ന്യൂഡൽഹി, 2026 ജൂൺ 16 –
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ എല്ലാ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും തുരുമ്പിച്ചതോ കേടായതോ ആയ കത്തികൾ, ബ്ലേഡുകൾ, മുറിക്കൽ ഉപകരണങ്ങൾ എന്നിവ ഉടൻ മാറ്റി സ്ഥാപിക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റിയായ എഫ്എസ്എസ്എഐ (FSSAI) നിർദേശം നൽകി. ഭക്ഷ്യസംസ്കരണം, മുറിക്കൽ, പാക്കേജിങ്, സംഭരണം തുടങ്ങിയ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഭക്ഷ്യനിലവാരമുള്ളതും തുരുമ്പ് പിടിക്കാത്തതുമായ വസ്തുക്കളിൽ നിർമിച്ചതായിരിക്കണമെന്ന് അതോറിറ്റി പുറത്തിറക്കിയ പുതിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.
മലിനീകരണ ഭീഷണിയാണ് നടപടിക്ക് കാരണം
ചില ഭക്ഷ്യസ്ഥാപനങ്ങൾ തുരുമ്പിച്ചതും പൊട്ടലുള്ളതും പെയിന്റ് ഇളകിയതും കേടായതുമായ കത്തികളും ബ്ലേഡുകളും ഇപ്പോഴും ഉപയോഗിക്കുന്നതായി എഫ്എസ്എസ്എഐയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം ഉപകരണങ്ങൾ ഭക്ഷണത്തിൽ ഭൗതിക, രാസ, സൂക്ഷ്മാണു മലിനീകരണത്തിന് കാരണമാകാമെന്നും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകാമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
നാല് പ്രധാന നിർദേശങ്ങൾ
ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾ ഭക്ഷ്യനിലവാരമുള്ളതും തുരുമ്പ് പ്രതിരോധ ശേഷിയുള്ളതുമായ കത്തികളും ബ്ലേഡുകളും മാത്രം ഉപയോഗിക്കണം. നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ തുരുമ്പ്, പൊട്ടൽ, വിള്ളൽ, പെയിന്റ് ഇളക്കം തുടങ്ങിയ കേടുപാടുകളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കണം. തുരുമ്പിച്ചതോ കേടായതോ ആയ ഉപകരണങ്ങൾ ഉടൻ ഉപയോഗത്തിൽ നിന്ന് മാറ്റി പുതിയത് സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത ഇടവേളകളിൽ ശുചീകരണം, അണുനശീകരണം, സ്റ്റെറിലൈസേഷൻ എന്നിവയും നിർബന്ധമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് കർശന നിരീക്ഷണ നിർദേശം
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ കമ്മിഷണർമാർക്കും ഫുഡ് സേഫ്റ്റി ഓഫീസർമാർക്കും പരിശോധനകളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ എഫ്എസ്എസ്എഐ നിർദേശം നൽകി. നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ മാസം ഭക്ഷ്യപാക്കറ്റുകളിൽ മെറ്റൽ സ്റ്റാപ്പിൾ പിനുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ നടപടി.