രാജ്യത്തെ ഹെലികോപ്റ്റർ സർവീസുകളുടെ ചരിത്രത്തിൽ നിർണായക വഴിത്തിരിവായി പുതിയ സാങ്കേതികവിദ്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകി. ആന്ധ്രാപ്രദേശിലെ ഉണ്ഡവല്ലി ഹെലിപോർട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് പിൻ പോയിന്റ് ഇൻ സ്പേസ് അഥവാ പിൻഎസ് ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജറിന് അംഗീകാരം ലഭിച്ചത്. മോശം കാലാവസ്ഥയിലും ഹെലികോപ്റ്ററുകൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ പുത്തൻ സംവിധാനം.
വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ ചരിത്രനേട്ടം രാജ്യം സ്വന്തമാക്കിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഈ പുതിയ സംവിധാനത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൃത്യമായ മാനദണ്ഡങ്ങൾ പരിശോധിച്ച് അനുമതി നൽകുകയായിരുന്നു. അത്യാധുനിക സാറ്റലൈറ്റ് അധിഷ്ഠിത നാവിഗേഷൻ ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ലാൻഡിങ് സംവിധാനങ്ങൾ ഇല്ലാത്ത ഹെലിപോർട്ടുകളിലും ഇനി കൃത്യതയോടെ സർവീസ് നടത്താൻ സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതിക നേതൃത്വത്തിന് കീഴിൽ കഴിഞ്ഞ ആഴ്ച വാണിജ്യ വിമാനങ്ങൾക്കായി തദ്ദേശീയമായ ഗഗൻ അധിഷ്ഠിത പ്രിസിഷൻ അപ്രോച്ച് രാജ്യം വിജയകരമായി പരീക്ഷിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ പുതിയ നേട്ടം. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ഈ സംവിധാനം നടപ്പിലാക്കുന്നതോടെ ദുരന്തനിവാരണം, അടിയന്തര ആരോഗ്യ സേവനങ്ങൾ, വിനോദസഞ്ചാരം, തീർത്ഥാടനം എന്നിവയ്ക്ക് വലിയ തോതിൽ വേഗത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.