ന്യൂഡൽഹി, 2026 ജൂൺ 24
പ്രതിരോധ വിവര സാങ്കേതിക ഉപദേശക സമിതിയുടെ പതിനഞ്ചാം യോഗം ജൂൺ 23ന് ന്യൂഡൽഹിയിൽ ചേർന്നു. പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് അധ്യക്ഷത വഹിച്ച യോഗം സംയോജിത പ്രതിരോധ സ്റ്റാഫ് ആസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു. വിവരസാങ്കേതിക രംഗത്തെ സ്വയംപര്യാപ്തതയ്ക്കും അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ സ്വീകരിക്കുന്നതിനുമാണ് യോഗം പ്രധാന ഊന്നൽ നൽകിയത്.
യുദ്ധരീതികളിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ സേനകളിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന നയതീരുമാനങ്ങൾ വിദഗ്ധർ ചർച്ച ചെയ്തു. അത്യാധുനിക ചിപ്പ് നിർമാണത്തിന്റെ സ്വദേശിവൽക്കരണം, സ്വതന്ത്ര പ്രവർത്തന സംവിധാനം വികസിപ്പിക്കൽ, വിവരശേഖരണ സംവിധാനം വികസിപ്പിക്കൽ, പ്രതിരോധ ആവശ്യങ്ങൾക്കായുള്ള വിവരകേന്ദ്രങ്ങളുടെ തന്ത്രപ്രധാനമായ സ്ഥാനം കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ പരിഗണിച്ചു. പ്രതിരോധ സേനകൾക്കും രാജ്യത്തിന്റെ സാങ്കേതിക വികസനത്തിനും ദീർഘകാല പ്രയോജനം നൽകുന്ന പദ്ധതികൾക്കും സമിതി അനുമതി നൽകി.
സംയോജിത പ്രതിരോധ സ്റ്റാഫ് ആസ്ഥാനം, കരസേന, നാവികസേന, വ്യോമസേന, പ്രതിരോധ ഗവേഷണ വികസന സ്ഥാപനം, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും അക്കാദമിക്, വ്യവസായ മേഖലകളിലെ പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിനൊപ്പമുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.