തിരുവനന്തപുരം, 2026 ജൂൺ 13 –
നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. നിപയെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്നും നിലവിലെ സ്ഥിതി വളരെ ശോചനീയമാണെന്നും അദ്ദേഹം ആരോപിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആവശ്യമായ ജാഗ്രതയും ഇടപെടലും ഉണ്ടായില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
സർക്കാരും ആരോഗ്യവകുപ്പും തമ്മിൽ ഏകോപനമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ മന്ത്രി നേരിട്ട് എത്തുകയോ ആവശ്യമായ രീതിയിൽ ഇടപെടുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയോടെയും ഏകോപനത്തോടെയും പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ദേവസ്വം പ്ലീഡർ നിയമന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ദേവസ്വം പ്ലീഡറുടെ നിയമനം വിചിത്രമാണെന്ന് വിശേഷിപ്പിച്ച പിണറായി വിജയൻ, ദേവസ്വം മന്ത്രിയുടെ അറിവില്ലാതെ എങ്ങനെയാണ് ഇത്തരമൊരു നിയമനം നടന്നതെന്ന് ചോദിച്ചു. കള്ളന് ചൂട്ട് പിടിക്കുന്നതുപോലെയുള്ള നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.