ഡൽഹി / 2026 / ഓഗസ്റ്റ് 8
ഇ20 പെട്രോളിൽ ഈർപ്പവും ക്ലോറൈഡും ഉണ്ടെന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ ഇന്ധന വിതരണ ശൃംഖലയിലും എണ്ണ വിപണന കമ്പനികൾ അധിക പരിശോധന നടത്തി. പെട്രോളിന്റെ ഗുണനിലവാരം നിശ്ചയിച്ച പരിധിക്കുള്ളിലാണെന്നാണ് പരിശോധനാഫലം. 500 പി.പി.എം വരെ ക്ലോറൈഡ് ഉണ്ടെന്നും ഇന്ധനത്തിൽ ഈർപ്പം ഉണ്ടെന്നും ഉയർന്ന വാദങ്ങൾ ശാസ്ത്രീയ പരിശോധനകളിൽ സ്ഥിരീകരിച്ചില്ല. ഇന്ധന മലിനീകരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനികൾ അറിയിച്ചു.
വിതരണ ശൃംഖലയിലുടനീളം പരിശോധന
ഇന്ധനത്തിന്റെ ഗുണനിലവാരത്തിന് ഏറ്റവും ഉയർന്ന മുൻഗണനയാണ് നൽകുന്നതെന്ന് എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കി. വാഹനങ്ങളുടെ പ്രവർത്തനത്തെയോ ഉപഭോക്താക്കളുടെ വിശ്വാസത്തെയോ ബാധിക്കാവുന്ന പ്രശ്നങ്ങൾ ഉണ്ടായാൽ ശാസ്ത്രീയ പരിശോധനയും തിരുത്തൽ നടപടികളും ഉടൻ സ്വീകരിക്കുമെന്നും അറിയിച്ചു. പെട്രോളിൽ കലർത്തുന്ന എഥനോളിലെ ക്ലോറൈഡിന് കേന്ദ്ര സർക്കാർ കർശന പരിധി നിശ്ചയിച്ചിട്ടുണ്ട്. റിഫൈനറികൾ, ഡിസ്റ്റിലറികൾ, ഡിപ്പോകൾ, ടെർമിനലുകൾ, ചില്ലറ വിൽപ്പനശാലകൾ എന്നിവിടങ്ങളിലെല്ലാം തുടർച്ചയായ നിരീക്ഷണവും നടക്കുന്നുണ്ട്.
ദിവസവും എട്ട് മുതൽ പന്ത്രണ്ട് വരെ പരിശോധന
നിലവിലുള്ള ഗുണനിലവാര പരിശോധനകൾക്ക് പുറമെ എല്ലാ ചില്ലറ വിൽപ്പനശാലകളിലും വെള്ളം കയറുന്നുണ്ടോയെന്നും ഇന്ധനത്തിന്റെ സാന്ദ്രതയിലും ദിവസവും എട്ട് മുതൽ പന്ത്രണ്ട് തവണ വരെ പരിശോധന നടത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ഇന്ധന ഗുണനിലവാര പരിശോധനാ ലബോറട്ടറികളും വിന്യസിച്ചിട്ടുണ്ട്. പരിശോധനാഫലങ്ങൾ സ്വതന്ത്ര ഇന്ധന ലബോറട്ടറികളിലും സ്ഥിരീകരിക്കുന്നുണ്ട്. വിതരണ ശൃംഖലയിലെ ഈ പരിശോധനകളെല്ലാം ഇന്ധനം നിശ്ചിത നിലവാരം പാലിക്കുന്നതായി വ്യക്തമാക്കിയെന്ന് കമ്പനികൾ അറിയിച്ചു.
റിഫൈനറി സാമ്പിളുകളിൽ ക്ലോറൈഡ് ഒരു പി.പി.എമ്മിൽ താഴെ
വിവിധ റിഫൈനറികളിൽ നിന്ന് ക്രമരഹിതമായി തെരഞ്ഞെടുത്ത നൂറിലധികം പെട്രോൾ സാമ്പിളുകളിൽ ക്ലോറൈഡ് ഒരു പി.പി.എം അല്ലെങ്കിൽ അതിൽ താഴെയായിരുന്നു. ഇന്ത്യയിലെ റിഫൈനിങ്, ഇന്ധന അയയ്ക്കൽ സംവിധാനങ്ങളിലെ ഗുണനിലവാര പരിശോധനകൾ ഫലപ്രദമാണെന്നതിന് ഇത് തെളിവാണെന്ന് റിപ്പോർട്ട് പറയുന്നു. ഡിസ്റ്റിലറികളിൽ നിന്ന് ലഭിക്കുന്ന ശുദ്ധ എഥനോളിലും ക്ലോറൈഡ് നിശ്ചിത പരിധിയേക്കാൾ വളരെ താഴെയായിരുന്നു. എണ്ണ വിപണന കമ്പനികളും ഹൈഡ്രോകാർബൺ സാങ്കേതിക കേന്ദ്രവും ഉൾപ്പെട്ട പ്രത്യേക സംഘം കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെ 80 ഡിസ്റ്റിലറികളിലെ എഥനോൾ പരിശോധിച്ചു. എല്ലാ സാമ്പിളുകളിലും ക്ലോറൈഡ് മൂന്ന് പി.പി.എമ്മിൽ താഴെയായിരുന്നു.
വിൽപ്പനശാലകളിൽ നാല് ഒറ്റപ്പെട്ട വ്യതിയാനങ്ങൾ
ഡിപ്പോകളിലും ടെർമിനലുകളിലും പരിശോധിച്ച എഥനോൾ, ഇ20 സാമ്പിളുകൾ നിശ്ചിത ക്ലോറൈഡ് പരിധി പാലിച്ചു. വിവിധ എണ്ണ വിപണന കമ്പനികളുടെ ടെർമിനലുകളിൽ നിന്ന് ശേഖരിച്ച 80-ലധികം സാമ്പിളുകളിൽ ക്ലോറൈഡ് മൂന്ന് പി.പി.എമ്മിൽ താഴെയായിരുന്നു. ആയിരത്തിലധികം ചില്ലറ വിൽപ്പനശാലാ സാമ്പിളുകൾ ഉൾപ്പെടുത്തിയ ശക്തമായ നിരീക്ഷണത്തിന്റെ ഭാഗമായി ലഭിച്ച 160 പരിശോധനാഫലങ്ങളിൽ ക്ലോറൈഡ് പൂജ്യം മുതൽ മൂന്ന് പി.പി.എം വരെയായിരുന്നു. എന്നാൽ നാല് ഒറ്റപ്പെട്ട കേസുകളിൽ ഉയർന്ന ക്ലോറൈഡ് കണ്ടെത്തി. അവിടങ്ങളിലെ വിതരണം ഉടൻ നിർത്തി. കാരണം കണ്ടെത്തിയ ശേഷം ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചാണ് വിതരണം പുനരാരംഭിച്ചത്.
90,000 വിൽപ്പനശാലകളിൽ ഭൂഗർഭ ടാങ്ക് പരിശോധന
ഏകദേശം 90,000 ചില്ലറ വിൽപ്പനശാലകളിൽ ഭൂഗർഭ സംഭരണ ടാങ്കുകളുടെ നിർബന്ധിത പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസവും എട്ട് മുതൽ പന്ത്രണ്ട് തവണ വരെ ടാങ്കുകൾ പരിശോധിച്ചെങ്കിലും ഇതുവരെ വെള്ളം കയറിയതായി കണ്ടെത്തിയിട്ടില്ല. പരിശോധനകളുടെ പട്ടിക ഹൈഡ്രോകാർബൺ സാങ്കേതിക കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനാഫലങ്ങൾ ലഭിക്കുന്നതനുസരിച്ച് വിവരങ്ങൾ പുതുക്കും. ഇ20 പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാമെന്നും എണ്ണ വിപണന കമ്പനികൾ അറിയിച്ചു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.