പ്രധാന വിവരങ്ങൾ
- മുത്തങ്ങയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി.
- 12 വയസുള്ള പെൺകടുവയാണ് പിടിയിലായത്.
- കടുവയുടെ പിൻകാലിന് പരിക്കുണ്ട്..
- ചികിത്സയ്ക്കായി കടുവയെ കുപ്പാടിയിലേക്ക് മാറ്റി.

News Portal

സുൽത്താൻ ബത്തേരി, 2026 ജൂൺ 24 –
മുത്തങ്ങ ചിറമൂല മേഖലയിൽ കഴിഞ്ഞ രണ്ട് മാസമായി ഭീതി പരത്തിയിരുന്ന കടുവയെ വനംവകുപ്പ് കൂട്ടിലാക്കി. ഉന്നതിക്ക് സമീപം വനാതിർത്തിയിലെ മാങ്ങാമൂല വയലിൽ സ്ഥാപിച്ച കൂട്ടിലാണ് 12 വയസുള്ള പെൺകടുവ കുടുങ്ങിയത്. രാവിലെ 11.45ഓടെയായിരുന്നു സംഭവം.
പിടിയിലായ കടുവയുടെ പിൻകാലിന് പരിക്കുണ്ട്. കൂടാതെ മൂന്ന് പല്ലുകളും നഷ്ടപ്പെട്ട നിലയിലാണ്. വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കടുവയെ കുപ്പാടി അനിമൽ ഹോസ്പീസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചിറമൂല, കോളൂർ ഉന്നതി മേഖലകളിലായി ഒമ്പത് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നിരവധി ആടുകളും ഇരയായി. പകൽ സമയങ്ങളിൽ പോലും കടുവയെ കണ്ടതോടെ നാട്ടുകാർ വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. സമീപത്തുള്ള മുത്തങ്ങ ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികളുടെ സുരക്ഷയിലും രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷികളും പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനുള്ള നടപടി സ്വീകരിച്ചത്.