ന്യൂഡൽഹി, 2026 ജൂലൈ 3-
രാജ്യത്ത് അത്യാധുനിക സെൽ, ജീൻ ചികിത്സകൾക്ക് ഏകീകൃത നിയന്ത്രണം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ 1945-ലെ ഡ്രഗ്സ് റൂൾസ് ഭേദഗതി ചെയ്തു. പുതിയ ഭേദഗതി പ്രകാരം സെൽ/സ്റ്റം സെൽ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ജീൻ തെറാപ്പി ഉൽപ്പന്നങ്ങൾ തുടങ്ങിയവയെ സെൻട്രൽ ലൈസൻസിംഗ് അപ്രൂവിംഗ് അതോറിറ്റിയുടെ (CLAA) ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്നു.
അത്യാധുനിക ചികിത്സകൾക്ക് കർശന നിരീക്ഷണം
രക്താർബുദങ്ങളായ ലുക്കീമിയ, ലിംഫോമ എന്നിവയുടെ ചികിത്സയ്ക്കായി സ്റ്റം സെൽ അധിഷ്ഠിത പുനരുജ്ജീവന ചികിത്സകളും കാർ-ടി (CAR-T) സെൽ തെറാപ്പികളും നിലവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ, ജനിതക രോഗങ്ങൾക്കും വിവിധയിനം കാൻസറുകൾക്കുമുള്ള ചികിത്സയ്ക്കായി ജീൻ റിപ്ലേസ്മെന്റ്, ജീൻ എഡിറ്റിംഗ് ഉൽപ്പന്നങ്ങളും പ്രയോജനപ്പെടുത്തുന്നു. സങ്കീർണവും ദ്രുതഗതിയിൽ മാറ്റങ്ങൾക്ക് വിധേയമാകുന്നതുമായ ഈ സാങ്കേതികവിദ്യകളിൽ രോഗികളുടെ സുരക്ഷ മുൻനിർത്തി കർശന നിയന്ത്രണം അനിവാര്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കേന്ദ്ര-സംസ്ഥാന സംയുക്ത മേൽനോട്ടം
ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിലവിൽ വാക്സിനുകൾ, ലാർജ് വോള്യം പാരന്ററലുകൾ, ആർ-ഡി.എൻ.എ (r-DNA) അധിഷ്ഠിത മരുന്നുകൾ തുടങ്ങിയ നിർണായക ജൈവ ഉൽപ്പന്നങ്ങൾ കേന്ദ്ര-സംസ്ഥാന സംയുക്ത നിയന്ത്രണത്തിലാണ്. പുതിയ ഭേദഗതിയോടെ, ഉയർന്നുവരുന്ന അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യകളെക്കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ കേന്ദ്ര, സംസ്ഥാന ലൈസൻസിംഗ് അതോറിറ്റികൾ സംയുക്തമായി ഈ മേഖലയിൽ മേൽനോട്ടം വഹിക്കും. രാജ്യത്തുടനീളം നിയന്ത്രണ മാനദണ്ഡങ്ങളിൽ ഏകീകൃതത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രോഗി സുരക്ഷയും മെഡിക്കൽ നവീകരണവും ലക്ഷ്യം
മൃഗങ്ങളുടെ കോശങ്ങളിൽ നിന്നുത്പാദിപ്പിക്കുന്ന സെനോഗ്രാഫ്റ്റ് (Xenograft) ഉൽപ്പന്നങ്ങളും പുതിയ ഭേദഗതിയുടെ പരിധിയിൽ വരും. മനുഷ്യരിൽ മാറ്റിവയ്ക്കാവുന്ന ഹൃദയ വാൽവുകൾ ഉൾപ്പെടെയുള്ളവ കാർഡിയോളജി, ഓർത്തോപീഡിക്സ് മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ്.
പുതിയ ഭേദഗതി ഇന്ത്യയുടെ നിയന്ത്രണ സംവിധാനങ്ങളെ ആഗോളതലത്തിലെ മികച്ച മാതൃകകൾക്കും ശാസ്ത്രീയ പുരോഗതിക്കും അനുസൃതമായി ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യം മുൻനിർത്തിയുള്ള സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ, ആരോഗ്യ-ലൈഫ് സയൻസ് മേഖലകളിലെ സുപ്രധാന സാങ്കേതിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ നടപടി സഹായിക്കും.