കോഴിക്കോട്, 2026 ജൂൺ 15 –
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവായ ജിതിൻ ഭാസ്കറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗമായ ജിതിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ നേരത്തെയും ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം, തെളിവ് നശിപ്പിക്കൽ, പ്രേരണ കുറ്റം എന്നീ വകുപ്പുകളാണ് ജിതിൻ ഭാസ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം വ്യാപക അന്വേഷണം തുടരുകയാണ്.
വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിവാദ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്ക്രീൻഷോട്ട് ലഭിച്ചതും ഈ ഗ്രൂപ്പിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ സ്ക്രീൻഷോട്ടിന്റെ പ്രഭവകേന്ദ്രം ഈ ഗ്രൂപ്പാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.