിച്ചത്. ചടങ്ങിൽ പങ്കെടുത്തവർ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
നേപ്പാൾ ദുരന്തബാധിതർക്ക് റെയിൽവേയുടെ സഹായം
നേപ്പാളിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച അശ്വിനി വൈഷ്ണവ്, ഇന്ത്യയും നേപ്പാളും തമ്മിൽ ശക്തമായ സാംസ്കാരിക ബന്ധമുണ്ടെന്ന് പറഞ്ഞു. പ്രകൃതിദുരന്തത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. സഹായത്തിനായി കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കായി റെയിൽവേ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവർക്ക് സ്വന്തം സ്ഥലങ്ങളിലെത്താൻ പ്രത്യേക കോച്ചുകളും ആവശ്യമായ മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി. റെയിൽവേ സോണുകൾ, ജില്ലാ-സംസ്ഥാന ഭരണകൂടങ്ങൾ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി റെയിൽവേ ബോർഡ് ഏകോപിച്ചാണ് യാത്രക്കാരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു.
നേപ്പാളിലെ പ്രകൃതിദുരന്തത്തിൽ യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. ദുരന്തം സൗഹൃദരാജ്യമായ നേപ്പാളിനെ മാത്രമല്ല, ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ജനങ്ങളെയും ബാധിച്ചതായി അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
1886ലെ മീറ്റർ ഗേജ് പാതയ്ക്ക് പുതിയ മുഖം
നേപ്പാൾഗഞ്ച് റോഡ്–നാൻപാറ–ബഹ്റൈച്ച് മീറ്റർ ഗേജ് പാത ആദ്യം നിർമിച്ചത് 1886ലാണ്. ഗേജ് മാറ്റവും വൈദ്യുതീകരണവും പൂർത്തിയായതോടെ ഈ പാത രാജ്യത്തെ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ ഭാഗമായി.
ഇതോടെ ബഹ്റൈച്ച്, റിസിയ, മതേര, നാൻപാറ, ബാബാഗഞ്ച്, നേപ്പാൾഗഞ്ച് റോഡ് സ്റ്റേഷനുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടും. നേപ്പാൾഗഞ്ച് റോഡ്–നാൻപാറ–ബഹ്റൈച്ച് പാത രാജ്യത്തെ വിപുലമായ റെയിൽ ശൃംഖലയുമായി ഇപ്പോൾ ബന്ധിപ്പിക്കപ്പെട്ടതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തുടനീളമുള്ള ബ്രോഡ് ഗേജ് മാറ്റ പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ വാരാണസി–ബഹ്റൈച്ച് എക്സ്പ്രസ്, വാരാണസി സിറ്റി–ഗോരഖ്പുർ എക്സ്പ്രസ് എന്നിവയും ഗോണ്ട–ബഹ്റൈച്ച് റൂട്ടിലെ രണ്ട് ജോഡി ട്രെയിൻ സർവീസുകളും നേപ്പാൾഗഞ്ച് റോഡ് വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി.
ഇതോടെ നേപ്പാൾഗഞ്ച് റോഡിലെയും സമീപപ്രദേശങ്ങളിലെയും യാത്രക്കാർക്ക് ഗോണ്ട, ഗോരഖ്പുർ, വാരാണസി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് നേരിട്ട് ട്രെയിൻ സൗകര്യം ലഭിക്കും. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമായത്. പ്രധാന നഗര-സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള യാത്രയും കൂടുതൽ എളുപ്പമാകും.
തൊഴിൽ, വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കായി അതിർത്തി മേഖലയിലേക്ക് വരുകയും പോകുകയും ചെയ്യുന്ന നേപ്പാളിലെ ജനങ്ങൾക്കും പുതിയ സൗകര്യം ഗുണകരമാകും. ബഹ്റൈച്ച്, രൂപൈഡിഹ, നേപ്പാൾഗഞ്ച് എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അതിർത്തിയുടെ ഇരുവശത്തുമുള്ള ജനങ്ങൾക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈച്ചിന് വ്യാപാരത്തിലും തൊഴിലിലും പുതിയ സാധ്യതകൾ
വികസനം ലക്ഷ്യമിടുന്ന ജില്ലയായ ബഹ്റൈച്ചിലെ അതിർത്തി മേഖലയിൽ ഗേജ് മാറ്റ പദ്ധതി പൂർത്തിയായത് പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. മെച്ചപ്പെട്ട റെയിൽ ബന്ധം ആളുകളുടെയും ചരക്കുകളുടെയും സഞ്ചാരം വർധിപ്പിക്കും. വ്യാപാരം, തൊഴിൽ, വിനോദസഞ്ചാരം, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഇത് സഹായകമാകും.
പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വലിയ വിപണികളിലേക്ക് എത്താൻ നേരിട്ടുള്ള ബ്രോഡ് ഗേജ് ബന്ധം സഹായിക്കും. അതിർത്തി മേഖലകളും ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും ശക്തമാകും. പുതിയ റെയിൽ അടിസ്ഥാനസൗകര്യം ബഹ്റൈച്ചിലും സമീപപ്രദേശങ്ങളിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
പാത വൈദ്യുതീകരിച്ചതോടെ വൈദ്യുത എൻജിനുകൾ ഉപയോഗിച്ചുള്ള ട്രെയിനുകൾ ഓടിക്കാനാകും. ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കാർബൺ പുറന്തള്ളൽ താഴ്ത്താനും ഇതിലൂടെ സാധിക്കും. ഊർജക്ഷമവും പരിസ്ഥിതി സൗഹൃദവുമായ റെയിൽ പ്രവർത്തനങ്ങളിലേക്കുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
ഉത്തർപ്രദേശിലെ റെയിൽ ശൃംഖല കൂടുതൽ ശക്തമാക്കും
ഉത്തർപ്രദേശിലുടനീളം, പ്രത്യേകിച്ച് പൂർവാഞ്ചൽ മേഖലയിൽ, റെയിൽ ശൃംഖല ശക്തിപ്പെടുത്താൻ സമഗ്ര പദ്ധതി തയ്യാറാക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിൽ ഇരട്ടപ്പാതയുള്ള ഇടങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും പാതകൾ കൂട്ടിച്ചേർത്ത് ഏഴ് പ്രധാന റെയിൽ ശൃംഖലകളാണ് ശക്തിപ്പെടുത്തുന്നത്.
പൂർവാഞ്ചലിന് സേവനം നൽകുന്ന ഡൽഹി–ഗാസിയാബാദ്–മൊറാദാബാദ്–സീതാപുർ–ബുർഹ്വാൾ–ഗോണ്ട–ഗോരഖ്പുർ ശൃംഖലയെ മന്ത്രി പ്രത്യേകം പരാമർശിച്ചു. ഇതിൽ ഡൽഹി മുതൽ ഗോണ്ട വരെയുള്ള ഭാഗത്തിന് ഇതിനകം അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
നിർദിഷ്ട അതിവേഗ റെയിൽ ബന്ധം യാഥാർഥ്യമായാൽ സംസ്ഥാനത്തെ യാത്രാസമയം വലിയ തോതിൽ കുറയുമെന്നും വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽനിന്ന് ആഗ്രയിലേക്ക് 58 മിനിറ്റും കാൻപുരിലേക്ക് ഒരു മണിക്കൂർ 45 മിനിറ്റും ലഖ്നൗവിലേക്ക് രണ്ട് മണിക്കൂർ 12 മിനിറ്റും പ്രയാഗ്രാജിലേക്ക് ഏകദേശം മൂന്ന് മണിക്കൂറും മതിയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഡൽഹി–വാരാണസി യാത്ര ഏകദേശം മൂന്നര മണിക്കൂറായി കുറയും.
ഡൽഹിയിൽനിന്ന് പട്നയിലേക്ക് നാലര മണിക്കൂർ ലക്ഷ്യം
നിർദിഷ്ട അതിവേഗ റെയിൽ ബന്ധം പിന്നീട് പട്നയിലേക്കും നീട്ടാനാണ് ലക്ഷ്യമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിക്കും പട്നയ്ക്കുമിടയിലെ 1,170 കിലോമീറ്റർ യാത്ര ഏകദേശം നാലര മണിക്കൂറിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഇതിലൂടെ ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങൾക്കും ഉത്തരേന്ത്യയിലെ മറ്റ് മേഖലകൾക്കുമിടയിലെ യാത്രാസമയം വലിയ തോതിൽ കുറയും. നേപ്പാൾഗഞ്ച് റോഡ്–നാൻപാറ–ബഹ്റൈച്ച് പാതയുടെ നവീകരണവും ദീർഘദൂര ട്രെയിനുകളുടെ നീട്ടലും അതിർത്തി മേഖലയിലെ റെയിൽ ബന്ധത്തിലെ പ്രധാന മുന്നേറ്റമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുന്നതിനൊപ്പം സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വികസനത്തിനും പുതിയ വഴികൾ തുറക്കുമെന്നാണ് വിലയിരുത്തൽ.
.