ന്യൂഡൽഹി / 2026 / ഓഗസ്റ്റ് 27
ഉത്സവകാലത്ത് ഉള്ളിയുടെ ലഭ്യത ഉറപ്പാക്കാനും വിലയിലെ സീസണൽ വർധന നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി വിപണിയിലെത്തിക്കാൻ തുടങ്ങി. വിപണിയിലെ വിലയും ആവശ്യവും വിലയിരുത്തിയാണ് ഓരോ മേഖലയിലേക്കുമുള്ള വിതരണം തീരുമാനിക്കുന്നത്. റെയിൽവേ റേക്കുകളും റോഡ് ഗതാഗതവും ചേർന്ന രീതിയിലാണ് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുന്നത്. നാഷിക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആദ്യ ‘കാണ്ട എക്സ്പ്രസ്’ പുറപ്പെട്ടു. അതേസമയം, ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 35 രൂപ നിരക്കിൽ ഉള്ളി ലഭ്യമാക്കാനും നടപടി തുടങ്ങി.
രാജ്യത്ത് ഉള്ളിക്ക് ആവശ്യമായ ലഭ്യത
2025-26ൽ രാജ്യത്തെ ഉള്ളി ഉൽപ്പാദനം 307.37 ലക്ഷം മെട്രിക് ടൺ ആണെന്നാണ് കണക്ക്. മുൻവർഷം ഇത് 307.67 ലക്ഷം മെട്രിക് ടൺ ആയിരുന്നു. മികച്ച ഉൽപ്പാദനവും കരുതൽ ശേഖരവും വിപണിയിലെ സമയോചിത ഇടപെടലുകളും വരും മാസങ്ങളിൽ ആവശ്യത്തിന് ഉള്ളി ലഭ്യമാക്കാനും വിലയിലെ സീസണൽ സമ്മർദം കുറയ്ക്കാനും സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.
2026-27ൽ വിലസ്ഥിരതാ നിധിയുടെ കരുതൽ ശേഖരത്തിനായി രണ്ട് ലക്ഷം മെട്രിക് ടൺ റാബി ഉള്ളി സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. നാഫെഡും എൻസിസിഎഫും വഴി മേയ് 15ന് സംഭരണം ആരംഭിച്ചു. ഇതുവരെ ഏകദേശം 1.21 ലക്ഷം മെട്രിക് ടൺ ഉള്ളിയാണ് സംഭരിച്ചത്. കരുതൽ ശേഖരത്തിന്റെ സംഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആദ്യമായി സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനെ സംഭരണ ഏജൻസിയായി ചുമതലപ്പെടുത്തി.
ഉത്സവകാലത്തെ വിലവർധന തടയാൻ നിയന്ത്രിത വിതരണം
ഓണം, ഗണേശ ചതുർഥി, ദുർഗാപൂജ, ദസറ, ദീപാവലി, വിവാഹ സീസൺ എന്നിവ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ആവശ്യം കൂടാറുണ്ട്. വിതരണ ശൃംഖലയിലെ ഘടകങ്ങളും ചേർന്ന് ഈ സമയത്ത് വില ഉയരാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കരുതൽ ശേഖരത്തിൽ നിന്ന് ആവശ്യമായ അളവിൽ ഉള്ളി വിപണിയിലേക്ക് വിടുന്നത്.
റെയിൽവേ റേക്കുകളും റോഡ് ഗതാഗതവും ഒരുമിച്ച് ഉപയോഗിക്കുന്ന രീതിയിലാണ് വിതരണം. നിലവിലെ വിപണി സാഹചര്യവും വിലയിലെ മാറ്റവും കണക്കിലെടുത്ത് എത്ര ഉള്ളി പുറത്തിറക്കണം, ഏതെല്ലാം പ്രദേശങ്ങളിലേക്ക് എത്തിക്കണം, ഏതെല്ലാം വിതരണ മാർഗങ്ങൾ ഉപയോഗിക്കണം എന്നിവ കൂടുതൽ വിപുലീകരിക്കും.
കിലോയ്ക്ക് 35 രൂപ; മൊബൈൽ വാനുകളിലും കടകളിലും വിൽപ്പന
എൻസിസിഎഫ്, നാഫെഡ് എന്നിവയുടെ മൊബൈൽ വാനുകളിലൂടെയും വിൽപ്പനശാലകളിലൂടെയും സഫൽ, കേന്ദ്രീയ ഭണ്ഡാർ വിൽപ്പനശാലകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. എൻസിസിഎഫിന്റെ ഒമ്പത് വിൽപ്പനശാലകളും 40 മൊബൈൽ വാനുകളും ഇതിനായി ഉപയോഗിക്കും. നാഫെഡിന്റെ 13 വിൽപ്പനശാലകളും 50 മൊബൈൽ വാനുകളും വിതരണത്തിനുണ്ടാകും. കേന്ദ്രീയ ഭണ്ഡാറിന്റെ ഏകദേശം 100 വിൽപ്പനശാലകളിലൂടെയും ഉള്ളി ലഭ്യമാക്കും. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ ഉള്ളി ലഭ്യമാക്കുകയാണ് ഈ ഇടപെടലിന്റെ ലക്ഷ്യം.
കരുതൽ ഉള്ളി ഉൽപ്പാദന മേഖലകളിൽ നിന്ന് ഉപഭോഗ കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിൽ ‘കാണ്ട എക്സ്പ്രസ്’ ഫലപ്രദമായ സംവിധാനമായി മാറിയിട്ടുണ്ട്. 2024-25ൽ 14 റെയിൽവേ റേക്കുകളിലായി ഏകദേശം 12,000 മെട്രിക് ടൺ ഉള്ളി അഞ്ച് നഗരങ്ങളിലേക്ക് എത്തിച്ചു. 2025-26ൽ ഇത് 86 റേക്കുകളിലായി ഏകദേശം 88,000 മെട്രിക് ടൺ ഉള്ളി രാജ്യത്തെ 16 നഗരങ്ങളിലേക്ക് എത്തിക്കുന്നതിലേക്ക് ഉയർന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ നാഷിക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആദ്യ കാണ്ട എക്സ്പ്രസ് പുറപ്പെട്ടു. ഇത് ഡൽഹി ദേശീയ തലസ്ഥാന മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, കൊൽക്കത്ത, എറണാകുളം, ഗുവാഹത്തി, വാരണാസി, ലഖ്നൗ, പട്ന, ചണ്ഡീഗഢ്, ജമ്മു, അമൃത്സർ തുടങ്ങിയ പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് റോഡ് മാർഗവും ഉള്ളി എത്തിക്കുന്നുണ്ട്. വിപണിയിലെ ആവശ്യത്തിനനുസരിച്ച് കരുതൽ ഉള്ളി സമയബന്ധിതമായി എത്തിക്കാൻ ഈ സംയോജിത ഗതാഗത സംവിധാനം സഹായിക്കും.
കയറ്റുമതിയും ശക്തം; 579 കേന്ദ്രങ്ങളിൽ ദിവസേന വില നിരീക്ഷണം
രാജ്യത്തെ ഉള്ളി കയറ്റുമതിയും ശക്തമായി തുടരുകയാണ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെ ഏകദേശം 3.82 ലക്ഷം മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്തു. മലേഷ്യ, ശ്രീലങ്ക, യുഎഇ, നേപ്പാൾ എന്നിവയാണ് പ്രധാന വിപണികൾ. രാജ്യത്തിനുള്ളിൽ ഉള്ളിയുടെ ലഭ്യത തൃപ്തികരമാണെന്നതിന്റെ സൂചനയായാണ് ഈ കയറ്റുമതി കണക്കുകളെ സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഉള്ളി ഉൾപ്പെടെ 41 അവശ്യവസ്തുക്കളുടെ വില ഉപഭോക്തൃകാര്യ വകുപ്പ് രാജ്യത്തെ 579 കേന്ദ്രങ്ങളിൽ ദിവസേന നിരീക്ഷിക്കുന്നുണ്ട്. വിപണിയിലെ വിലനിലവാരം, ചരക്കിന്റെ വരവ്, ആവശ്യകത എന്നിവ പരിശോധിച്ചാണ് കരുതൽ ശേഖരത്തിൽ നിന്ന് എത്ര ഉള്ളി എവിടേക്ക് നൽകണമെന്ന് തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളിലെ ഉള്ളിവില, വരവ്, ലഭ്യത എന്നിവ സർക്കാർ നിരന്തരം നിരീക്ഷിക്കും. ആവശ്യമായിടത്ത് കൂടുതൽ ഇടപെടലുകൾ നടത്തുമെന്നും അനാവശ്യ വിലവർധന തടയുമെന്നും സർക്കാർ അറിയിച്ചു.
തക്കാളിയും ഉരുളക്കിഴങ്ങും ഉൾപ്പെടെ പ്രധാന വിലകൾ സ്ഥിരം
തുവരപ്പരിപ്പ്, കടല, മസൂർ പരിപ്പ്, ഉഴുന്ന്, ചെറുപയർ എന്നിവയുടെയും തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യ പച്ചക്കറികളുടെയും വില നിലവിൽ സ്ഥിരമായ പരിധിയിലാണ്.
ഓഗസ്റ്റ് 26ലെ അഖിലേന്ത്യാ ശരാശരി ചില്ലറവില പ്രകാരം തക്കാളിക്ക് കിലോയ്ക്ക് 38 രൂപ 33 പൈസയും ഉരുളക്കിഴങ്ങിന് 22 രൂപ 63 പൈസയും കടലപ്പരിപ്പിന് 86 രൂപ 71 പൈസയുമാണ്. ആട്ടയ്ക്ക് കിലോയ്ക്ക് 40 രൂപ 48 പൈസയും തുവരപ്പരിപ്പിന് 123 രൂപ 30 പൈസയുമാണ് വില. പാലിന് ലിറ്ററിന് 60 രൂപ 82 പൈസയും ഉള്ളിക്ക് കിലോയ്ക്ക് 37 രൂപ 87 പൈസയുമാണ് ശരാശരി ചില്ലറവില. തക്കാളി, ഉരുളക്കിഴങ്ങ്, കടലപ്പരിപ്പ് എന്നിവയുടെ വില ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ കുറവാണ്.
കർഷകർക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ താൽപര്യവും സംരക്ഷിക്കുന്ന സന്തുലിതമായ വിലസ്ഥിരതാ സമീപനം തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഉള്ളിവില, വിപണിയിലേക്കുള്ള വരവ്, ലഭ്യത, ആവശ്യകത എന്നിവ തുടർച്ചയായി നിരീക്ഷിക്കും. വിപണി സാഹചര്യത്തിനനുസരിച്ച് കരുതൽ ശേഖരത്തിൽ നിന്നുള്ള വിതരണത്തിന്റെ അളവും മേഖലകളും വിതരണ മാർഗങ്ങളും ക്രമീകരിക്കും.