കൊൽക്കത്ത (പശ്ചിമ ബംഗാൾ), 2026 ജൂലൈ 13
കൃഷി, കർഷകക്ഷേമം, ഗ്രാമീണ അടിസ്ഥാനസൗകര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര കൃഷി-കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ജൂലൈ 13, 14 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി അദ്ദേഹം ഉന്നതതല ചർച്ച നടത്തും. ചണകർഷകർ, കാർഷിക ശാസ്ത്രജ്ഞർ, സ്വയംസഹായ സംഘങ്ങളിലെ വനിതകൾ എന്നിവരുമായും മന്ത്രി നേരിട്ട് സംസാരിക്കും. കേന്ദ്ര-സംസ്ഥാന സഹകരണം ശക്തമാക്കി കൃഷിയുടെയും ഗ്രാമവികസനത്തിന്റെയും വളർച്ച വേഗത്തിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയുടെ വസതിയിൽ അത്താഴ ചർച്ച
ജൂലൈ 13 വൈകുന്നേരം കൊൽക്കത്തയിലെത്തുന്ന ശിവരാജ് സിങ് ചൗഹാൻ നേരിട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകും. തുടർന്ന് നടക്കുന്ന അത്താഴ ചർച്ചയിൽ കൃഷി, കർഷകക്ഷേമ പദ്ധതികൾ, ഗ്രാമീണ റോഡുകൾ, ഭവനനിർമാണം, തൊഴിലവസരങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർന്നുവരും. ഈ മേഖലകളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളും പരിശോധിക്കും.
പ്രധാന പദ്ധതികൾ വിശദമായി വിലയിരുത്തും
ജൂലൈ 14ന് കൊൽക്കത്തയിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിലാണ് ഉന്നതതല അവലോകനയോഗം. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കേന്ദ്രമന്ത്രിക്കൊപ്പം കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ എന്നിവയിലെ ഉദ്യോഗസ്ഥരുമുണ്ടാകും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി, പ്രധാനമന്ത്രി ധൻധാന്യ കൃഷി പദ്ധതി, മിനിമം താങ്ങുവില നടപടികൾ, വികസിത ഭാരത് ഗ്രാമീണ തൊഴിലുറപ്പ്-ഉപജീവന ദൗത്യം, ഗ്രാമീണ റോഡ്-ഭവന പദ്ധതികൾ എന്നിവയുടെ പുരോഗതി കേന്ദ്രസംഘം അവതരിപ്പിക്കും. പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് അനുവദിച്ച പണത്തിന്റെ വിവരങ്ങളും വിലയിരുത്തും. സംസ്ഥാനത്തെ കാർഷിക വളർച്ചയും ഗ്രാമവികസനവും വേഗത്തിലാക്കാനുള്ള ഭാവിപദ്ധതിയും ചർച്ച ചെയ്യും.
ചണകർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും
ഉച്ചയ്ക്കുശേഷം ബാരക്പൂരിലെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള ചണ-അനുബന്ധ നാരുകളുടെ കേന്ദ്ര ഗവേഷണ സ്ഥാപനവും മന്ത്രി സന്ദർശിക്കും. ചണകർഷകരുമായും സ്വയംസഹായ സംഘങ്ങളിലെ വനിതകളുമായും അദ്ദേഹം ആശയവിനിമയം നടത്തും.
ചണം വെള്ളത്തിലിട്ട് സംസ്കരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, ജലലഭ്യത, കീട-രോഗ നിയന്ത്രണം, ഉൽപാദനച്ചെലവ്, വിപണിവില തുടങ്ങിയ പ്രശ്നങ്ങൾ കർഷകരിൽനിന്ന് മന്ത്രി നേരിട്ട് കേൾക്കും. ചണത്തിന്റെ ഉൽപാദനം മുതൽ വിൽപ്പനവരെയുള്ള മൂല്യശൃംഖലയിൽ കർഷകർക്ക് കൂടുതൽ വരുമാനവിഹിതം ഉറപ്പാക്കാനുള്ള നടപടികളും ചർച്ച ചെയ്യും.
പുതിയ ഇനങ്ങളും ആധുനിക രീതികളും പരിചയപ്പെടുത്തും
ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ മെച്ചപ്പെട്ട ചണയിനങ്ങൾ പരിചയപ്പെടുത്തും. ചണം സംസ്കരിക്കുന്നതിനുള്ള ആധുനിക രീതികൾ, ജലസംരക്ഷണ മാർഗങ്ങൾ, ലളിതമായ സംസ്കരണ-വിപണന സാങ്കേതികവിദ്യകൾ എന്നിവയും പ്രദർശിപ്പിക്കും.
ചണത്തിൽനിന്നുള്ള വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നതിനും അവയ്ക്ക് മൂല്യവർധന വരുത്തുന്നതിനുമുള്ള അവസരങ്ങൾ സ്വയംസഹായ സംഘങ്ങളിലെ വനിതകൾക്ക് വിശദീകരിക്കും. ഗ്രാമീണ സംരംഭകത്വം വളർത്തുക, കുടുംബവരുമാനം വർധിപ്പിക്കുക, ഗ്രാമങ്ങളിൽ സ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
കൃഷിക്ക് മുൻഗണനയെന്ന് കേന്ദ്രം
സംസ്ഥാന നേതൃത്വവുമായി നടത്തുന്ന ഉന്നതതല കൂടിയാലോചനയും ചണമേഖലയിലെ കർഷകരുമായുള്ള നേരിട്ടുള്ള ആശയവിനിമയവും സന്ദർശനത്തിന്റെ പ്രധാന ഭാഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാളിലെ കൃഷിക്കും ഗ്രാമവികസനത്തിനും നയപരമായ മുൻഗണന നൽകാനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സന്ദർശനം വ്യക്തമാക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.