ന്യൂഡൽഹി/ 2026 / സെപ്തംബർ
ഇന്ത്യയുടെ സെമികണ്ടക്ടർ മേഖല അടുത്ത ഘട്ടത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാട് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ, റെയിൽവേ, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് വിശദീകരിച്ചു. സെമികോൺ 2.0 പദ്ധതിയുടെ ആറ് തൂണുകൾക്കുമുള്ള വിജ്ഞാപനങ്ങൾ ഇതോടൊപ്പം പുറത്തിറക്കി. ചിപ്പ് രൂപകൽപ്പന മുതൽ നിർമാണം, പാക്കേജിങ്, ഉപകരണങ്ങൾ, സാമഗ്രികൾ, ഗവേഷണം, പ്രതിഭാ വികസനം വരെ ഉൾപ്പെടുത്തി രാജ്യത്തിന്റെ സെമികണ്ടക്ടർ ശേഷി ശക്തിപ്പെടുത്തുകയാണ് പദ്ധതി.
രൂപകൽപ്പന മുതൽ പ്രതിഭാ വികസനം വരെ ആറ് തൂണുകൾ
ആദ്യ സെമികോൺ ഇന്ത്യ പദ്ധതിയിലൂടെ നേടിയ മുന്നേറ്റത്തിന്റെ തുടർച്ചയായാണ് സെമികോൺ 2.0 നടപ്പാക്കുന്നത്. സെമികണ്ടക്ടർ മൂല്യശൃംഖലയിലുടനീളം സാമ്പത്തികവും അടിസ്ഥാനസൗകര്യപരവുമായ പിന്തുണ നൽകും. വിതരണശൃംഖല കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കിയും നിർണായക മേഖലകളിൽ സാങ്കേതിക നേതൃത്വം ഉറപ്പാക്കിയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ദേശീയ സുരക്ഷയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ആറ് തൂണുകളിലായി പത്ത് വിഭാഗങ്ങളാണ് പദ്ധതിയിലുള്ളത്.
ആദ്യ തൂൺ രൂപകൽപ്പനയാണ്. ദേശീയ പ്രാധാന്യവും തന്ത്രപരമായ മുൻഗണനകളുമുള്ള സെമികണ്ടക്ടർ ഐപികൾ, ചിപ്പുകൾ, സിസ്റ്റം-ഓൺ-ചിപ്പുകൾ, മൊഡ്യൂളുകൾ എന്നിവയുടെ രൂപകൽപ്പന ഇതിൽ ഉൾപ്പെടും. വാണിജ്യ മേഖലയ്ക്കായുള്ള സെമികണ്ടക്ടർ ഐപികൾ, ചിപ്പുകൾ, സിസ്റ്റം-ഓൺ-ചിപ്പുകൾ എന്നിവയുടെ രൂപകൽപ്പനയ്ക്കും പിന്തുണയുണ്ടാകും. ഇവയുടെ വിന്യാസത്തിനായി വിന്യാസബന്ധിത പ്രോത്സാഹനവും നൽകും.
രണ്ടാം തൂൺ യന്ത്രങ്ങളും സാമഗ്രികളുമാണ്. സെമികണ്ടക്ടർ നിർമാണ ആവാസവ്യവസ്ഥയാണ് ഇതിന്റെ പരിധി. മൂന്നാം തൂൺ കൂടുതൽ ഫാബുകൾ സ്ഥാപിക്കുകയാണ്. സിലിക്കൺ സെമികണ്ടക്ടർ വേഫർ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടറുകൾ, ഫോട്ടോണിക്സ്, സെൻസറുകൾ ഉൾപ്പെടെയുള്ള മെംസ് ഫാബുകൾ, ഡിസ്ക്രീറ്റ് സെമികണ്ടക്ടർ ഫാബുകൾ, ഡിസ്പ്ലേ ഫാബുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
നാലാം തൂൺ സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റിങ്, മാർക്കിങ്, പാക്കേജിങ് മേഖലയായ എടിഎംപി, ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് സൗകര്യമായ ഒസാറ്റ് എന്നിവ കൂടുതൽ ശക്തിപ്പെടുത്തുകയാണ്. അഞ്ചാം തൂൺ നൂതന സെമികണ്ടക്ടർ സാങ്കേതികവിദ്യകളിലെ ഗവേഷണ-വികസനമാണ്. ആറാമത്തേത് പ്രതിഭാ വികസനമാണ്.
നാല് വർഷത്തിൽ 85,000 സെമികണ്ടക്ടർ എൻജിനീയർമാർ
പത്ത് വർഷത്തിനുള്ളിൽ 85,000 സെമികണ്ടക്ടർ എൻജിനീയർമാരെ വികസിപ്പിക്കുകയെന്ന ലക്ഷ്യം ഇന്ത്യ വെറും നാല് വർഷത്തിനുള്ളിൽ കൈവരിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇനി ഒരു ലക്ഷം എൻജിനീയർമാരെ കൂടി വികസിപ്പിക്കുകയാണ് പുതിയ ലക്ഷ്യം. വരും വർഷങ്ങളിൽ ആഗോള സെമികണ്ടക്ടർ വ്യവസായ വിപണിയുടെ പത്ത് ശതമാനത്തോളം ഇന്ത്യയിലായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ വിദ്യാർഥികൾ ഇതിനകം 250ലധികം സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഒരു പദ്ധതിയിൽ തറക്കല്ലിട്ട് വെറും 13 മാസത്തിനുള്ളിൽ വാണിജ്യ ഉത്പാദനം ആരംഭിച്ചു. വിവിധ പദ്ധതികൾക്ക് 200 ദിവസത്തിനുള്ളിലും 150 ദിവസത്തിനുള്ളിലും 90 ദിവസത്തിനുള്ളിലും അനുമതികൾ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വികസിക്കുന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥ 50,000 മുതൽ 60,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പദ്ധതികൾക്ക് ആറുവർഷം വരെ കാലാവധി
സെമികോൺ 2.0ന്റെ കീഴിൽ പിന്തുണ ലഭിക്കുന്ന പദ്ധതികൾക്ക് പൊതുവെ ആറുവർഷം വരെ കാലാവധിയുണ്ടാകും. പദ്ധതിയിലേക്കുള്ള അപേക്ഷകൾ ആദ്യഘട്ടത്തിൽ മൂന്നുവർഷത്തേക്ക് സ്വീകരിക്കും. ഇന്ത്യ സെമികണ്ടക്ടർ മിഷനാണ് സെമികോൺ 2.0ന്റെ നോഡൽ ഏജൻസി. അപേക്ഷകൾ ക്ഷണിക്കുക, സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തൽ നടത്തുക, അപേക്ഷകരെ ശുപാർശ ചെയ്യുക, പദ്ധതി നടപ്പാക്കൽ മേൽനോട്ടം വഹിക്കുക എന്നിവ മിഷന്റെ ചുമതലയായിരിക്കും.
സി-ഡാക്കിന്റെ സഹായത്തോടെ രൂപകൽപ്പന, വിന്യാസ വിഭാഗങ്ങൾ ഇന്ത്യ സെമികണ്ടക്ടർ മിഷന് നടപ്പാക്കാം. പ്രത്യേക മേഖലകളിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ 2026 മുതൽ സെമികണ്ടക്ടർ ഡീപ്-ടെക് പുരസ്കാരങ്ങളും മിഷന് പ്രഖ്യാപിക്കാം.
മൂന്നുവർഷത്തിന് ശേഷം ഇടക്കാല വിലയിരുത്തൽ
സാമ്പത്തിക സഹായത്തിനുള്ള ബജറ്റ് വകയിരുത്തൽ കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയം നടത്തും. അംഗീകരിച്ച വ്യവസ്ഥകൾ അനുസരിച്ച് നോഡൽ ഏജൻസിയായിരിക്കും തുക വിതരണം ചെയ്യുക. പദ്ധതി നടപ്പാക്കി മൂന്നുവർഷം പൂർത്തിയാകുമ്പോഴോ ആവശ്യമായ ഘട്ടത്തിലോ ഇടക്കാല വിലയിരുത്തൽ നടത്തും. പദ്ധതിയുടെ ഫലം പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങളോ തുടർനടപടികളോ പരിഗണിക്കുകയും ചെയ്യും.
.
.