പ്രധാന വിവരങ്ങൾ
- മിന്നൽ രക്ഷാചാലക മോഷണക്കേസിൽ രണ്ട് പേർ അറസ്റ്റിൽ.
- ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് 40 കിലോ ചെമ്പ് മോഷ്ടിച്ചു.
- മോഷണവസ്തു ആലുവയിലെ ആക്രിക്കടയിൽ വിറ്റു.
- സമാന മോഷണങ്ങൾ പല ജില്ലകളിലും നടത്തിയതായി സംശയം.
- പ്രതികളെ റിമാൻഡ് ചെയ്തു.

News Portal

തൊടുപുഴ, 2026 ജൂൺ 20 –
തൊടുപുഴ നഗരമധ്യത്തിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാചാലകം മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശി മുഹമ്മദ് ഷാരൂഖ്(29), ആലുവ സ്വദേശി ശിവപ്രസാദ്(60) എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന അബ്ദുള്ള(28) പൊലീസിനെ കണ്ട് രക്ഷപ്പെട്ടു. ഒരാഴ്ച മുമ്പ് രണ്ട് ദിവസങ്ങളിലായി ടെലിഫോൺ എക്സ്ചേഞ്ചിലെ മിന്നൽ രക്ഷാചാലകത്തിന്റെ വിവിധ ഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു.
മിന്നൽ രക്ഷാചാലകത്തിന്റെ താഴ്ഭാഗത്തെ ചെമ്പ് പാളികൾ ആദ്യം മോഷ്ടിച്ച സംഘം പിന്നീട് മുകൾഭാഗവും കടത്തിക്കൊണ്ടുപോയി. ഏകദേശം 40 കിലോ ചെമ്പാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ചെമ്പ് ആലുവയിലെ ആക്രിക്കടയിൽ എത്തിച്ച് വിറ്റതായും അന്വേഷണത്തിൽ കണ്ടെത്തി. കിലോയ്ക്ക് 800 രൂപ നിരക്കിൽ വാങ്ങിയ ചെമ്പ് പിന്നീട് കിലോയ്ക്ക് 1100 രൂപയ്ക്ക് മറിച്ചുവിറ്റതായും പൊലീസ് പറഞ്ഞു. പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിൽ താമസിക്കുന്നവരാണ് പ്രതികൾ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന മോഷണങ്ങൾ നടത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കോതമംഗലം, പിറവം, പുത്തൻകുരിശ്, അങ്കമാലി എന്നിവിടങ്ങളിലെ ടെലിഫോൺ എക്സ്ചേഞ്ചുകളിലും സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് അങ്കമാലിയിൽ നിന്ന് പ്രതികളെ പൊലീസ് സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മുട്ടം സബ് ജയിലിൽ റിമാൻഡ് ചെയ്തു.