പ്രധാന വിവരങ്ങൾ
- മമത വിഭാഗം പുതിയ പരാതി നൽകി.
- തൃണമൂൽ പേരും ചിഹ്നവും അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം.
- റിതബ്രത ബാനർജി ആരോപണങ്ങൾ തള്ളി.
- ജൂൺ 22-ലെ വിമത സമ്മേളനത്തിന് പിന്നാലെയാണ് പോര് കടുത്തത്.
കൊൽക്കത്ത, ജൂലൈ 3-
തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും തെരുവിലേക്ക്. പാർട്ടിയുടെ പേര്, ഔദ്യോഗിക ചിഹ്നം, സംഘടനാ പദവികൾ എന്നിവ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് മമത ബാനർജി വിഭാഗം വിമതർക്കെതിരെ വീണ്ടും പൊലീസിനെ സമീപിച്ചു. കൊൽക്കത്തയിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലും കൊൽക്കത്ത പൊലീസിന്റെ സൈബർ ക്രൈം വിഭാഗത്തിലുമാണ് ഇതുസംബന്ധിച്ച പരാതികൾ നൽകിയിട്ടുള്ളത്. ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്.
റിതബ്രത വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോളാ സെൻ
മമത വിഭാഗത്തിന് വേണ്ടി തൃണമൂൽ കോൺഗ്രസ് ജോയിന്റ് നാഷണൽ സെക്രട്ടറി ഡോളാ സെന്നാണ് പരാതി നൽകിയത്. വിമത നേതാവ് റിതബ്രത ബാനർജി, മുൻമന്ത്രി അരൂപ് റോയ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, ബിപ്ലബ് മിത്ര എന്നിവർക്കെതിരെയാണ് പരാതി. പാർട്ടി നേതൃത്വത്തിന്റെ യാതൊരുവിധ അനുമതിയും കൂടാതെ, തൃണമൂൽ കോൺഗ്രസിന്റെ ഭാരവാഹികളായി സ്വയം ചമഞ്ഞ് ഇവർ സമാന്തര സംഘടന നടത്താൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. അണികളിലും അനുയായികളിലും ആശയക്കുഴപ്പം സൃഷ്ടിക്കാനും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാനുമാണ് ഇവരുടെ ശ്രമമെന്നും മമത പക്ഷം ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കടുത്ത ഭിന്നത
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂലിൽ ആരംഭിച്ച ആഭ്യന്തര കലഹമാണ് ഇപ്പോൾ കടുത്ത നിയമനടപടികളിലേക്ക് നീങ്ങുന്നത്. ജൂൺ 22-ന് ന്യൂ ടൗണിലെ ആഡംബര ഹോട്ടലിൽ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത വിമതർ, മമത ബാനർജിയെയും അഭിഷേക് ബാനർജിയെയും ഒഴിവാക്കി പുതിയ ദേശീയ പ്രവർത്തക സമിതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ടോപ്സിയയിലും റിതബ്രത വിഭാഗം യോഗം ചേർന്നു. ഈ യോഗങ്ങളിലെല്ലാം തൃണമൂലിന്റെ ഔദ്യോഗിക പേരും ‘ഇരട്ടപ്പൂവ്’ ചിഹ്നവും ഉപയോഗിച്ചതാണ് മമത പക്ഷത്തെ ചൊടിപ്പിച്ചത്.
അതേസമയം, തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ റിതബ്രത ബാനർജി തള്ളി. രാജ്യത്ത് നിയമവും ഭരണഘടനയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉണ്ടെന്നും അതിൽ പൂർണ്ണ വിശ്വാസമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

